Thursday, December 26, 2024
Homeഅമേരിക്കഫൊക്കാന ഇൻക് അപര സംഘടന - ലയനം അട്ടിമറിച്ചത് ട്രസ്റ്റീ ബോർഡ് - നടന്നത് ഫൊക്കാന...

ഫൊക്കാന ഇൻക് അപര സംഘടന – ലയനം അട്ടിമറിച്ചത് ട്രസ്റ്റീ ബോർഡ് – നടന്നത് ഫൊക്കാന ഇൻക് ഇലക്ഷൻ – കോടതി വിധികളും രേഖകളും ചൂണ്ടിക്കാട്ടി നേതാക്കൾ രംഗത്ത്

അനിൽ ആറന്മുള

ന്യൂ യോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ മറവിൽ 2008 ൽ രജിസ്റ്റർ ചെയ്ത ഫൊക്കാന ഇൻക് എന്ന സംഘടനയുണ്ടാക്കി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഫൊക്കാന ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ രംഗത്തു വന്നു. നവംബർ 9ന് ന്യൂയോർക്കിൽ ഹിൽട്ടൺ ഗാർഡനിൽ നടത്തിയ പ്രവർത്തക സമിതി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പുറത്തു വിട്ടത്.

മുൻ ട്രസ്റ്റീ ബോർഡ് അംഗങ്ങളായ സണ്ണി മറ്റമന, സെക്രട്ടറിയായിരുന്ന എബ്രഹാം ഈപ്പൻ, ഫൊക്കാന ജനറൽ സെക്രെട്ടറിയായിരുന്ന കല ഷാഹി, സണ്ണി ജോസഫ്, എബ്രഹാം കളത്തിൽ, ജോസഫ് കുരിയാപ്പുറം പ്രിന്സൻ പെരേപ്പാടൻ, തോമസ് എം ജോർജ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്രസമ്മേളനം.

2008ൽ മെരിലാൻഡ് സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത ഫൊക്കാന ഇൻക് (Fokana Inc) എന്ന സംഘടനയുടെ പ്രെസിഡന്റാണ്‌ സജിമോൻ ആന്റണി. 1983 ൽ ആരംഭിച് 1985ൽ ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്ത സംഘടനയാണ് ഫൊക്കാന അഥവാ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക. രണ്ടു സംഘടനകളും തമ്മിൽ പേരിൽ സാമ്യമുണ്ടെകിലും പ്രകടമായ വ്യത്യാസങ്ങൾ ഉള്ളതായി അച്ചടിച്ചു വിതരണം ചെയ്ത രേഖകൾ വഴി നേതാക്കൾ തെളിയിക്കുന്നു. എഴുതപ്പെട്ട ഭരണ ഘടനയോ, ഭാരവാഹികളോ അംഗസംഘടനകളോ ഇല്ലാത്ത ഫൊക്കാന ഇൻക് മലയാളികളെ തെറ്റിദ്ധരിപ്പിക്കാനും അതിൻറെ മറവിൽ തങ്ങളുടെ ദ്രവ്യാഗ്രഹം പൂർത്തീകരിക്കുന്നന്നതിനുള്ള ഉപാധിയുമാണെന്ന് ഇവർ ആരോപിക്കുന്നു. തന്നെയുമല്ല വരവ് ചെലവ് കണക്കുകളും ആദായനികുതി റിട്ടേണുകളും ഫൊക്കാന ഇൻക് എന്നപേരിൽ റിപ്പോർട്ട് ചെയ്തു സർക്കാരിനെ വഞ്ചിക്കുകയാണെന്നും മുൻ ട്രസ്റ്റീ ബോർഡ് അംഗം കൂടിയായ ജോസഫ് കുരിയപ്പുറം പറയുന്നു.

യഥാർഥ ഫൊക്കാനക്ക് എതിരായി ന്യൂയോർകിലെയും ഫ്ളോറിഡയിലെയും കോടതികളിൽ ഇവർ തന്നെ കൊടുത്തിട്ടുള്ള സത്യവാങ്മൂലങ്ങൾ മേല്പറഞ്ഞ ആരോപണങ്ങൾക്കു തെളിവായി പത്രസമ്മേളനത്തിൽ വിതരണം ചെയ്തു. ഫൊക്കാന ഇൻകും യഥാർഥ ഫൊക്കാനയും രണ്ടാണെന്നും കോടതിയിൽ വാദിച്ചതിന് തെളിവും പുറത്തു വിട്ടിട്ടുണ്ട്. ഇത്രയേറെ കോടതി വിധികളും തെളിവുകളും ഉണ്ടായിട്ടും ഇപ്പോഴും ഫൊക്കാന തങ്ങളാണെന്ന അവകാശവാദത്തിനെതിരെയും ഫൊക്കാന എന്ന പേരോ ലോഗോയോ ഉപയോഗിച്ചാലോ വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും പത്രപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി നേതാക്കൾ അറിയിച്ചു. അമേരിക്കൻ മലയാളികൾ ഈ സത്യങ്ങൾ മനസ്സിലാക്കുമെന്നു തെളിവുകൾ പുറത്തു വിട്ടുകൊണ്ട് ജോസഫ് കുരിയപ്പുറം പറഞ്ഞു.

2022-24 ലെ പ്രസിഡന്റായിരുന്ന ഡോ. ബാബു സ്റ്റീഫൻ മുൻകൈയെടുത്തു ഇരുവിഭാഗത്തെയും ഒന്നിപ്പിക്കാൻ ഉണ്ടാക്കിയ ധാരണയിലെ മുഖ്യ തീരുമാനം ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന) എന്ന പേര് നിലനിർത്തി മറ്റു പേരുകളിലുള്ള പ്രവർത്തനം ഉടൻ അവസാനിപ്പിക്കണം എന്നതായിരുന്നു. എന്നാൽ തീരുമാനം നടപ്പാക്കാൻ ഇവർ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല പ്രസിഡണ്ട് ബാബു സ്റ്റീഫനെ മുൾമുനയിൽ നിർത്തി ട്രസ്‌ടീബോർഡിനെ നോക്കുകുത്തിയാക്കി അപര സംഘടനയുടെ പേരിൽ ഇലക്ഷൻ നടത്തി അധികാരം കയ്യേറിഎന്നും ആരോപിക്കുന്നു.

2024 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ അനവധി കൃത്രിമങ്ങൾ നടന്നതായും അഞ്ച് ട്രസ്‌ടീബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ളവർ പൊതുയോഗത്തിൽ വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്‌തെങ്കിലും ഇലക്ഷൻ കമ്മീഷ്ണർ ചെവിക്കൊണ്ടില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രധാന തെളിവ് ഫൊക്കാന ഇൻക്ന്റെ പേരിൽ അംഗസംഘടനകൾക്കയച്ച ഇലക്ഷൻ നോട്ടിഫിക്കേഷൻ ആണ്. നോമിനേഷൻ ഫീസ് ഉൾപ്പടെയുള്ള തുകകൾ അപര സംഘടനയുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇലക്ഷനിൽ പങ്കെടുത്ത 700 ൽ അധികം ഡെലിഗേറ്റുകളുടെ ലിസ്റ്റിൽ 250ൽ അധികം അർഹതയില്ലാത്ത വോട്ടുകളായിരുന്നു എന്ന് അന്നത്തെ ലിസ്റ്റ് അടക്കം പുറത്തുവിട്ടുകൊണ്ട് സംഘാടകർ അടിവരയിട്ടു പറയുന്നു. പല സ്റ്റേറ്റുകളിൽ നിന്നും കടലാസു സംഘടനകൾക്ക് അംഗത്വ0 നൽകി തെരഞ്ഞെടുപ്പിനായി ആളുകളെ ഇറക്കുകയും ചെയ്തതായും പരാതി ഉന്നയിച്ചു.

1983 ൽ ആരംഭിച്ച ഫെഡറേഷന്റെ നയപരിപാടികളും, വിഷൻ മിഷൻ എന്നിവയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത സംഘാടകർ വ്യക്തമാക്കി. അതിനായി ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇന്റർനാഷണൽ(ഫൊക്കാന ഇന്റർനാഷണൽ) എന്ന പേരിൽ പൂർവാധികം ഉർജ്ജത്തോടെമൂല്യങ്ങൾ കാത്തുകൊണ്ട് തന്നെ മാതൃ സംഘടനയായ ഫൊക്കാനയെ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ പ്രസ്താവിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പന്ത്രണ്ടിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. 21 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് ഉടൻതന്നെ സമ്മേളനം വിളിക്കാനുള്ളക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി സണ്ണിമറ്റമന പ്രസ്താവിച്ചു.

മറ്റു മലയാളി സംഘടനകളായ ഫോമാ, ഫൊക്കാന ഇൻക്, വേൾഡ് മലയാളി കൌൺസിൽ എന്നിവയുമായി മത്സരിക്കാതെ ഇടവിട്ട വർഷങ്ങളിൽ ലോകമലയാളികളെ ഒരുമിപ്പിച്ചു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുകയാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷന്റെ ലക്ഷ്യമെന്ന് തർക്കത്തിനോ വ്യവഹാരങ്ങൾക്കോ തങ്ങൾക്കു ലക്ഷ്യമില്ലെന്നും താൽക്കാലിക പ്രസിഡണ്ട് സണ്ണി മറ്റമന പത്രസമ്മേളനത്തിൽ പറഞ്ഞു.

അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments