ആപ്പിൾ മാക്ക്ബുക്ക് ഉപഭോക്താക്കള്‍ക്ക് താമസിയാതെ നഷ്ടപരിഹാരമായി കയ്യില്‍ കുറച്ച് കാശ് ലഭിച്ചേക്കും. 2015-2019 കാലയളവില്‍ തകരാറുള്ള ബട്ടര്‍ഫ്‌ളൈ കീബോര്‍ഡുമായി അവതരിപ്പിക്കപ്പെട്ട മാക്ക്ബുക്ക് വാങ്ങിയവര്‍ക്കാണ് നഷ്ടപരിഹാരമായ ഒരു തുക ലഭിക്കുക. കഴിഞ്ഞയാഴ്ചയാണ് കോടതി നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിറക്കിയത്. 2024 ഓഗസ്‌റ്റോടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കും.
2015-19 കാലയളവില്‍ മാക്ക്ബുക്കില്‍ ഒട്ടേറെ പ്രശ്‌നങ്ങളുള്ള ബട്ടര്‍ഫ്‌ളൈ കീബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നല്‍കിയ കേസിലാണ് 5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിള്‍ സമ്മതിച്ചത്.
പല ഉപഭോക്താക്കള്‍ക്കും കീകാപ്പുകള്‍ നിരന്തരം മാറ്റേണ്ടിവന്നു, കീബോര്‍ഡ് ഡെക്ക് റിപ്പയര്‍ ചെയ്യേണ്ടിവന്നും ചിലപ്പോള്‍ കീബോര്‍ഡ് തന്നെ ഒന്നാകെ മാറ്റിവെക്കേണ്ടിവന്നു. കീബോര്‍ഡിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2018 ല്‍ ഒരു റിപ്പയര്‍ പ്രോഗ്രാം അവതരിപ്പിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ അതുകൊണ്ട് സാധിച്ചില്ല. ഉപഭോക്താക്കള്‍ക്ക് പല തവണയായി സര്‍വീസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട സ്ഥിതിവന്നു.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി, കീ കാപ്പുകള്‍ മാറേണ്ടി വന്നവര്‍ക്ക് 50 ഡോളര്‍ വരെ (4173 രൂപ) നഷ്ടപരിഹാരമായി ലഭിക്കും ലഭിക്കും. കീബോര്‍ഡ് ഡെക്ക് ശരിയാക്കേണ്ടി വന്നവര്‍ക്ക് 125 ഡോളറും (10432 രൂപ) രണ്ട് തവണയെങ്കിലും കീബോര്‍ഡ് പൂര്‍ണമായും മാറ്റേണ്ടി വന്നവര്‍ക്ക് 395 ഡോളര്‍ (32965 രൂപ) വരെയും നഷ്ടപരിഹാരം നൽകും.
“കേസില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ 2023 മാര്‍ച്ച് വരെ സമയം നല്‍കിയിരുന്നു. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയവരില്‍ നിന്ന് യോഗ്യരായവര്‍ക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. 2015-19 കാലയളവില്‍ പുറത്തിറങ്ങിയ മാക്ക്ബുക്കിന്റെ ഉപഭോക്താവായിരുന്നു എങ്കില്‍ ഈ തുക ലഭിക്കാന്‍ യോഗ്യരാണ്. 2023 മേയിലാണ് കോടതി ഒത്തുതീര്‍പ്പിന് സമ്മതിച്ചത്. എന്നാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം വ്യക്തമല്ല.