ഹൊബാർട്ട് ; ഓസ്‌ട്രേലിയയിലെ ടാസ്‌മാനിയ ദ്വീപിലെ ഹൊബാർട്ടിൽ വെള്ളിയാഴ്‌ച സൂര്യനുദിച്ചത് 3,000 നഗ്നരായ മനുഷ്യർ ഡെർവന്റ് നദിയിൽ നീന്തുന്നത് കണ്ടാണ്. വർഷത്തിലെ ഏറ്റവും നീണ്ട രാത്രി കടന്ന് പോയത് ആഘോഷിക്കാനാണ് ഇത്രയും പേർ നഗ്നരായി നദിയിലെത്തിയത്.
2013 ലാണ് ആദ്യമായി ഡെർവന്റ് നദിക്കരയിൽ നഗ്നരായി ആളുകൾ നീന്താനെത്തിയത്. അന്നുണ്ടായിരുന്ന ആളുകളുടെ എണ്ണം 300 ൽ താഴെ മാത്രമായിരുന്നു. എന്നാലീ ആഘോഷത്തിന്റെ 11-ാം വർഷത്തിൽ നദിയിലേക്ക് നഗ്നരായി നീന്താനെത്തിയവരുടെ എണ്ണം 3,000 ൽ എത്തിനിൽക്കുന്നു. ആദ്യ വർഷം തന്നെ പബ്ലിക് ന്യൂഡിറ്റി റെഗുലേഷൻസിന്റെ അടിസ്ഥാനത്തിൽ പരിപാടി റദ്ദാക്കിയിരുന്നു. എന്നാൽ സംഘാടകർ സംസ്ഥാന സർക്കാരിന്റെയും, പൊലീസിന്റെയും, ഹൊബാർട്ട് സിറ്റി കൗൺസിലിന്റെയും പ്രത്യേക അനുമതിയോടെ നീന്തൽ സംഘടിപ്പിക്കുകയായിരുന്നു.
ചുവന്ന ജ്വാലകളുടേയും ഡ്രംസ് താളത്തിന്റെയും അകമ്പടിയോടെയാണ് നീന്തൽ ആരംഭിച്ചത്. ഡ്രംസ് താളം കേൾക്കുന്നത വരെ ഷൂ അഴിക്കരുതെന്നും, മണൽ മരവിച്ചിരിക്കുകയാണെന്നും നീന്താനായി എത്തിയവർ പറയുന്നു. ഡെർവന്റ് നദിയിലെ തണുപ്പ് അനുഭവിച്ച 3000 പേർക്കും പറയാനുള്ളത് മികച്ച അനുഭവങ്ങൾ മാത്രം.
ഡാർക്ക് മോഫോ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു ഡെർവന്റ് നദിയിലെ നീന്തൽ. സാമ്പത്തിക പ്രതിസന്ധി കാരണം ഈ വർഷം ചെറിയ രീതിയിലാണ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ടാസ്‌മാനിയൻ സർക്കാരിന്റെ സാമ്പത്തിക സഹായം ഫെസ്‌റ്റിവലിന് ലഭിക്കുന്നുണ്ട്.