ഗാസ സിറ്റി; ഇസ്രയേൽ ഗാസയിൽ നടത്തുന്ന കടന്നാക്രമണം 250 ദിവസം പൂർത്തിയാകുമ്പോൾ മുനമ്പിലുടനീളമായി ആകെ 37,202 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പാതിയോളം കുട്ടികളാണ് (15,694).ആരോഗ്യപ്രവർത്തകരായ 498 പേരും 150 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.
ഗാസയിലേക്കുള്ള എല്ലാ വഴിയും കൊട്ടിയടയ്ക്കപ്പെട്ടതോടെ ഭക്ഷ്യവസ്തുക്കളുടെയടക്കം വിതരണം പൂർണമായും നിലച്ചു. ഇതോടെ, 33 പേർ ഇതുവരെ പട്ടിണികിടന്ന് മരിച്ചതായും ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. മരിച്ചവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
ഇതുവരെ 79,000 ടൺ സ്ഫോടകവസ്തുക്കളാണ് ഇസ്രയേൽ ഗാസയ്ക്കുമേൽ വർഷിച്ചത്. പ്രധാന ആശുപത്രികളും ആരാധനാലയങ്ങളും തകർത്തു. 206 സംരക്ഷിത കെട്ടിടങ്ങളും തകർക്കപ്പെട്ടവയിൽപ്പെടുന്നു. 17,000 കുട്ടികൾക്ക് രക്ഷിതാക്കളെ നഷ്ടമായി.
ലൈംഗിക അതിക്രമങ്ങളും നടന്നെന്ന് യു എൻ.
ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ച ആദ്യ മാസങ്ങളിൽ ഹമാസും ഇസ്രയേൽ സൈന്യവും ലൈംഗികാതിക്രമങ്ങളും നടത്തിയെന്ന് യു എൻ വിദഗ്‌ധർ. ഇസ്രയേലിന്റേത് മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേൽ ആരോപണങ്ങൾ നിഷേധിച്ചു. കടന്നാക്രമണം ആരംഭിച്ച 2023 ഒക്ടോബർ ഏഴുമുതൽ വർഷാവസാനംവരെയുള്ള സംഭവങ്ങളാണ് സംഘം പരിശോധിച്ചത്.
ഹമാസിന്റെ നിർദേശം പരിശോധിക്കുമെന്ന് ബ്ലിങ്കൻ. ഗാസയിൽ ഉടൻ വെടിനിർത്തണമെന്ന യു എൻ പ്രമേയം സംബന്ധിച്ച് ഹമാസ് മുന്നോട്ടുവച്ച മാറ്റങ്ങൾ പരിശോധിക്കുമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ചില നിർദേശങ്ങൾ നടപ്പാക്കാനാകുന്നതാണെന്നും ചിലത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.
പൂർണ വെടിനിർത്തൽ, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റം തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവച്ചതെന്നാണ് വിവരം. മധ്യസ്ഥചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ഖത്തറും ഈജിപ്തും മുഖേനയാണ് ഹമാസും പലസ്തീൻ ഇസ്ലാമിക് ജിഹാദും മാറ്റങ്ങൾ നിർദേശിച്ചത്.