Friday, January 10, 2025
Homeഅമേരിക്കഫൊക്കാന സംഘടിപ്പിച്ച അനുശോചന യോഗം ഒത്തൊരുമയുടെ പുതു അദ്ധ്യായം രചിച്ചു.

ഫൊക്കാന സംഘടിപ്പിച്ച അനുശോചന യോഗം ഒത്തൊരുമയുടെ പുതു അദ്ധ്യായം രചിച്ചു.

വയനാട്ടിലെ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനായോഗവും ഫൊക്കാനയുടെ ആദ്യകാല നേതാവ് ടി.എസ്.ചാക്കോയുടെ നിര്യാണത്തിലുള്ള അനുശോചന യോഗവും സൂം മീറ്റിലൂടെ സംഘടിപ്പിച്ചു. ഫൊക്കാനയെ പ്രതിനിധീകരിച്ച് ട്രഷറർ ജോയ് ചാക്കപ്പന്റെ ആമുഖത്തോട് ആണ് യോഗം ആരംഭിച്ചത് . മേരിക്കുട്ടി മൈക്കിൾ പ്രാർത്ഥനാഗാനം ആലപിച്ചു.

ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ യോഗത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.സുൽത്താൻ ബത്തേരി രൂപതയിലെ മെത്രാപോലീത്ത ഡോ.ഗീവർഗീസ് മാർ ബെനാർബാസ് തിരുമേനി,സിറോ മലബാർ ഡയസിസ്(ഷിക്കാഗോ) ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് മാർ ടൈറ്റസ് എൽദോ തിരുമേനി,ബിഷപ്പ് മാർ എബ്രഹാം പൗലോസ്(മാർത്തോമാ ചർച്ച്,യുഎസ്) സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ,കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,മുൻ എംഎൽഎ വി.ടി.ബൽറാം,’നന്മ’യുടെ പ്രസിഡന്റ് യു.എ.നസീർ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ആനി പോൾ, എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ. വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ആരംഭിച്ചിരിക്കുന്ന ഫണ്ട് റെയ്‌സിംഗിൽ എല്ലാവരും കഴിയുന്ന സംഭാവന ചെയ്യണമെന്ന് ഉണ്ണിത്താൻ അഭ്യർത്ഥിച്ചു.

രോഗബാധിതനായി കേരളത്തിലെ വസതിയിൽ കഴിയുകയായിരുന്നെങ്കിലും ഫോണിലൂടെ അമേരിക്കൻ മലയാളികളുമായുള്ള സ്നേഹബന്ധം ഏവരുടെയും പ്രിയങ്കരനായ ചാക്കോച്ചായൻ നിലനിർത്തിയിരുന്നതായി ഏവരും ഓർമ്മിച്ചു. ദൈവം മനുഷ്യരെ പ്രകൃതിയുടെ സംരക്ഷകരായാണ് വച്ചിട്ടുള്ളതെന്ന ബോധ്യം പലപ്പോഴും മറന്നുകൊണ്ട് നാം അതിനെ ചൂഷണം ചെയ്യുകയാണെന്നും അതിന്റെ അനന്തരഫലമല്ലേ പ്രകൃതിദുരന്തങ്ങൾ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നതായി ബിഷപ്പ് മാർ റ്റിറ്റോസ് എൽദോ അഭിപ്രായപ്പെട്ടു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ഫൊക്കാന കാണിക്കുന്ന സന്മനസ്സ് അദ്ദേഹം അഭിനന്ദിച്ചു.വരും തലമുറയ്ക്ക് നല്ല രീതിയിൽ ഈ സുന്ദരഭൂമി കൈമാറേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ഓർമ്മപ്പെടുത്തിയ ബിഷപ്പ്, മണ്മറഞ്ഞ സഹോദരങ്ങൾക്കുവേണ്ടിയും ദുഃഖാർദ്രരായ ബന്ധുമിത്രാദികൾക്കുവേണ്ടിയും പ്രാർത്ഥിച്ചു.

വയനാട്ടിലെ മണ്ണിടിച്ചിൽ സമാനതകൾ ഇല്ലാത്തതും ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവവുമായിരിക്കാമെന്ന് മന്ത്രി വാസവൻ പറഞ്ഞു.ഉറക്കംകെടുത്തുന്നതായ സംഭവങ്ങളാണ് അവിടെ നേരിൽച്ചെന്ന് കണ്ടതെന്നും അവിടേക്കുള്ള ദുരിതാശ്വാസം ഏകോപിപ്പിക്കാൻ ആദ്യനാൾ മുതൽ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കും അപ്പുറമായി മനുഷ്യൻ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായി കുടുങ്ങിക്കിടന്ന ആയിരങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു.ഒഴുക്കിൽപ്പെട്ടവരെയും മണ്ണിനടിയിൽപ്പെട്ടവരെയും എന്നെന്നേക്കുമായി നഷ്ടമായി.വീടും സകലസമ്പാദ്യവും കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടവരാണ് ചികിത്സയിൽ കഴിയുന്നത്.അവരുടെ മാനസികാവസ്ഥ പറയാൻ സാധിക്കില്ല.സംസ്ഥാന ഗവണ്മെന്റിന്റെ ആരോഗ്യ വകുപ്പ് അവരെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൗൺസിലിംഗ് നൽകും.’ മന്ത്രി അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് പറഞ്ഞു.

ഈ ദുഃഖക്കടലിൽ പരസ്പരം ഹൃദയങ്ങൾ ചേർത്തുകൊണ്ട് ശക്തിപ്പെടുക എന്ന സന്ദേശമാണ് വയനാട് ദുരന്തത്തെ സംബന്ധിച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പങ്കുവച്ചത്.ജനങ്ങളോട് ചേർന്നുനിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്ന ചോക്കോച്ചൻ സഹോദരതുല്യനായിരുന്നു എന്നും ബിഷപ്പ് അനുസ്മരിച്ചു.
വയനാടിന് ദുരന്തത്തിൽ നിന്ന് കരകയറണമെങ്കിൽ പ്രാർത്ഥന മാത്രം പോരാ,ഏവരും കൈകോർത്ത് അകമഴിഞ്ഞ് സഹായിക്കണമെന്ന് ഗീവർഗീസ് തിരുമേനി പറഞ്ഞു.യുദ്ധഭൂമിക്ക് സമാനമായ അവിടത്തെ അന്തരീക്ഷത്തെ വികാരപരമായല്ല,വിവേകത്തോടെയാണ് നേരിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അമേരിക്കൻ സംവിധാനം പോലെയല്ല കേരളത്തിലേത്, സൈന്യത്തിനടക്കം ഭക്ഷണത്തിന് പോലും പരിമിതികൾ ഉണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.ദുരന്തം സംഭവിച്ച സ്ഥലത്തുനിന്ന് 400 മീറ്റർ അകലം മാത്രമാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പള്ളിക്കുള്ളത്.

പ്രവചനാതീതമായ ഒരു പ്രതിഭാസമാണ് മരണമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സജിമോൻ ആന്റണി സംസാരിച്ചത്.ഫൊക്കാനയുടെ കേരള കൺവൻഷനിൽ വച്ചാണ് പിതൃതുല്യനായ ചാക്കോച്ചായനെ അവസാനമായി കണ്ടതെന്നും അദ്ദേഹം ഓർമ്മിച്ചു.വയനാടിന്റെ ദുഃഖത്തിൽ ഫൊക്കാന ചേരുന്നു എന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.പ്രാർത്ഥന പ്രവർത്തിയിലൂടെ ആയിരിക്കണമെന്നും മരണപ്പെട്ടവർക്കുവേണ്ടിയും ജീവിച്ചിരിക്കുന്നവരുടെ വേദന ശമിക്കുന്നതിനും ജാതിമത ചിന്തകളോ സംഘടനകളുടെ പേരോ മറന്ന് മലയാളികൾ ഒന്നായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം അടിവരയിട്ടു.

സാർത്ഥകമായ ഇടപെടൽ ഉണ്ടാകട്ടെ എന്നും രക്ഷാപ്രവർത്തനങ്ങൾക്കുവേണ്ടി ഒറ്റക്കെട്ടായി നിന്നതുപോലെ വായനാട്ടുകാരുടെ പുനരധിവാസത്തിനായും കൈകോർക്കണമെന്നും വി.ടി.ബൽറാം പറഞ്ഞു.ഈ ദുരന്തം ഏവരുടെയും കണ്ണുതുറപ്പിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആശയപരമായും ഒട്ടേറെ കാര്യങ്ങൾ വിദേശമലയാളികൾ ചെയ്യാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വയനാട്ടുകാർക്കും ടി.എസ്.ചാക്കോയ്ക്കും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരാഞ്ജലികൾ അർപ്പിച്ചു.

എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ‘ഒരുമ’എന്ന ആശയത്തോടെ സൂം മീറ്റ് സംഘടിപ്പിച്ച ഫൊക്കാനയെ യു.എ.നസീർ അഭിനന്ദിച്ചു.ചാക്കോച്ചന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം രണ്ടുഗ്രാമങ്ങൾ ഒന്നാകെ ഒലിച്ചുപോയതിലെ അഗാധദുഃഖവും പങ്കുവച്ചു..

ടി.എസ്ചാക്കോ എന്നുപറയുമ്പോൾ ചുറുചുറുക്കോടുകൂടിയ അദ്ദേഹത്തിന്റെ പ്രസംഗമാണ് ഓർമ്മയിൽ വരുന്നതെന്ന് ഡോ.ആനി പോൾ അനുസ്മരിച്ചു. വയനാടിനെ പുനർനിർമ്മിക്കാൻ ഏവരും പ്രയത്നിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സെന്റ് പീറ്റേഴ്സ് ചർച്ച് ന്യൂജേഴ്‌സിയിൽ നിന്നുള്ള റവ.ജോൺ ടി.എസ്,ഫൊക്കാന ട്രസ്റ്റി ചെയർമാൻ സജി പോത്തൻ, ഫൊക്കാനയുടെ മുൻ പ്രസിഡന്റ്മാരായ ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ ഫൊക്കാനയുടെ മുൻ സെക്രട്ടറിമാരായ കലാ ഷാഹി, ഫിലിപ്പോസ് ഫിലിപ്പ് , മാമ്മൻ സി ജേക്കബ് , ഫ്രാൻസിസ്(കേരള കൾച്ചറൽ ഫോറം),ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്ജ്,പിന്റോ ചാക്കോ(വേൾഡ് മലയാളി കൌൺസിൽ),ഇമലയാളി ചീഫ് എഡിറ്റർ ജോർജ്ജ് ജോസഫ്, ജോസ് കാടാപ്പുറം , സുനിൽ തൈമറ്റം , ഡോ.മാത്യു വർഗീസ്,ജോർജ്ജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ ടി.എസ്.ചാക്കോയ്ക്കുള്ള അനുശോചനവും വയനാടിനോടുള്ള ഐക്യദാർഢ്യവും രേഖപ്പെടുത്തി.

ഫ്ലഡ് ഇൻഷുറൻസ് ഉള്ളതിന് സമാനമായി ഉരുൾപൊട്ടൽ ഭീതിയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നൊരു ആശയം മുതിർന്ന മാധ്യമപ്രവർത്തകനായ ജോർജ്ജ് ജോസഫ് മുന്നോട്ടുവച്ചു.ഫൊക്കാനയുടെ ജീവാത്മാവായ ടി.എസ്.ചാക്കോ, അമേരിക്കൻ മലയാളികളെ ഒരുകുടക്കീഴിൽ നിർത്താൻ ശ്രമിച്ചിരുന്നതായി കലാ ഷാഹി ഓർമ്മിച്ചു.ടി.എസ്.ചാക്കോയുടെ വേർപാട് അമേരിക്കൻ മലയാളികളെ സംബന്ധിച്ച് നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അനിയൻ ജോർജ്ജ് അഭിപ്രായപ്പെട്ടു. മില്ലി ഫിലിപ്പ് ,രേവതി പിള്ള, മനോജ് എടമന,അപ്പുക്കുട്ടൻ പിള്ള, എന്നിവരായിരുന്നു മോഡറേറ്റർമാർ. ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments