ഐഫോണുകളുടെയും ആപ്പിള്‍ വാച്ചുകളുടേയും റിപ്പയര്‍, വാറണ്ടി നയങ്ങളില്‍ മാറ്റം വരുത്തി ആപ്പിള്‍. വീഴുകയോ മറ്റെന്തെങ്കിലും ആഘാതം ഏല്‍ക്കുകയോ ചെയ്യാതെ ഐഫോണിലും ആപ്പിള്‍ വാച്ചിലും ഉണ്ടാവുന്ന നേര്‍ത്ത പൊട്ടലുകള്‍ക്ക് നേരത്തെ കമ്പനി വാറണ്ടി അനുവദിച്ചിരുന്നു.
ഉദാഹരണത്തിന് ഫോണ്‍ എവിടെയെങ്കിലും വീഴുകയോ തട്ടുകയോ ചെയ്യാതെ അല്ലെങ്കില്‍ അത്തരം ആഘാതങ്ങളേറ്റതിന്റെ തെളിവുകളൊന്നുമില്ലാതെ ഫോണിന്റെ സ്‌ക്രീനില്‍ ഉണ്ടാവുന്ന ചെറിയ പൊട്ടലുകള്‍ സ്റ്റാന്റേര്‍ഡ് വാറണ്ടിക്ക് കീഴില്‍ സൗജന്യമായി ഫോണ്‍ റിപ്പയര്‍ ചെയ്തുതരുമായിരുന്നു. എന്നാല്‍ പരിഷ്‌കരിച്ച പുതിയ നയം അനുസരിച്ച് ചെറിയ പൊട്ടലുകള്‍ക്ക് സ്റ്റാന്റേര്‍ഡ് വാറണ്ടി ലഭിക്കില്ല. പകരം അത്തരം അറ്റകുറ്റപ്പണികള്‍ ‘ആക്‌സിഡന്റല്‍ ഡാമേജ്’ വിഭാഗത്തിലാണ് പരിഗണിക്കുക. അങ്ങനെ വരുമ്പോള്‍ അറ്റകുറ്റപ്പണിക്ക് അധികതുക നല്‍കേണ്ടി വരും.
നയത്തില്‍ വരുത്തിയ ഈ മാറ്റം ആപ്പിള്‍ സ്റ്റോറുകളെയും അംഗീകൃത സര്‍വീസ് സെന്ററുകളെയും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതോടെ സ്‌ക്രീനിലുണ്ടാകുന്ന ചെറിയ പൊട്ടലുകള്‍ സര്‍വീസ് സെന്ററുകളില്‍ പണം നല്‍കാതെ ശരിയാക്കിത്തരില്ല. ഐഫോണുകള്‍ക്കും, ആപ്പിള്‍ വാച്ചുകള്‍ക്കുമാണ് ഈ മാറ്റം ബാധകം. ഐപാഡുകള്‍ക്കും, മാക്ക് കംപ്യൂട്ടറുകള്‍ക്കും പഴയ നയം തന്നെയാണ്.
റിപ്പയര്‍, വാറന്റി നയത്തില്‍ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരാനുള്ള കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആപ്പിളിന്റെ സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ക്ക് അതിഭീമമായ ചിലവുണ്ട്. നേരത്തെ തന്റേതല്ലാത്ത കാരണത്താല്‍ ഫോണിന് സംഭവിക്കുന്ന ഇത്തരം
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാന്റേര്‍ഡ് വാറന്റിയിലൂടെ ഉപഭോക്താവിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇനി അതിന് സാധിക്കില്ലെന്ന് മാത്രമല്ല.
അതിഭീമമായ ചിലവും ഇതിനായി നല്‍കേണ്ടിവരും.