ആപ്പിളിന്റെ ഐ ഫോൺ 16 സീരീസ് വിൽക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്‍ഡോനീഷ്യ. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്നും ഐ ഫോൺ 16 ഇന്‍ഡോനീഷ്യയിലേക്ക് കൊണ്ടുവരാനും ആവില്ല. ഐഫോൺ 16-ന് ഇന്‍ഡോനീഷ്യയിൽ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്നതാണ് വിലക്കിലേക്ക് നയിച്ച കാരണം.
നിരവധി കാരണങ്ങളാണ് ഇന്‍ഡോനീഷ്യയിലെ ഐ ഫോൺ 16 നിരോധനത്തിനുപിന്നിലുള്ളത്. ഐ.എം.ഇ.ഐ സർട്ടിഫിക്കേഷൻ കിട്ടാത്തത് അതിലൊന്നുമാത്രമാണ്. ഈ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതിയുള്ളൂ. ഐഫോണ്‍ 16 ഇന്‍ഡോനീഷ്യയില്‍ ആരെങ്കിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ കണ്ടാല്‍ അധികാരികളെ അറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് ഇന്‍ഡോനീഷ്യയെ ചൊടിപ്പിക്കാനുള്ള മറ്റൊരു കാരണം. പ്രാദേശിക തലത്തിലെ പ്രവർത്തനങ്ങൾക്കായി 1.71 ട്രില്യൺ റുപ്പയ (ഏകദേശം 919 കോടി ഇന്ത്യൻ രൂപ) നിക്ഷേപിക്കുമെന്ന് ആപ്പിൾ വാഗ്ദാനം ചെയ്തിരുന്നു.
പ്രാദേശിക പ്രവർത്തനങ്ങളിൽ കമ്പനി 1.48 ട്രില്യൺ രൂപ (ഏകദേശം 795 കോടി) മാത്രമാണ് നേടിയത്. ഈ കുറവ് കാരണം, ആപ്പിളിന് ഇപ്പോഴും 230 ബില്യൺ റുപ്പയ അല്ലെങ്കിൽ ഏകദേശം 123.6 കോടി കടമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ ഐഫോൺ 16-ന് പ്രവർത്തനാനുമതി ലഭിക്കില്ലെന്ന് മന്ത്രി കർത്താസസ്മിത വ്യക്തമാക്കി.
ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി പറഞ്ഞിരുന്നു. ഇവയ്ക്ക് ടി.കെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഡോനീഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതായിരിക്കണം എന്നു നിബന്ധന ചെയ്യുന്നതാണ് ടി.കെ.ഡി.എന്‍. ഇതു പാലിക്കുന്ന കമ്പനികള്‍ക്കാണ് ടികെ.ഡി.എന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ആപ്പിളിൽ നിന്ന് ടികെ.ഡി.എന്‍ അപേക്ഷ ലഭിച്ചെന്ന് വ്യവസായ വകുപ്പിന്റെ വക്താവ് ഫെബ്രി ഹെന്‍ഡ്രി അന്റോണി അരിഫ് സ്ഥിരീകരിച്ചു. എന്നാല്‍, ആപ്പിള്‍ നിക്ഷേപ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കാത്തിരിക്കുകയാണ് സർക്കാർ.
ഈ വർഷം ആദ്യം ടിം കുക്കിൻ്റെ ജക്കാർത്ത സന്ദർശന വേളയിൽ നടന്ന ആപ്പിളും ഇന്‍ഡോനീഷ്യൻ സർക്കാരും തമ്മിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. എന്നിട്ടും ഐ ഫോൺ 16 ഉം ആപ്പിൾ വാച്ച് സീരീസ് 10, ഐഫോൺ 16 പ്രോ അറേ ഉൾപ്പെടെയുള്ള മറ്റ് പുതിയ ഉൽപ്പന്നങ്ങളും. ഇന്‍ഡോനീഷ്യയിൽ ഇപ്പോഴും ലഭ്യമല്ല. ഇവയെ എല്ലാം സർക്കാർ പടിക്ക് പുറത്താക്കിയിരിക്കുകയാണ് ഇന്‍ഡോനീഷ്യൻ സർക്കാർ.
ഐ ഫോൺ തന്നെ യാത്രയിൽ കൊണ്ടുവരണമെന്നുള്ളവർക്ക് പഴയ, സാധുതയുള്ള ഐ.എം.ഇ.ഐ നമ്പറുള്ള ഐ ഫോൺ കൊണ്ടുവരാം. ഇത് ഇന്‍ഡോനീഷ്യൻ നെറ്റ് വർക്കിലുൾപ്പെട്ടവയാണെന്ന് ഉറപ്പുവരുത്തുകയുംവേണം.
ഇന്‍ഡോനീഷ്യ വിവിധതരം സ്‌മാർട്ട്‌ഫോണുകളും പോർട്ടബിൾ വൈഫൈ ഉപകരണങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വിമാനത്താവളങ്ങളിലും ജനപ്രിയ ടൂറിസ്റ്റ് ലൊക്കേഷനുകളിലും ഇതെളുപ്പത്തിൽ ലഭ്യവുമാണ്. എല്ലാത്തിലും പുറമേ പ്രാദേശിക നിക്ഷേപവുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഭാഗത്തുനിന്നുള്ള അപ്ഡേറ്റുകളും നിരീക്ഷിച്ചുകൊണ്ടിരിക്കണം.