Wednesday, December 18, 2024
Homeഅമേരിക്കചതഞ്ഞ ചാണ്ടി ✍രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ചതഞ്ഞ ചാണ്ടി ✍രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിൽ ഒന്നര വർഷം മുൻപ് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടിഉമ്മനു പകരം അച്ചു ഉമ്മനെ സ്‌ഥാനാർഥി ആക്കേണ്ടതായിരുന്നു എന്നു ഇപ്പോൾ കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ്‌ നേതൃത്വവും കോൺഗ്രസ്‌ ഹൈക്കമാൻഡും ചിന്തിക്കുന്നുണ്ടാവും

ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന് മാനക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം മലപ്പുറം ജില്ലയിൽ നടത്തി ശ്രദ്ധേയൻ ആയ ആളാണ് ചാണ്ടി. പിന്നീട് മലപ്പുറത്തെ മല്ലന്മാരായ മുസ്ലീംലീഗിന് ഒരു ആവേശത്തിന്റെ പുറത്തു ചാണ്ടി വിവാദ പ്രസംഗം നടത്തിയതാണെന്നു അണികളെ പറഞ്ഞു മനസ്സിലാക്കി തല ഊരേണ്ടി വന്നു

ഇന്ത്യ ഒട്ടാകെ തരംഗം ആയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോടോ യാത്രയിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ചാണ്ടി അന്ന് തുടങ്ങിയ ഓട്ടം താൻ പുതുപ്പള്ളിയിൽ സ്‌ഥാനാർഥി ആയപ്പോഴും തുടർന്നു. മണ്ഡലത്തിലെ എല്ലാ വീടുകളിലും പള്ളികളിലും അമ്പലങ്ങളിലും മറ്റ് എല്ലാ പൊതു സ്‌ഥലങ്ങളിലും ഓടി ആദ്യം എത്തുന്ന ചാണ്ടിയെക്കൊണ്ട് നാട്ടുകാർ പൊറുതി മുട്ടി. ചാണ്ടിക്ക് വോട്ടു ചെയ്തില്ലെങ്കിൽ വീണ്ടും വീട്ടിലേക്കു ഓടിക്കയറും എന്നു ഭയപ്പെട്ടു നാട്ടുകാർ വോട്ടു ചെയ്തതുകൊണ്ട് ചാണ്ടി മുപ്പത്താറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു നിയമസഭയിൽ എത്തി

തെരഞ്ഞെടുപ്പിൽ ജയിച്ച ചാണ്ടി ഇനി ഓട്ടം നിർത്തുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചെങ്കിലും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പുതുപ്പള്ളിയിൽ നിന്നും കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ, കൊട്ടാരക്കര, ചിറയിൻകീഴ് വഴി ഓടിയാണ് ചാണ്ടി നിയമസഭയിൽ എം ൽ എ ആയി സത്യപ്രതിജ്ഞ ചെയ്യുവാൻ എത്തിയത്. ഇപ്പോൾ കേൾക്കുന്നത് പുതുപ്പള്ളിയിൽ മുഴുവൻ ചാണ്ടിയെ കാണ്മാനുണ്ടോ എന്നുള്ള ബോർഡുകൾ ഉയർന്നിരിക്കുകയാണ്. കാരണം കഴിഞ്ഞ ഒന്നര വർഷമായി ചാണ്ടി വിദേശ യാത്രകൾക്കാണ് കൂടുതൽ സമയം കണ്ടെത്തുന്നത്. ചാണ്ടിക്ക് ഏറെ ഇഷ്ടം അമേരിക്കയാണ് എം ൽ എ ആയ ശേഷം ചാണ്ടി അമേരിക്കയിൽ വന്നു പോയതിന് കണക്കില്ല

അമേരിക്കയിൽ എത്തിയാലും ചാണ്ടി വെറുതെ ഇരിക്കില്ല ഓട്ടത്തോട് ഓട്ടമാണ് പക്ഷേ നാട്ടിലെ അപേക്ഷിച്ചു ചെറിയ വ്യത്യാസം ഉള്ളത് മലയാളികളുടെ വീടുകളിലേയ്ക്കു ഓടുന്നത് പോലെ മാരത്തോൺ മത്സരങ്ങളിലും ഓടും. ന്യൂയോർക്കും ചിക്കാഗോയും ലോസലാഞ്ചാസും ഹൂസ്റ്റനും മയാമിയും ചാണ്ടിക്ക് ഓടാൻ ഇഷ്ടമുള്ള നഗരങ്ങൾ ആണ്

യൂറോപ്പിലെ ഡബ്ലിനും ലണ്ടനും പാരിസും ജനീവയും ഓട്ടം പൂർത്തിയാക്കിയ ചാണ്ടി ഓസ്‌ട്രേലിയയിൽ പോയി മെൽബണിലും സിഡ്‌നിയിലും അഡ്ലേയ്ഡിലും പെർത്തിലും രണ്ടു റൗണ്ട് ഓട്ടം പൂർത്തിയാക്കി. ജെർമനി വളരെ ഇഷ്ടപ്പെട്ട ചാണ്ടി ഇനി തന്നെ കാണേണ്ട പുതുപ്പള്ളിയിലെ നാട്ടുകാരോട് ജർമനിയിലേക്ക് വരുവാൻ പറയുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്

ചാണ്ടിയുടെ വിദേശത്തുള്ള ഈ സാഹസിക ഓട്ടം കണ്ടു മടുത്ത കോൺഗ്രസ്‌ ഹൈക്കൻമാൻഡ് ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തന്നെ യൂത്ത് കോൺഗ്രസ്‌ ഔട്ട്‌ റീച് ഭാരവാഹി സ്‌ഥാനത്തു നിന്നും ചാണ്ടിയെ പുറത്താക്കി

അന്നുമുതൽ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പട പൊരുതുന്ന ചാണ്ടി പാലക്കാട്‌ ഇലക്ഷനിൽ കോൺഗ്രസ്‌ സ്‌ഥാനാർഥിയായ രാഹുൽ മാംക്കൂട്ടത്തിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിക്കുവാൻ എത്തിയപ്പോൾ ഡൽഹിയിലേക്കാണ് മാരത്തോൺ ഓടിയത്

പാലക്കാട്‌ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പ്രത്യക്ഷപെടാതിരുന്ന ചാണ്ടി ഇപ്പോൾ അവകാശപ്പെടുന്നത് വയനാട്ടിൽ പ്രിയങ്കഗാന്ധി രാഹുൽഗാന്ധിയെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടിയത് താൻ മണ്ഡലം മുഴുവൻ ഓടിയതുകൊണ്ടാണ് എന്നാണ്

ഏതായാലും ഇപ്പോൾ ഒടുവിൽ കേൾക്കുന്നത് എല്ലാ അയ്യപ്പ ഭക്തരും നാമം ജപിച്ചു നടന്നു പോകുന്ന ശബരിമല അയ്യപ്പ സന്നിധിയിലേക്കും ചാണ്ടി ഇരുമുടി കെട്ടുമായി ഓടിയെന്നാണ്.

രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments