Saturday, October 5, 2024
Homeഅമേരിക്കബഷീർ ദിനത്തിൽ .. ✍അഫ്സൽ ബഷീർ തൃക്കോമല

ബഷീർ ദിനത്തിൽ .. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

ജൂലൈ 5 .മലയാള സാഹിത്യത്തിലെ മുടിചൂടാ മന്നനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർന്റെ ചരമവാർഷീക ദിനംമാണ് ബഷീർ ദിനമായി ആചരിക്കുന്നത് .

1908 ജനുവരി 21 നു കോട്ടയം ജില്ലയിലെ വൈക്കം- തലയോലപ്പറമ്പിൽ കായി അബ്ദുറഹ്‌മാന്റേയും കുഞ്ഞാത്തുമ്മയുടെയും മകനായി ജനിച്ചു .ഫാത്തിമ ബഷീർ എന്ന ഫാബി യാണ് ജീവിത സഖി, പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.5-o ക്ലാസ്സിൽ പഠിക്കുമ്പോൾ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി യാത്ര ചെയ്‌തു കോഴിക്കോട്ടെത്തി ഗാന്ധിജിയെ തൊട്ടതിനെ കുറിച്ച് പിന്നീട് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്.

1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി പുറത്തു വന്നതിനു ശേഷം പിന്നീട്‌ സ്വാതന്ത്ര്യ സമരത്തിലെ തീവ്രവാദ സംഘടനയുടെ മുഖപത്രമായ “ഉജ്ജീവന”ത്തിലെഴുതിയ ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ യാത്ര ചെയ്തു . “അതിസാഹസികമായ യാത്ര”യെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത് .ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിവര്യന്മാരുടെയും കൂടെയും , പാചകക്കാരനായും, മായാജാലകാരന്റെ സഹായിയായും ഒക്കെ അലഞ്ഞു തിരിഞ്ഞു. ആഫ്രിക്കയിലും അറബിനാടുകളിലും ഒക്കെ എത്തപ്പെട്ടു , ഒൻപതു വർഷത്തോളം നീണ്ട ഈ യാത്രയിൽ പല ഭാഷകളും സംസ്കാരങ്ങളും ഗ്രഹിച്ചു, ഈ യാത്രകളിൽ നിന്നും ലഭിച്ച അനുഭവങ്ങളും പരന്ന വായനയും അദ്ദേഹത്തെ എഴുത്തുകാരനാക്കി എന്നതാണ് വസ്തുത .

ലോക സഞ്ചാരത്തിനിടയിൽ നിന്നും ലഭിച്ച ജീവിതങ്ങളോ അനുഭവങ്ങളോ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന “ജയകേസരി”യിൽ പ്രസിദ്ധീകരിച്ച കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ”തങ്കം “ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. പ്രേമലേഖനം ബാല്യകാലസഖി(പിന്നീട് സിനിമയാക്കിയിട്ടുണ്ട്), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ (നോവൽ 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി), ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ), ശബ്ദങ്ങൾ, അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്), സ്ഥലത്തെ പ്രധാന ദിവ്യൻ, വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ) ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ,ജന്മദിനം (ചെറുകഥകൾ)
ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) ,അനർഘനിമിഷം (ലേഖനങ്ങൾ)
വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ)
മരണത്തിൻറെ നിഴൽ (നോവൽ) മുച്ചീട്ടുകളിക്കാരൻറെ മകൾ ,
പാവപ്പെട്ടവരുടെ വേശ്യ ,
ജീവിതനിഴൽപാടുകൾ
വിശപ്പ് (ചെറുഥകൾ)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും
താരാ സ്പെഷ്യൽ‌സ് ,
മാന്ത്രികപ്പൂച്ച ,നേരും നുണയും,
ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) ,
ആനപ്പൂട,ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ)
എം.പി.പോൾ (ഓർമ്മക്കുറിപ്പുകൾ)
ശിങ്കിടിമുങ്കൻ,ചെവിയോർക്കുക, അന്തിമകാഹളം, (പ്രഭാഷണം),യാ ഇലാഹി(ചെറുകഥകൾ; മരണശേഷം പ്രസിദ്‌ധീകരിച്ചത്) സർപ്പയജ്ഞം (ബാലസാഹിത്യം)എന്നിവയാണ് കൃതികൾ .

1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ച അദ്ദേഹത്തിന്റെ കൃതികളിലെ ഭാഷ പ്രയോഗങ്ങളിൽ വിവർത്തനം ചെയ്യാൻ കഴിയാത്ത അത്ര പ്രാദേശിക പ്രയോഗങ്ങൾ കടന്നു കൂടിയതുകൊണ്ടായിരിക്കാം ജ്ഞാനപീഠ പുരസ്കാരമോ, സാഹിത്യത്തിൽ നോബൽ സമ്മാനമോ ലഭിക്കാവുന്ന അത്ര സംഭാവന നൽകിയിട്ടും അതൊന്നും ലഭിക്കാതപോയത് . എന്നാൽ ബഷീറിയനിസം അഥവാ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ എഴുത്തിന്റെ ജനകീയ മുഖം കൊണ്ട് കൂടിയാണ് .

ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ കൃതികളാണ്, മാത്രമല്ല വർത്തമാന കാലത്തു പോലും “എട്ടുകാലി മമ്മൂഞ്ഞു” പോലുള്ള കഥാപാത്രങ്ങൾ നിരന്തരം സ്മരിക്കപ്പെടുന്നു അത്തരം ആളുകൾ നമുക്കിടയിൽ വിലസി നടക്കുന്നു അതുകൊണ്ടു വർത്തമാന കാലത്തും ബഷീറിന്റെ പ്രസക്തി ഏറെയാണ് .

“ഒന്നുമൊന്നും ഇമ്മിണി ബല്യ ഒന്നെന്നും”,ഒക്കെയുള്ള നർമ്മവും , അനുഭവങ്ങൾ വിവരിക്കാൻ അദ്ദേഹം സ്വന്തം ഭാഷയുണ്ടാകുകയും ചെയ്തതൊക്കെ സാഹിത്യ ചരിത്രത്തിലെ അപൂർവതകളാണ്, ഹിന്ദുവായ കേശവൻ നായരുടെയും ക്രിസ്ത്യാനിയായ സാറാമ്മയുടെയും കുഞ്ഞിന് ഇടാൻ കണ്ടെത്തിയ പേര് “ആകാശമിഠായി.” ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം, വെളിച്ചത്തിനെന്തു തെളിച്ചം, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പദങ്ങളും ബഷീറിയൻ പ്രയോഗങ്ങളും, “വേണ്ട, എനിക്കു ബുദ്ധിവേണമെന്നില്ല. ഏതെങ്കിലും മൃഗമായാൽ മതി. ഏതെങ്കിലും വൃക്ഷമായാൽ മതി” എന്നു പറയുന്ന അദ്ദേഹം പ്രകൃതിസ്‌നേഹി കൂടിയായിരുന്നു, മാങ്കോസ്റ്റിനും സപ്പ്പോട്ടയും മാവും തെങ്ങും തുടങ്ങി സസ്യ വൃക്ഷ ലതാതികളും സകല ജീവജാലങ്ങളെയും മനഃപൂർവം കഥകളിൽ തിരുകി കയറ്റിയിരുന്നു.

കൂടാതെ ഭൂമിയുടെ അവകാശികളിൽ മനുഷ്യനെപ്പോലെ തന്നെ മുഴുവൻ ജീവി വർഗത്തിനും സസ്യലതാതികൾക്കും തുല്യ പ്രാധാന്യമുണ്ടെന്ന് ഉറക്കെ പറയുകയും ചെയ്തിരുന്നു .”പാത്തുമ്മയുടെ ആടിന് സ്വന്തം പുസ്തകങ്ങൾ തന്നെ തിന്നാൻ കൊടുക്കുന്ന ബഷീർ… സാഹിത്യത്തിലെ ഒന്നാമത്തെ മലയാളിയാണെന്ന് നിസംശയം പറയാം .

1994 ജൂലൈ 5 നു വിടപറഞ്ഞുവെങ്കിലും മരണമില്ലാത്ത കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ ലോക അവസാനം വരെ അദ്ദേഹം ജീവിക്കും .

✍ അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments