Saturday, December 28, 2024
Homeഅമേരിക്കഫോമയുടെ 2024 -26 വർഷത്തെ ന്യൂസ് ടീം നിലവിൽവന്നു

ഫോമയുടെ 2024 -26 വർഷത്തെ ന്യൂസ് ടീം നിലവിൽവന്നു

ഷോളി കുമ്പിളുവേലി, ഫോമ പി.ആർ.ഒ :

ന്യൂയോർക്ക്: ഷോളി കുമ്പിളുവേലി പി. ആർ. ഒ. ആയി ഫോമയുടെ 2024 -2026 വർഷത്തെ ന്യൂസ് ടീം രൂപീകരിച്ചു. ബിനോയ് സെബാസ്റ്റ്യൻ (ഡാളസ്), ആസാദ് ജയൻ (കാനഡ), സജു വർഗീസ് (ഫിലാഡൽഫിയ), രേഷ്‌മ രഞ്ജൻ (ഡാളസ്) എന്നിവരാണ് ഫോമാ ന്യൂസ് ടീമിലെ അംഗങ്ങൾ. ഫോമായുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും നാട്ടിലുമുള്ള മലയാളികളിൽ എത്തിക്കുക എന്നതാണ് ടീമിന്റെ മുഖ്യ ലക്ഷ്യം. കൂടാതെ സോഷ്യൽ മീഡിയിലെ ഫോമയുടെ ഇടപെടലുകൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യും.

പി.ആർ. ഒ ആയി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി ഫോമാ എംപയർ റീജിയൻ ആർ.വി. പി, നാഷണൽ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻറെ സെക്രട്ടറിയാണ്. വർഷങ്ങളായി അമേരിക്കയിലും നാട്ടിലുമുള്ള അച്ചടി മാധ്യമങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാറുള്ള ഷോളി, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്‌. മാതൃഭൂമി ടി.വി യുടെ റിപ്പോർട്ടർ ആയും പ്രവർത്തിക്കുന്നു. നിലവിൽ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് / ന്യൂ ജേഴ്‌സി ചാപ്റ്റർ പ്രസിഡന്റാണ്‌.

രണ്ടു പതിറ്റാണ്ടുകളായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ബിനോയ് സെബാസ്റ്റ്യൻ ഏവർക്കും സുപരിചിതനാണ് . “മലയാളി” പത്രത്തിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച ബിനോയ്, മലയാള മനോരമ സൺഡേ സപ്ലിമെന്റ് ഉൾപ്പെടെ നിരവധി പ്രസിദ്ധീകരങ്ങളിൽ സ്‌ഥിരമായി എഴുതാറുണ്ട്. അമേരിക്കയിലും നാട്ടിലുമുള്ള അച്ചടി മാധ്യമങ്ങളിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യാറുള്ള അദ്ദേഹം, ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സാഹിത്യ -സാംസ്‌കാരിക സംഗമങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ബിനോയ് സെബാസ്റ്റ്യൻ മികച്ച സംഘാടകൻ കൂടിയാണ്

2006ല്‍ മനോരമ ന്യൂസില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ടിവി ജേര്‍ണലിസം ആരംഭിച്ച ആസാദ് ജയന്‍, 6 വര്‍ഷം മനോരമ ന്യൂസില്‍ തിരുവനന്തപുരം, ഡല്‍ഹി എന്നീ ബ്യുറോകളില്‍ റിപ്പോര്‍ട്ടറായും, മെയിന്‍ ഡെസ്‌കില്‍ പ്രൊഡ്യൂസറും ആയി സേവനം അനുഷ്ടിച്ചു. സുപ്രീം കോടതി വാര്‍ത്തകള്‍, വലതു രാഷ്ട്രീയം, സിനിമ എന്നീ ബീറ്റുകള്‍ ആയിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ധാരാളം ഹ്യൂമന്‍ ഇന്ററെസ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം, നിരവധി പ്രമുഖരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ലൈവ് ഷോകളും, ഡോക്യൂമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഫിലിം മേക്കിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷനും, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷനില്‍ അഡ്വാന്‍സ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. കാനഡയിലെ ഏഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കിൽ 5 വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കാനഡയിലെ എംസി ന്യൂസ്‌, നോർത്ത് അമേരിക്കയിലെ ആദ്യ മലയാളി എത്‌നിക് റേഡിയോ ആയ CIAL FM 90.9 എന്നീ സ്ഥാപനങ്ങളുടെ ഡിറക്ടറും, “കാൻ മലയാളി” പത്രത്തിന്റെ മാനേജിങ് എഡിറ്ററുമാണ്.

കാൽനൂറ്റാണ്ടിലധികമായി ഫിലഡൽഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികൾക്കിടയിൽ തിരക്കുള്ള വീഡിയോഗ്രാഫറായി പ്രവർത്തിക്കുന്ന, ‘ലെൻസ്മാൻ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സജു വർഗീസ് താൻ പ്രവർത്തിച്ച വിവിധ മണ്ഡലങ്ങളിലെ വിജയത്തിളക്കവുമായാണ് ഫോമാ ന്യൂ ടീമിലേക്കു വരുന്നത് . രാജീവ് അഞ്ചൽ തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരായ സംവിധായകരുടെ അസിസ്റ്റന്റായി വർക്ക് ചെയ്ത് പരിചയമുള്ള സജു, കലയോടുള്ള തന്റെ അഭിനിവേശം മൂലം ഇതിനോടകം രണ്ട് ഷോർട്ട് ഫിലിമുകൾ ഡയറക്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ മാപ്പിന്റെ പി ആർ ഓ ആയി സേവനം തുടരുന്ന സജു, പെൻസിൽവാനിയ സ്റ്റേറ്റിലെ ആദ്യ സൗത്ത് ഇന്ത്യൻ ഓൺലൈൻ പത്രമായ “മലയാളി മനസ്സ്” യു എസ് എ യുടെ ന്യൂസ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിക്കുന്നു. 2024 – ൽ പുന്റക്കാനയിൽ വച്ച് നടന്ന കൺവെൻഷനോടനുബന്ധിച്ചു പ്രകാശനം ചെയ്യപ്പെട്ട ഫോമാ സുവനീയറിൻ്റെ എഡിറ്റോറിയൽ കമ്മറ്റി അംഗമായും സജു പ്രവർത്തിച്ചിട്ടുണ്ട്.


ഫോമാ വിമൻസ് ഫോറം സെക്രട്ടറിയായി കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച രേഷ്‌മ രഞ്ജൻ, അറിയപ്പെടുന്ന എഴുത്തുകാരികൂടിയാണ്. കവിതകളും, നോവലുകളും ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് കൊളറാഡോ (കെ. എ.ഒ.സി) യിലൂടെ ഫോമയിൽ പ്രവർത്തനം ആരംഭിച്ച രേഷ്മ, സംഘടനയുടെ മാഗസിൻ എഡിറ്ററായും നിരവധി വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. 2020-2022 വർഷത്തെ ന്യൂസ് ടീമിലും രേഷ്മ സേവനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷും പബ്ലിക് സ്പീക്കിങ്ങും പരിശീലിപ്പിക്കുന്ന അദ്ധ്യാപികകൂടിയാണ് രേഷ്‌മ. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ നിപുണയായ രേഷ്മയുടെ പ്രവർത്തനം ഫോമാ ന്യൂസ്‌ടീമിനു മുതൽകൂട്ടായിരിക്കും.

പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ അറിയിച്ചു. പി.ആർ .ഒ ഷോളി കുമ്പിളുവേലിയും, ന്യൂസ് ടീമിലെ അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യൻ, ആസാദ് ജയൻ, സജു വര്ഗീസ്, രേഷ്മ രഞ്ജൻ ഇവർ എല്ലാവരും തന്നെ തങ്ങളുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണെന്നു ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ പുതിയ ന്യൂസ് ടീമിന് സാധിക്കുമെന്നും, എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്‌ണൻ എന്നിവർ പറഞ്ഞു.

ഷോളി കുമ്പിളുവേലി, ഫോമ പി.ആർ.ഒ :

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments