ചരിത്രം കുറിക്കുന്ന നേട്ടങ്ങള്‍ കൈവരിച്ച ദൗത്യം പൂര്‍ത്തിയാക്കി പൊളാരിസ് ഡോണ്‍ ദൗത്യ സംഘാംഗങ്ങളെ വഹിച്ചുള്ള സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യര്‍ ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുക എന്നീ ചരിത്ര നേട്ടങ്ങള്‍ കൈവരിച്ചതിന് ശേഷമാണ് ദൗത്യ സംഘം തിരിച്ചെത്തിയിരിക്കുന്നത്. ബഹിരാകാശ നടത്തത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്തിരുന്നു.
പൂര്‍ണമായും സ്വകാര്യ വ്യക്തികള്‍ മാത്രം പങ്കെടുത്ത ദൗത്യത്തിന്റെ മിഷന്‍ കമാന്‍ഡര്‍ ഷിഫ്റ്റ് 4 സി.ഇ.ഒ. ജാരെഡ് ഐസാക്മാന്‍ ആണ്. ഇദ്ദേഹത്തെ കുൂടാതെ മിഷന്‍ പൈലറ്റ് സ്‌കോട്ട് പൊറ്റീറ്റ്, മിഷന്‍ സ്‌പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, മിഷന്‍ സ്‌പെഷ്യലിസ്റ്റ് അന്ന മെനോന്‍ എന്നിവരും ദൗത്യത്തിന്റെ ഭാഗമായി. ജാരെഡ് ഐസാക്മാന്‍ ആണ് ദൗത്യത്തിന്റെ ചെലവ് വഹിച്ചത്.
ഐസാക്മാന്‍ പ്രഖ്യാപിച്ച മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ ആദ്യത്തേതാണ് ഇത്. അപ്പോളോ 17 ദൗത്യത്തിന് ശേഷം ഏറ്റവും അധികം ദൂരം സഞ്ചരിച്ചത് ഈ ദൗത്യ സംഘമാണ്. 1400 കിലോമീറ്ററിലധികം ഉയരത്തിലാണ് പേടകം സഞ്ചരിച്ചത്. പിന്നീട് 700 കിമീ പരിധിയിലേക്ക് തിരിച്ചുവന്നതിന് ശേഷമാണ് സ്‌പേസ് വാക്ക് നടത്തിയത്.