Friday, January 10, 2025
Homeഅമേരിക്കകലാലയത്തിന്റെ ഇടനാഴികളിലെ സൗഹൃദത്തിന്റെ സുഗന്ധം വിതറി അമിക്കോസ് സമ്മേളനം വേറിട്ട അനുഭവമായി.

കലാലയത്തിന്റെ ഇടനാഴികളിലെ സൗഹൃദത്തിന്റെ സുഗന്ധം വിതറി അമിക്കോസ് സമ്മേളനം വേറിട്ട അനുഭവമായി.

ഷാജി രാമപുരം

ഡാളസ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആയ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് (അമിക്കോസ് ) നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൺവെൻഷനും, എഴുപത്തിയഞ്ചാം വാർഷിക സമ്മേളനവും ടെക്സാസിലെ ഹിൽട്ടൺ ഗാർഡൻ ഇൻ ഡങ്കൻവില്ലെയിൽ വെച്ച് നടത്തപ്പെട്ടതിന്റെ സമാപന തിരശീല വീണപ്പോൾ മാർ ഇവാനിയോസ് കലാലയത്തിന്റെ ഇടനാഴികളിലെ സൗഹൃദത്തിന്റെ പഴയക്കാല ഓർമ്മകളുടെ സുഗന്ധം വിതറിയ ഒരു വേറിട്ട അനുഭവമായി മാറി.

1949-ൽ രൂപീകൃതമായ മാർ ഇവാനിയോസ് കോളേജ് കേരളത്തിന്റെ അക്കാദമി രംഗത്തും , സാംസ്‌കാരിക രംഗത്തും മികവിന്റെ ഒരു പര്യായമാണ്. കാലത്തിനപ്പുറം കലാലയത്തിനുമപ്പുറം “എന്ന ടാഗ് ലൈനിനെ ആസ്പദമാക്കി നടത്തപ്പെട്ട സമ്മേളനം ഒരു ഒത്തുചേരൽ എന്നതിനപ്പുറം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഇപ്പോഴും ആഴത്തിൽ വേരോടുന്ന മധുരമേറിയ ഓർമ്മകളെ പുതുക്കുവാനും പുതിയ വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയായതായി സമ്മേളനത്തിൽ പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി.

അമിക്കോസ് രക്ഷാധികാരിയും, കാതലിക്ക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയുടെ അധ്യക്ഷനും, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് മുൻ അധ്യാപകനും, പ്രമുഖ ധനതത്വശാസ്ത്ര പണ്ഡിതനുമായ ബിഷപ് ഡോ.ജോസഫ് മാർ തോമസ് രാജ്യാന്തര സമ്മേളനം ഉത്ഘാടനം ചെയ്തത്. ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ്, ചലച്ചിത്ര താരങ്ങളായ നന്ദു, സാബു തിരുവല്ല, ഡിനി എലിസബത്ത് ദാനിയേൽ, പ്രമുഖ ന്യൂറോ സർജൻ ഡോ.അരുൺ ഉമ്മൻ (എറണാകുളം), എഴുത്തുകാരിയും കവിയുമായ ത്രേസ്യാമ്മ നാടാവള്ളിൽ , ഗായകനും സംഗീത സംവിധയകനുമായ ഡോ. രജു ജോസഫ് (കൊച്ചി )തുടങ്ങിയർ മുഖ്യാതിഥികൾ ആയിരുന്നു.

ഡാളസിലെ ഡങ്കൻവില്ലേ സിറ്റി മേയർ ഗ്രേഗ് കോൺട്രേറസ് , ഫൊക്കാന സ്ഥാപകാംഗവും അമികോസ് വൈസ്. പ്രസിഡന്റുമായ ഡോ. അനിരുദ്ധൻ , ഫാ. സജി മുക്കൂട്ട് (അറ്റ്ലാന്റാ),വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ , ഡോ. ജോഷി ജേക്കബ് (അറ്റ്ലാന്റാ), ഡോ. മാത്യു ടി.തോമസ് (വാഷിംഗ്ടൺ), ഡോ.ജേക്കബ് ഈപ്പൻ (കാലിഫോർണിയ), ഡോ.സുരേഷ് സാമുവേൽ (ലണ്ടൻ), ജോർജ്എസ്.ജോർജ് (മെൽബോൺ), സാജൻ പോൾ (കൊച്ചി) തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

സമാപന സമ്മേളനം അമിക്കോസ് പ്രസിഡന്റും, മുൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയും, പ്രമുഖ സാഹിത്യകാരനും, കവിയുമായ കെ.ജയകുമാർ ഐ എ എസ് ഉത്ഘാടനം ചെയ്തു. മൂന്ന് ദിവസം നടന്ന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ കലാപരിപാടികളിൽ സ്ത്രീകൾ തുഴഞ്ഞ ചുണ്ടൻ വള്ളവും, നാടൻ കലാരൂപമായ വില്ലടിച്ചൻ പാട്ടും, മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും ,ഗസ്സൽ ഗാനമേളയും, വിവിധ അമേരിക്കൻ കലാരൂപങ്ങളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഡോ. നീനാ ഈപ്പൻ (മെരിലാൻഡ് ), അനീഷ ജോൺ എന്നിവർ സമ്മേളനത്തിന്റെ എം.സി മാരായി പ്രവർത്തിച്ചു. അമിക്കോസ് അന്താരാഷ്ട്ര കൺവെൻഷന്റെ പ്രസിഡന്റ് സാബു തോമസ്(ചിക്കാഗോ ), കൺവീനർ ജിമ്മി കുളങ്ങര (ഡാളസ് ), കോ – കൺവീനർ സുജൻ കാക്കനാട്ട് (ഹ്യുസ്റ്റൺ ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ഷാജി രാമപുരം

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments