അമേരിക്കയുടെ നമ്പര്‍ വണ്‍ കോണ്ടം എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്ന ട്രോജന്‍ കോണ്ടത്തില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപണം. മാത്യു ഗുഡ്മാന്‍ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച പരാതി മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
കോണ്ടത്തില്‍ പിഎഫ്എഎസ് എന്നറിയപ്പെടുന്ന പോളിഫ്‌ളൂറോ ആല്‍ക്കൈല്‍ സബ്സ്റ്റന്‍സ് അടങ്ങിയിട്ടുണ്ടെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഗുഡ്മാന്റെ ഹര്‍ജിയില്‍ പറയുന്നു.ട്രോജന്‍ അള്‍ട്രാ തിന്‍ കോണ്ടത്തിന്റെ ലാബ് പരിശോധനാ ഫലത്തെപ്പറ്റിയും അദ്ദേഹം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ കോണ്ടത്തില്‍ ഓര്‍ഗാനിക് ഫ്ളൂറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ കോണ്ടം പാക്കറ്റിന്റെ പുറത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇവ താന്‍ വാങ്ങിക്കില്ലായിരുന്നുവെന്നും ഗുഡ്മാന്‍ പറഞ്ഞു. ട്രോജന്‍ കോണ്ടം വാങ്ങിയവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ (34.15 കോടിരൂപ) നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.
കോണ്ടത്തിലെ പിഎഫ്എഎസിന്റെ സാന്നിദ്ധ്യം ക്യാന്‍സര്‍, കുറഞ്ഞ രോഗപ്രതിരോധ ശേഷി, എന്നീ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു വെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം ട്രോജന്‍ കോണ്ടം നിര്‍മാതാക്കളായ ചര്‍ച്ച് ആന്‍ഡ് ഡൈ്വറ്റ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉപഭോക്തൃ അവകാശ സംരക്ഷണ സംഘടനയായ മാമവേഷന്‍ ഈയടുത്ത് ഒരു പഠനം നടത്തിയിരുന്നു. ഇതില്‍ കോണ്ടം, ലൂബ്രിക്കന്റ് എന്നിവയില്‍ പിഎഫ്എഎസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇപിഎ സര്‍ട്ടിഫൈഡ് ലാബ് പരിശോധനയില്‍ ട്രോജന്‍ അള്‍ട്രാ തിന്‍ കോണ്ടം ഉള്‍പ്പെടെ പരിശോധിച്ച 29 ഉല്‍പ്പന്നങ്ങളില്‍ 14 ശതമാനത്തിലും പിഎഫ്എഎസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
പരിശോധിച്ച 25 കോണ്ടങ്ങളില്‍ 3 എണ്ണത്തിലും 4 ലൂബ്രിക്കന്റില്‍ ഒരെണ്ണത്തിലും പിഎഫ്എഎസിന്റെ പ്രധാന ഘടകമായ ഓര്‍ഗാനിക് ഫ്ളൂറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ച് ശാസത്രജ്ഞയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് മുന്‍ മേധാവിയുമായ ലിന്‍ഡ ബേണ്‍ബോം രംഗത്തെത്തി.അതേസമയം പിഎഫ്എഎസ് പദാര്‍ത്ഥങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ കോണ്ടം നിര്‍മാതാക്കള്‍ ശ്രദ്ധിക്കണമെന്നും മാമവേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.