ന്യൂയോര്‍ക്ക്: ചൈനീസ് സാമൂഹ്യ മാധ്യമമായ ടിക്‌ടോക്ക് കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കാനായില്ല എന്നാരോപിച്ച് യുഎസ് കേസെടുത്തതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. പതിമൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്പനിക്കായില്ലെന്നും ഈ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് തുടരുകയാണെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ നീക്കം.
മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു.
ഇതോടൊപ്പം ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറും ലൊക്കേഷനും അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത് ടിക്‌ടോക്ക് തുടരുകയാണെന്നും യുഎസ് നീതിന്യാസ വകുപ്പ് വാദിക്കുന്നു.കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നീക്കം ചെയ്യണമെന്ന മാതാപിതാക്കളുടെ അഭ്യര്‍ഥനകളോട് ടിക്‌ടോക് മൗനം പാലിച്ചു എന്നും കേസില്‍ പറയുന്നു.
ടിക്‌ടോക് കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായും അവരുടെ സ്വകാര്യത ലംഘിക്കുന്നതായുമുള്ള അമേരിക്കന്‍ ആരോപണം ഇതാദ്യമല്ല. മുമ്പും സമാന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2019ല്‍ ടിക്‌ടോക്കും അമേരിക്കന്‍ ഫെഡറല്‍ വ്യാപാര കമ്മീഷനും ഒത്തു തീര്‍പ്പിലെത്തിയിരുന്നു.
ഇതുപ്രകാരം കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷിക്കാന്‍ കൈക്കൊള്ളേണ്ട നടപടികളില്‍ ടിക്‌ടോക് തുടര്‍ന്നും വീഴ്ചയുണ്ടാക്കിയതായി ഇപ്പോഴത്തെ കേസില്‍ യുഎസ് നീതിന്യായ മന്ത്രാലയം പറയുന്നു. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക ടിക് ടോക് സംവിധാനം ബൈറ്റ്‌ഡാന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സാധാരണ ടിക്‌ടോക് ആപ്ലിക്കേഷനില്‍ ഇപ്പോഴും പതിമൂന്ന് വയസില്‍ താഴെയുള്ളവരെ അക്കൗണ്ട് തുടങ്ങാന്‍ മനപ്പൂര്‍വം ടിക്ടോക് അനുവദിക്കുന്നുണ്ട്.
ഇതിന് പുറമെയാണ് മാതാപിതാക്കളുടെ അറിവില്ലാതെ കുട്ടികളും വ്യക്തിവിവരങ്ങളും ടിക്ടോക് ചോര്‍ത്തുന്നതായുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ടിക്‌ടോക് വക്താവ്, ഉയര്‍ന്നിരിക്കുന്ന പരാതികള്‍ വസ്‌തുതാ വിരുദ്ധവും മുന്‍ സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണ് എന്നും പ്രതികരിച്ചു.