Wednesday, December 25, 2024
Homeഅമേരിക്ക'ഈ ഗാനം മറക്കുമോ' (ഭാഗം - 34) ''ഒരു പെണ്ണിന്റെ കഥ'' എന്ന ചിത്രത്തിലെ "ശ്രാവണചന്ദ്രിക...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 34) ”ഒരു പെണ്ണിന്റെ കഥ” എന്ന ചിത്രത്തിലെ “ശ്രാവണചന്ദ്രിക പൂ ചൂടിച്ചു…” എന്ന ഗാനം.

നിർമ്മല അമ്പാട്ട്

പ്രിയ സൗഹൃദങ്ങളെ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

1971-ൽ കെ എസ് സേതുമാധവൻ നിർമ്മിച്ച ‘ഒരു പെണ്ണിന്റെ കഥ’ എന്ന പടത്തിലെ ‘ശ്രാവണചന്ദ്രിക പൂ ചൂടിച്ചു..’ എന്ന ഗാനമാണ് നമ്മൾ ഇന്ന് കേൾക്കുന്നത്. വയലാറിന്റെ വരികൾക്ക് ജി ദേവരാജൻ സംഗീതം നൽകി. ഖരഹരപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പി സുശീലയാണ് പാടിയിരിക്കുന്നത്.

വന്നൂ കണ്ടൂ കീഴടക്കി. അതെ.. ശരിക്കും പ്രണയത്തിന്റെ പൂർണ്ണതയിയിലെത്തിയ വരികൾ . അതിനനുസരിച്ച ഈണവും. ദേവരാജനും പി സുശീലയും ഒന്നിച്ച് ചേർന്നൊരുക്കുന്ന അപൂർവ്വ സംഗമം. കാലഘട്ടത്തിന്റെ പുണ്യമായിരുന്നു ഈ മഹാരഥന്മാർ. മലയാളചലച്ചിത്രലോകത്തിന് ഇതുപോലൊരു കൂട്ടായ്മ ഇനിയൊരിക്കലും ഉണ്ടാവില്ല.

ശ്രാവണചന്ദ്രിക ഭൂമിയെ പൂ ചൂടിക്കുകയാണ്. പുഞ്ചിരിക്കുന്ന ഭൂമിയുടെ ചൊടികളിലാണ് ആദ്യത്തെ പ്രണയകവിത വിടർന്നത്. സുശീലയുടെ ശബ്ദമാധുരിക്ക് ഒരു വല്ലാത്ത ലഹരിയാണ്. ഒപ്പം തന്നെ വയലാറിന്റെ വരികൾക്കും. ദേവരാജന്റെ സംഗീതവും കൂടിചേർന്നാൽ സ്വർണ്ണത്തിന് സുഗന്ധം പോലെയായി.

നീലാകാശ താമരയിലയിൽ നക്ഷത്രങ്ങളെക്കൊണ്ട് അനുരാഗകവിതയെഴുതിക്കുന്ന കവി. പി ഭാസ്കരനും വയലാറിനും തൊട്ട്നിൽക്കുന്ന ശ്രീകുമാരൻതമ്പിക്കുമൊക്കെയേ സാദ്ധ്യമാവൂ. നമുക്ക് ഗാനത്തിന്റെ വരികളുടെ ഭംഗി നോക്കാം .

ശ്രാവണചന്ദ്രിക പൂ ചൂടിച്ചു
ഭൂമികന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ
അനുരാഗ കവിത വിരിഞ്ഞൂ – ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ…)
നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ
പവിഴ കൈനഖ മുനയാൽ
പ്രകൃതിയാ കവിത പകർത്തി വെച്ചൂ
അന്നതു ഞാൻ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)
സ്വർഗ്ഗാരോഹണ വീഥിക്കരികിൽ
സ്വപ്നങ്ങൾക്കിടയിൽ
കമനീയാംഗൻ പ്രിയനെൻ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)

ലളിതമധുരമായ വരികൾ. അർത്ഥം വ്യാഖ്യാനിക്കേണ്ട കാര്യവുമില്ല. അവർ പറഞ്ഞതിനപ്പുറം നമുക്കെന്ത് പറയാൻ. അതാവർത്തനവിരസതയാവും. അതുകൊണ്ട്തന്നെ നമുക്ക് ഗാനത്തിലേക്ക് വരാം. അറുപതുകളിൽ നിന്നൊഴുകാൻ തുടങ്ങിയ സംഗീതസരണികളിൽ നമുക്കൊന്ന് മുങ്ങിത്തപ്പാം .സംഗീതസാഹിത്യത്തിന്റെ മുത്തും പവിഴവും കോരിയെടുക്കാം.

ശ്രാവണചന്ദ്രിക എന്ന ആ എടുപ്പിൽ തന്നെ സുശീല നമ്മളെ കയ്യിലെടുത്തു. അത്രമാത്രം ആകർഷണീയമാണ് ആ എടുപ്പ് തന്നെ. വന്നു കണ്ടു കീഴടക്കി അല്ലെ? സംഗീതം കേട്ടാൽ കീഴങ്ങാത്തവർ ആരുണ്ട്?
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം .

സ്നേഹപൂർവ്വം

നിർമ്മല അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments