ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ആപ്ലിക്കേഷന്‍ ഇപ്പോള്‍ മാക്ക് ഉപഭോക്താക്കള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. മുമ്പ്, ചാറ്റ് ജിപിടി ആപ്പ് മാക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെങ്കിലും ജിപിടി പ്ലസ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാക്ക് ഉപഭോക്താക്കള്‍ക്ക് ഓപ്പണ്‍ എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ആപ്പിള്‍ സിലിക്കണില്‍ പ്രവര്‍ത്തിക്കുന്ന മാക്ക് ഒഎസ് 14 പ്ലസിലോ പുതിയ പതിപ്പുകളിലോ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ മാത്രമേ ചാറ്റ് ജിപിടി ആപ്പ് പ്രവര്‍ത്തിക്കൂ. ഇന്റല്‍/എക്‌സ്86 അധിഷ്ഠിത മാക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ആപ്പ് പ്രവര്‍ത്തിക്കില്ല.
ഐപാഡിനും ഐഫോണിനും വേണ്ടിയുള്ള ചാറ്റ് ജിപിടി ആപ്പ് ആപ്പ് സ്റ്റോറില്‍ ലഭ്യമാണെങ്കിലും മാക്ക് പതിപ്പ് ആപ്പ് സ്‌റ്റോറില്‍ ഇല്ല. പകരം openai.com/chatgpt/mac എന്ന യുആര്‍എലില്‍ നിന്ന് ആപ്പ് സൈഡ് ലോഡ് ചെയ്യാനാവും.
ഓപ്ഷന്‍ + സ്‌പേസ് ബട്ടനുകള്‍ ഷോര്‍ട്ട് കട്ടായി ഉപയോഗിച്ച് മാക്കില്‍ വളരെ എളുപ്പം ചാറ്റ് ജിപിടി ആപ്പ് ഉപയോഗിക്കാനാവും. ചിത്രങ്ങളും, ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യാനും ശബ്ദനിര്‍ദേശങ്ങളിലൂടെ ചാറ്റ് ജിപിടിയുമായി സംവദിക്കാനും സാധിക്കും. ഏറ്റവും പുതിയ ജിപിടി 4 മോഡല്‍ സൗജന്യമായി ഉപയോഗിക്കാനും ചാറ്റ് ജിപിടി മാക്ക് അനുവദിക്കും.