Thursday, December 26, 2024
Homeഅമേരിക്കആക്രമണം വ്യാപിപ്പിച്ച്‌ ഇസ്രയേൽ ; ഹിസ്‌ബുള്ളയുമായി കടുത്ത ഏറ്റുമുട്ടൽ.

ആക്രമണം വ്യാപിപ്പിച്ച്‌ ഇസ്രയേൽ ; ഹിസ്‌ബുള്ളയുമായി കടുത്ത ഏറ്റുമുട്ടൽ.

റാമള്ള/ ഗാസ സിറ്റി
ഗാസയിലെ കൂട്ടക്കൊരുതി ശക്തമായി തുടരുമ്പോൾ, അതിർത്തിരാജ്യമായ ലബനനിലേക്കും ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ റോക്കറ്റ്‌ ആക്രമണത്തിൽ ഹിസ്‌ബുള്ള നേതാവ്‌ കൊല്ലപ്പെട്ടു. ഹിസ്‌ബുള്ളയുടെ ജെറ്റ്‌ വിമാനവും ആയുധസംഭരണ കേന്ദ്രവും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. തിരിച്ചടിയായി വടക്കൻ ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ ഹിസ്‌ബുള്ള റോക്കറ്റ്‌ ആക്രമണം നടത്തി.

ലബനനിലേക്കുള്ള ആക്രമണം ഒഴിവാക്കണമെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. തുടർ ആക്രമണം നടത്തി ലബനനെ മറ്റൊരു ഗാസയാക്കരുതെന്നും മുന്നറിയിപ്പ്‌ നൽകി. യുദ്ധം മധ്യപൗരസ്ത്യദേശമാകെ വ്യാപിച്ചാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലബനനുമായി സംഘർഷം ഒഴിവാക്കണമെന്ന്‌ അമേരിക്കയും ഇസ്രയേലിനോട്‌ ആവശ്യപ്പെട്ടു. എന്നാൽ, ആക്രമണം കൂടുതൽ രൂക്ഷമാക്കുമെന്ന സൂചനകളാണ്‌ ഇസ്രയേൽ നൽകുന്നത്‌. ആക്രമണം വ്യാപിപ്പിച്ചാൽ ഇസ്രയേലിന്റെ ഒരു ഭാഗവും സുരക്ഷിതമായിരിക്കില്ലെന്ന്‌ ഹിസ്‌ബുള്ള നേതാവ്‌ ഹസൻ നസറള്ള മുന്നറിയിപ്പ്‌ നൽകി. അതിനിടെ, ഗാസയില്‍ മവാസി അഭയാർഥി ക്യാമ്പിലേക്ക്‌ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.

35 പേർക്ക്‌ പരിക്ക്‌. ഗാസ സിറ്റിയിലെ അൽ ഷാതി ക്യാമ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽകൊണ്ട്‌ ഒരു ഗുണവും ഉണ്ടായില്ലെന്ന്‌ യു എൻ പ്രതികരിച്ചു.

പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച്‌ അർമേനിയ. അന്താരാഷ്ട്ര നിയമങ്ങൾ അംഗീകരിച്ചും രാജ്യങ്ങളുടെ പരമാധികാരവും സമാധാനപരമായ സഹവർത്തിത്വവും അംഗീകരിച്ചുമാണ്‌ നടപടിയെന്ന്‌  സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സാധാരണക്കാർക്കുനേരെയും ജനവാസമേഖലകളിലേക്കും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച അർമേനിയ, സായുധാക്രമണങ്ങളിൽ മനുഷ്യരെ കവചങ്ങളാക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. ഹമാസ്‌ ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

തീരുമാനത്തെ പലസ്തീൻ അതോറിറ്റി സ്വാഗതം ചെയ്തു. അതേസമയം, അർമേനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇസ്രയേൽ വിദേശ മന്ത്രാലയം അതൃപ്തി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments