ന്യൂഡൽഹി: അമേരിക്ക 10 മില്യൺ ഡോളർ (84.47 കോടി രൂപ) വിലമതിക്കുന്ന പുരാവസ്തുക്കളാണ് തിരികെ നൽകുന്നത്. ഇവയിൽ, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈയിടെ കണ്ടിരുന്ന വസ്തുക്കളും ഉൾപ്പെടുന്നെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
1980-ൽ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്നും കൊള്ളയടിച്ച മണലിൽ തീർത്ത നർത്തകിയുടെ ശില്പം, രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തിൽ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലിൽ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങള്‍ ഇന്ത്യയിൽ തിരികെ എത്തിച്ച പുരാവസ്തുക്കളിൽ ഉൾപ്പെടുന്നു.
മ്യൂസിയത്തിന്റെ രക്ഷാധികാരികളിൽ ഒരാൾക്ക് അനധികൃതമായി വിൽക്കുകയും മ്യൂസിയത്തിന് സംഭവന നൽകുകയും ചെയ്ത ശില്പമാണിതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയതായി വ്യക്തമാക്കിയിരുന്നു.
അനധികൃത വ്യാപാരം തടയുന്നതിനായും പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കരാറില്‍ ജൂലൈയില്‍ യുഎസും ഇന്ത്യയും ഒപ്പു വച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുരാവസ്തുക്കൾ കൈമാറിയത്. വിവിധ ഇടങ്ങളിൽ നിന്നും മോഷ്ടിച്ച 297 പുരാവസ്തുക്കൾ സെപ്റ്റംബറിൽ അമേരിക്ക ഇന്ത്യക്ക് തിരികെ നൽകിയിരുന്നു.