എന്നെ വളരെയധികം സ്നേഹിച്ചിരുന്ന, ഞാൻ വളരെയധികം ബഹുമാനിച്ചിരുന്ന ചാക്കോച്ചൻറെ (ടി എസ് ചാക്കോ) വിയോഗ വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിയില്ല കാരണം, കഴിഞ്ഞ കുറേ നാളായി അദ്ദേഹം ഗുരുതര രോഗബാധിതനായിരുന്നു എന്ന സത്യം എൻറെ മനസ്സിൽ വേരുറച്ചു കഴിഞ്ഞിരുന്നു.
ആരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കാപട്യമില്ലാത്ത ഒരു നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം ഓരോരുത്തരോടും ഇടപെട്ടിരുന്നത്.
വെള്ള മുണ്ടും ഷർട്ടും, തോളിൽ ഒരു കസവു നേര്യയതുമണിഞ്ഞുകൊണ്ട് ‘ഫൊക്കാന’ യുടെ പ്രധാന കൺവെൻഷൻ വേദികളിലെല്ലാം ഒരു കാരണവരുടെ തലയെടുപ്പോടെ ചാക്കോച്ചായൻ നിറഞ്ഞു നിന്നിരുന്നു.
പ്രധാന ഭാരവാഹികളെ സ്റ്റേജിൽ ഇരുത്തിക്കൊണ്ട്, അവരുടെ പ്രവർത്തന പോരായ്മകളെ, സദസ്യരുടെ മുന്നിൽവെച്ച് വിമർശിക്കുന്നതിന് അദ്ദേഹം ഒരു വിമുഖതയും കാണിച്ചിരുന്നില്ല. അതു കേട്ടു ഉള്ളു തുറന്നു ചിരിക്കുകയല്ലാതെ അവർക്കാർക്കും അദ്ദേഹത്തോട് ഒരു പരിഭവവും തോന്നിയിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിൻറെ പ്രത്യേക വ്യക്തി പ്രഭാവം.
ബഹുമാനപ്പെട്ട കളത്തിൽ പാപ്പച്ചൻ ‘ഫൊക്കാന’ പ്രസിഡൻറ് ആയിരുന്നപ്പോൾ ടി എസ് ചാക്കോ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായിരുന്നു. ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡൻറ് ചുമതല എനിക്കായിരുന്നു. സൂം മീററിംഗുകൾ പോയിട്ട് സെൽഫോണു പോലും പ്രചാരണത്തിലില്ലായിരുന്ന ആ കാലത്തു ഞാനും ചാക്കോച്ചായനും ഒരുമിച്ചായിരുന്നു പലപ്പോഴും കമ്മറ്റി മീറ്റിംഗുകളിൽ പങ്കെടുക്കുവാനുള്ള യാത്ര. ഒരുപാട് ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് .
ഇരവിപേരൂരിലെ വീട്ടിൽ ഒറ്റയ്ക്ക് താമസമാക്കിയപ്പോഴും, ചാക്കോച്ചായൻ ആൾക്കൂട്ടത്തിന് നടുവിലായിരുന്നു.
ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല
സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവരെല്ലാമായി നല്ല ബന്ധം പുലർത്തിയിരുന്നു. ഓരോ ഗ്രൂപ്പിനുവേണ്ടിയും പ്രത്യേക സ്വീകരണ സൽക്കാരങ്ങളാണ് ഒരുക്കിയിരുന്നത്. മാർത്തോമ വലിയ മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം തിരുമേനി, ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി, മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തിട്ടുള്ള പരിപാടികളിൽ ഒരു സാന്നിധ്യം ആകുവാൻ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു എന്നുള്ള കാര്യം സ്നേഹത്തോടെ ഓർക്കുന്നു.
ഒരുപാടു നല്ല ഓർമ്മകൾ നൽകി യാത്രയാകുന്ന ചാക്കോച്ചന്റെ പൊട്ടിച്ചിരിക്കുന്ന മുഖചിത്രം മനസ്സിൻറെ ഭിത്തിയിൽ സൂക്ഷിക്കുവാനാണ് എനിക്കിഷ്ടം.
ആദരാഞ്ജലികൾ..!!