Monday, November 25, 2024
Homeഅമേരിക്കഗന്ധർവ്വ ഗായകൻ യേശുദാസ് നാലു വർഷങ്ങൾക്ക് ശേഷം സംഗീത ലോകത്തു സജീവമാകുന്നു

ഗന്ധർവ്വ ഗായകൻ യേശുദാസ് നാലു വർഷങ്ങൾക്ക് ശേഷം സംഗീത ലോകത്തു സജീവമാകുന്നു

കൊച്ചി: നാലു വർഷത്തോളമായി കേരളത്തിലെ സംഗീത വേദികളിൾക്ക് നഷ്ടമായിരുന്ന ഗന്ധർവ്വനാദം ഇനി വീണ്ടും മുഴങ്ങിത്തുടങ്ങും. ഗന്ധർവ്വഗായകൻ യേശുദാസ് യുഎസ്സിൽ നിന്ന് തിരികെ എത്തുകയാണ്. നാല് വർഷത്തോളമായി യുഎസ്സിൽ തന്നെയാണ് യേശുദാസ്.

സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന സൂര്യാ ഫെസ്റ്റിവലിൽ പാട്ട് പാടുമെന്നാണ് വിവരം. തുടർന്ന് കേരളത്തിലെ സംഗീത വേദികളിൽ അദ്ദേഹം സജീവമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒക്ടോബർ 1നാണ് ഇത്തവണത്തെ സൂര്യാ ഫെസ്റ്റിവൽ തുടങ്ങുന്നത്. അന്നേദിവസം യേശുദാസിന്റെ കച്ചേരി നടക്കും.47 വർഷത്തിനിടെ ആദ്യമായി യേശുദാസിന്റെ കച്ചേരി മുടങ്ങുന്നത് ഇക്കഴിഞ്ഞ വർഷങ്ങളിലാണ്. കോവിഡ് കാലത്ത് ഫെസ്റ്റിവൽ ഉണ്ടായില്ല. പുനരാരംഭിച്ചപ്പോഴും യേശുദാസിന്റെ കച്ചേരി ഉൾപ്പെടുത്താൻ സാധിച്ചില്ല.കോവിഡ് കാലത്താണ് യേശുദാസ് യുഎസ്സിലേക്ക് പോയത്. പിന്നീട് തിരികെ വന്നില്ല.

യുഎസ്സിൽ ചില പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഭക്തി ഗാനങ്ങളായും മറ്റും ചില പാട്ടുകൾ അദ്ദേഹം പാടുകയും ചെയ്തു. പാട്ടുകൾ യുഎസ്സിലെ വീട്ടിലുള്ള തന്റെ സ്റ്റുഡിയോയിൽ തന്നെ റെക്കോർഡ് ചെയ്യുകയാണ് യേശുദാസ് ചെയ്യുന്നത്. തരംഗിണിയുടെ യൂടൂബ് ചാനലിലും മറ്റുമായി ഈ പാട്ടുകൾ അദ്ദേഹം അപ്‌ലോഡ് ചെയ്യാറുണ്ട്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഗുരുചരണം എന്ന ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യേശുദാസിന്റെ 90കളിലെ ശബ്ദം ഇപ്പോഴും അതേ കരുത്തോടെ നിലനിൽക്കുന്നുവെന്ന് ആരാധകർ ആഹ്ലാദത്തോടെ കമന്റ് ചെയ്യുന്നുണ്ട്.സൂര്യാ ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികൾക്ക് യേശുദാസ് ഒരു നഷ്ടമായി തുടരുകയായിരുന്നു. ചെന്നൈയിലെ മാർഗഴി ഫെസ്റ്റിവലിന് യേശുദാസിന്റെ കച്ചേരികൾ സ്ഥിരമായിരുന്നു. അത് ഇല്ലാതായി. മൂകാംബികയിലും ശബരിമലയിലുമെല്ലാം യേശുദാസിന്റെ സാന്നിധ്യവും സംഗീതവും ഉണ്ടാകാറുള്ളതാണ്. അതും ഇല്ലാതായി.

പ്രിയ സുഹൃത്ത് എസ്‌പി ബാലസുബ്രഹ്മണ്യം കോവിഡ് ബാധിതനായി മരിച്ചപ്പോൾ യേശുദാസ് യുഎസ്സിൽ നിന്നാണ് അന്ത്യോപചാരം അർപ്പിച്ചത്.

കേരളത്തിൽ നിന്ന് മാറി നിൽ‌ക്കുന്നുവെങ്കിലും സംഗീതോപാസനയിൽ ഒരു മാറ്റവും വന്നിട്ടില്ല. ഓൺലൈനായി നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ദിവസവും പരിശീലനം തുടരുന്നുമുണ്ട്.വിദ്യാസാഗറിനൊപ്പം വീണ്ടും യേശുദാസ് ഒന്നിക്കുന്ന ആൽബം പുറത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. ഇതിൽ യേശുദാസ് പാടുന്നത് നേരിട്ടെത്തിയായിരിക്കും.

വയനാട് ഉരുൾപൊട്ടൽ ഇതിവൃത്തമാക്കി റഫീഖ് അഹ്മദ് രചിച്ച വരികൾക്ക് വിദ്യാസാഗർ ഈണമിട്ടിരിക്കുന്നു. ഈ ഗാനം വിദ്യാസാഗറിന്റെ യൂടൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് വിദ്യാസാഗര്‍ പറഞ്ഞു.

12 വർഷത്തിനു ശേഷമാണ് വിദ്യാസാഗറും യേശുദാസും ഒരുമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2012ൽ പുറത്തിറങ്ങിയ വൈഢൂര്യം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments