Wednesday, December 18, 2024
Homeഅമേരിക്കദേശീയ ന്യൂനപക്ഷാവകാശ ദിനം.. ✍️അഫ്സൽ ബഷീര്‍ തൃക്കോമല

ദേശീയ ന്യൂനപക്ഷാവകാശ ദിനം.. ✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല

ഡിസംബർ 18 ഇന്ത്യയിൽ ദേശീയ ന്യൂനപക്ഷാവകാശ ദിനമായി ആചരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങൾ എന്നത് വംശീയവും ലിംഗപരവുമായ വർഗ്ഗപരവും മതപരവും, ഭാഷാപരവും തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ആണെന്ന് പ്രാഥമികമായി പറയാം. എന്നാൽ ഒരു പ്രാദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിച്ചു നൽകപ്പെട്ടിട്ടുള്ള കൂട്ടായ അവകാശങ്ങളും ഇതിൽ പെടും. ന്യൂനപക്ഷ വിഭാഗങ്ങളിൽ അംഗമായതിന്റെ പേരിൽ ഒരു വ്യക്തിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കുക എന്നതും പ്രധാനമാണ്.

ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന വാക്കിന് പ്രത്യേകിച്ച് ഒരു നിർവചനം ഇല്ലെങ്കിലും മൊത്തം ജന സംഖ്യയുടെ പകുതിയിൽ കൂടുതൽ ആണെങ്കിൽ ഭൂരിപക്ഷമെന്നും പകുതിയിൽ താഴെ വരുന്ന വിഭാഗങ്ങളെ ന്യൂനപക്ഷം എന്നും പറയുന്നു. ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂന പക്ഷ മെന്നും ജനതയെ തരം തിരിക്കാം. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ
79.8% വരുന്ന ഹൈന്ദവ വിഭാഗമാണ് ഭൂരിപക്ഷം. മുസ്ലീങ്ങൾ 14.2% കിസ്ത്യാനികൾ  2.3%,സിക്കുകാർ 1.7%, ബുദ്ധമതക്കാർ  0 .7% ,ജൈനമതക്കാർ 0.4%, പാഴ്സികൾ 0.006%, മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ നില്ക്കുന്ന ഈ ആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്.

ജനസംഖ്യയിൽ താരതമ്യേന കുറവായ വിഭാഗങ്ങളുടെ ജീവനും, സ്വത്തിനും, ക്ഷേമത്തിനും നിലനിൽപ്പിനും വിവിധ കോണുകളിൽ നിന്ന് ഭീഷണി ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഭൂരിപക്ഷത്തിന്റെ പ്രകോപനമോ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ സംഘർഷമോ ഉണ്ടായാൽ ന്യൂന പക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതി ഉറപ്പാക്കാനാകാതെ വരികയും ചെയ്യും എന്നത് വർത്തമാനകാല ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നു .
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി എല്ലാ വിഭാഗത്തിനും സാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അടിവരയിട്ടു പറഞ്ഞിരിക്കുന്നത്. ഇതിലൂടെ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് മുന്നിൽ കാണുന്നത് .

1849 ൽ ഹംഗേറിയൻ ഡയറ്റാണ്‌  ആദ്യമായി ന്യൂനപക്ഷ അവകാശങ്ങൾ ലോകത്തിൽ അവതരിപ്പിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ യുദ്ധാനന്തര അന്തർദേശീയ ന്യൂനപക്ഷ അവകാശസം‌രക്ഷണ ഉടമ്പടിയായ “നരഹത്യ കുറ്റത്തെ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള ഐക്യരാഷ്ട്ര സഭ ഉടമ്പടി” അന്തർദേശീയ തൊഴിൽ സംഘടനയുടെ 169 ആം ഉടമ്പടിയും , 2007സെപ്റ്റംബർ14 ന്‌ നിലവിൽ വന്ന ഐക്യരാഷട്ര സഭയുടെ തദ്ദേശിയ ജനങ്ങൾക്കായുള്ള അവകാശ പ്രഖ്യാപനം എല്ലാം വംശപരവും, മതപരവും, ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുട അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ളതാണ്. ലിംഗപരമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം ഐക്യരാഷ്ട്ര സഭയിൽ ശക്തമായ വാഗ്വാദങ്ങൾക്കിടയാക്കിയത് അടുത്ത കാലത്താണ്

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമായതുകൊണ്ട് തന്നെ ഒരു മതത്തിനോ വിഭാഗത്തിനോ പ്രത്യേക ദേശീയ പദവി നൽകിയിട്ടില്ല .എന്നാൽ മതന്യൂനപക്ഷങ്ങൾക്കു  പ്രത്യേകമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടന ഉറപ്പാക്കിയിട്ടുമുണ്ട് . ഏതു പൗരനും തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള അവകാശമാണ് ആർട്ടിക്കിൾ 25 നൽകുന്നത്.ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ മതങ്ങളിൽ തുടരാനുള്ള അവകാശം ഇതിലൂടെ ഉറപ്പാക്കുന്നുണ്ട്. എന്നാൽ പൊതുജനത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുന്ന ആചാരമോ അനുഷ്ഠാനമോ മതങ്ങൾക്കുണ്ടങ്കിൽ അത് നിയന്ത്രിക്കാനുള്ള അവകാശം രാജ്യത്തെ ഭരണകൂടത്തിനുണ്ട്. കൂടാതെ നിർബന്ധിത മതപരിവർത്തനം തടയാൻ സർക്കാരിന് അധികാരവുമുണ്ട്.ആര്‍ട്ടിക്കിള്‍ 29(1) ൽ ഇന്ത്യയിലെ ഓരോ പ്രദേശത്തെയും അവരുടെതായ ഭാഷയും,സംസ്കാരവും സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ കുട്ടികള്‍ക് ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയാ ഭാഷയുടെയാ പേരിൽ ഒരു വിവേചനവും പാടില്ലെന്ന് ആർട്ടിക്കിൾ 29 ൽ
എടുത്തു പറയുന്നുണ്ട്

ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും അത് പ്രവർത്തിപ്പിക്കുന്നതിനും സർക്കാർ ധനസഹായം കൊടുക്കുന്നതിൽ വിവേചനം കാണിക്കാൻ പാടില്ല എന്നും സർക്കാർ അംഗീകാരം ഈ സ്ഥാപനങ്ങൾക്ക് കൊടുക്കണമെന്നും ആർട്ടിക്കിൾ 30(1) ൽ പറയുന്നു. എന്നാൽ ഈ സ്ഥാപനങ്ങളിൽ ദുർഭരണം നടക്കുകയോ മറ്റു ഗുരുതരമായ പാകപ്പിഴകൾ ഉണ്ടാകുകയോ ചെയ്താൽ സർക്കാരിന് ഇടപെടാൻ അവകാശമുണ്ട്.കൂടാതെ
ആർട്ടിക്കിൾ 347 പ്രകാരം ജനതയുടെ ഏത് വിഭാഗത്തിൽപെട്ടവർക്കും അവരുടെ ഭാഷ ഉപയോഗിക്കുവാനുള്ള അവകാശവും, ആർട്ടിക്കിൾ 350 A അനുസരിച്ചു മാത്യഭാഷയിൽ വിദ്യാഭ്യാസം എന്ന അവകാശവും ഭരണഘടന നൽകുന്നുണ്ട്.
ഉദ്യോഗങ്ങളിലുൾപ്പടെ പൊതു നിയമനങ്ങളിൽ മതത്തിന്റെയോ ജാതിയുടെയോ,വർഗ്ഗത്തിന്റെയോ ഭാഷയുടെയോ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന് ആർട്ടിക്കിൾ 16 അനുശാസിക്കുന്നു.

2006 ജനുവരി 29-ാം തീയതിയാണ് ഇൻഡ്യയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപവൽക്കരിച്ചത്‌ .തുടർന്ന് പൊതുഭരണവകുപ്പിന്റെ കീഴിൽ 2008 ൽ കേരളത്തിൽ ഒരു ന്യൂനപക്ഷ സെൽ പ്രവർത്തനമാരംഭിച്ചു .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് .

യഥാത്ഥത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണോ ?രാജ്യത്തിനകത് ഇന്ന് നേരിടുന്ന വെല്ലുവിളികൾ ഭക്ഷണത്തിന്റെയും പാർപ്പിടത്തിന്റെയും മാത്രമല്ല രാജ്യത്തെ പൗരത്വം ഉൾപ്പടെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറുമ്പോൾ
നാളെ എങ്ങനെ എന്ന ചോദ്യമാണ് മുന്നിലുള്ളത് .രാജ്യത്തെ സർക്കാർ ജോലികളിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് ആനുപാതികമായ തൊഴിൽ ഉറപ്പാക്കിയിട്ടുണ്ടോ ?ആരാധനാലയങ്ങളിൽ ഭയമില്ലാതെ പോകാൻ കഴിയുന്നുണ്ടോ ?ഇഷ്ടപെട്ട ഭക്ഷണം കഴിക്കാൻ സാഹചര്യമുണ്ടോ ?ഈ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ മുൻകൈയെടുത്ത ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരുടെ ഓർമ്മകൾ പുതുക്കുന്നുണ്ടോ? നാനാത്വത്തിൽ ഏകത്വവും മത സഹിഷ്ണതയും നിലനിൽക്കുന്നുണ്ടോ ?
ഇതിനെല്ലാം മറുപടി പറയേണ്ടവർ രാജ്യത്തെ നയിക്കുന്ന ഭരണ കർത്താക്കളാണ് . ഭൂരിപക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങളെയും ചേർത്ത് നിർത്തുമ്പോഴാണ് ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ മഹാ രാജ്യം ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കൂ എന്ന് ഭരണകൂടം ഓർത്താൽ നന്ന് .

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments