ബാലപീഡനങ്ങൾക്കെതിരെ നടപടിയെടത്തില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബി (68) രാജിവച്ചു. 1970 കളിലും 1980 കളിലും സഭ നടത്തിയ ക്രിസ്മസ് അവധിക്കാല ക്യാമ്പിൽ വ്യാപകമായി ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണ കമ്മീഷൻ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പരാതി ശരിയാണെന്നും വിഷയം കൈകാര്യം ചെയ്തതിൽ ക്യാമ്പിന്റെ ചുമതലക്കാരനായ പുരോഹിതനായിരുന്ന ഇന്നത്തെ ആർച്ച്ബിഷപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ ചെയർമാനുമായ ജോൺ സ്മിത്തായിരുന്നു കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തത്.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും ആർച്ച്ബിഷപ്പ് വിൽബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയർന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങൾ നിവേദനം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആർച്ച്ബിഷപ്പ് രാജിവച്ചത്.
ബാലപീഡനങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്നാണ് ആർച്ച് ബിഷപ്പിനെതിരെയുള്ള പരാമർശം. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും സ്മിത്തിന് വിദേശത്തു പോകാൻ സഭ അനുമതി നൽകിയെന്നും തുടർന്ന് സിംബാബ്‌വേയിലും ദക്ഷിണാഫ്രിക്കയിലും പോയ സ്മിത്ത് അവിടെയും ബാലപീഡനം തുടർന്നുവെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. ബ്രിട്ടൻ, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലുമായി 130ലേറെ കുട്ടികളാണ് സ്മിത്തിന്റെ പീഡനങ്ങൾക്ക് ഇരയായത്. 2018ൽ സ്മിത്ത് മരിച്ചു.
2013 മാർച്ച് 21 ന് കാന്റർബറി കത്തീഡ്രലിൽ വെച്ചായിരുന്നു ജസ്റ്റിൻ വെൽബിയെ ആർച്ച് ബിഷപ്പ് ആയി ഉയർത്തിയത്. ഇംഗ്ലീഷിലേക്കുള്ള കത്തോലിക്ക സഭയുടെ അപ്പോസ്‌തലൻ കാന്റർബറിയിലെ അഗസ്റ്റിന്റെ പിന്തുടർച്ചാവകാശത്തിന്റെ ഭാഗമായി ഈ സ്ഥാനം വഹിക്കുന്ന 105-ാമത്തെ വ്യക്തിയാണ് വെൽബി.