Wednesday, January 15, 2025
Homeഅമേരിക്കഐപിഎസ്എഫ് 2024: കൊപ്പേൽ സെന്റ്. അൽഫോൻസാ ചാമ്പ്യന്മാർ; ഹൂസ്റ്റൺ സെന്റ്‌ ജോസഫ് റണ്ണേഴ്‌സ് അപ്പ്

ഐപിഎസ്എഫ് 2024: കൊപ്പേൽ സെന്റ്. അൽഫോൻസാ ചാമ്പ്യന്മാർ; ഹൂസ്റ്റൺ സെന്റ്‌ ജോസഫ് റണ്ണേഴ്‌സ് അപ്പ്

മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനായുടെ ആഭിമുഖ്യത്തിൽ നടന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവലിന് (IPSF 2024) വിജയകരമായ സമാപനം.

IPSF 2024 ന് തിരശീല വീണപ്പോൾ കൊപ്പേൽ സെന്റ് അൽഫോൻസാ ഓവറോൾ ചാമ്പ്യരായി. ആതിഥേയരായ ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ഫൊറോനായാണ് റണ്ണേഴ്‌സ് അപ്പ്.

ഡിവിഷൻ – ബി യിൽ മക്കാലൻ ഡിവൈൻ മേഴ്‌സി, സാൻ.അന്റോണിയോ സെന്റ് തോമസ് എന്നീ പാരീഷുകൾ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങളും നേടി.

ചിക്കാഗോ സീറോ മലബാർ രൂപതയിലെ ടെക്സാസ്-ഒക്ലഹോമ റീജണിലെ എട്ടു ഇടവകകൾ ചേർന്ന് നടത്തിയ മെഗാ സ്പോർട്സ് ഫെസ്റ്റിൽ 2000 കായികതാരങ്ങളും അയ്യായിരത്തിൽ പരം ഇടവകാംഗങ്ങളും പങ്കുചേർന്നു . നാല് ദിവസം നീണ്ട കായിക മേളക്കു ഹൂസ്റ്റണിലെ ഫോർട്ട് ബെന്റ് എപ്പിസെന്റർ മുഖ്യ വേദിയായി. റീജണിലെ സഭാ വിശ്വാസികളുടെ സംഗമത്തിനും, പ്രത്യേകിച്ചു യുവജനങ്ങളുടെ കൂട്ടായ്മക്കുമാണ് സ്പോർട്സ് ഫെസ്റ്റിവൽ സാക്ഷ്യമേകിയത്.

ആവേശം വാനോളമുയർത്തിയ കാലാശപോരാട്ടങ്ങൾക്കൊടുവിൽ ചിക്കാഗോ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായ കൊപ്പേൽ സെന്റ്. അൽഫോൻസാ പാരീഷ് 290 പോയിന്റ്‌ നേടിയാണ് ഓവറോൾ ചാമ്പ്യരായത്. മുൻ ചാമ്പ്യനായ ഹൂസ്റ്റൺ സെന്റ്‌ ജോസഫ് ഫൊറോനാ 265 പോയിന്റ് നേടി തൊട്ടു പിന്നിലെത്തി.

ഓഗസ്റ്റ് 1 മുതൽ 4 തീയതികളിലായിരുന്നു മേള. രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്‌ എന്നിവർ ഉദ്ഘാടനവും ജേതാക്കൾക്കുള്ള ട്രോഫി വിതരണവും നിർവഹിച്ചു.

ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്‌, മിസ്സൂറി സിറ്റി മേയർ ⁠റോബിൻ ഏലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് എന്നിവരും ഫെസ്റ്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

രൂപതാ പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റ് ഫാ. മെൽവിൻ പോൾ മംഗലത്ത്, ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ വികാരിയും IPSF ചെയർമാനുമായ ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, ഹൂസ്റ്റൺ ഫൊറോനാ അസി. വികാരി ഫാ.ജോർജ് പാറയിൽ, ഫാ. ജെയിംസ് നിരപ്പേൽ, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ ജിമ്മി എടക്കളത്തൂർ, ഫാ ആന്റോ ആലപ്പാട്ട്, ഫാ ആന്റണി പിട്ടാപ്പിള്ളിൽ , ഫാ. വർഗീസ് കുന്നത്ത്‌, ഫാ. ജോർജ് സി ജോർജ് , ഫാ. ജിമ്മി ജെയിംസ്, IPSF ചീഫ് കോർഡിനേറ്റേഴ്‌സ് സിജോ ജോസ് (ട്രസ്റ്റി), ടോം കുന്തറ, സെന്റ് ജോസഫ് ഹൂസ്റ്റൺ ഫൊറോനാ ട്രസ്റ്റിമാരായ പ്രിൻസ് ജേക്കബ് , വർഗീസ് കല്ലുവെട്ടാംകുഴി, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നൽകി.

മുഖ്യ സ്പോൺസർ ജിബി പാറക്കൽ, ഗ്രാന്റ് സ്പോൺസർ അലക്സ് കുടക്കച്ചിറ, പ്ലാറ്റിനം സ്പോൺസർ അനീഷ് സൈമൺ തുടങ്ങിയവർ ബിഷപ്പിനോടൊപ്പം ട്രോഫികൾ വിതരണം ചെയ്തു.

ആത്മീയ അന്തരീഷം മുൻനിർത്തി മുന്നേറിയ കായികമേളയെ മാർ. ജോയ് ആലപ്പാട്ട്‌ പ്രത്യേകം പ്രകീർത്തിച്ചു. കലാ കായിക മേളകളിലൂടെയും ആത്മീയതയിലേക്ക് യുവജനങ്ങളെ നയിക്കുക എന്നീ മുഖ്യ ലക്ഷ്യത്തോടെയാണ് രൂപതയിൽ ടെക്‌സാസ് ഒക്ലഹോമ റീജണിൽ സ്പോർട്സ് – ടാലന്റ് ഫെസ്റ്റുകൾ ആരംഭിച്ചത്. ‘A SOUND MIND IN ASOUND BODY’ എന്നതായിരുന്നു സ്പോർട്സ് ഫെസ്റ്റിന്റെ ആപ്തവാക്യം. ദിവസേന രാവിലെ വി. കുർബാനക്കും പരിശുദ്ധ ആരാധനക്കുള്ള സൗകര്യവും വേദിയിൽ ക്രമീകരിച്ചിരുന്നു.

ക്രിക്കറ്റ് , വോളിബോൾ, സോക്കർ , ബാസ്കറ്റ് ബോൾ, വോളിബോൾ, വടം, വലി, ടേബിൾ ടെന്നീസ്, ടെന്നീസ്, ത്രോബോൾ, ഡോഡ്ജ് ബോൾ , ബാറ്റ്മിന്റൺ, ചെസ്, കാരംസ് , ചീട്ടുകളി, നടത്തം, പഞ്ച ഗുസ്തി, ഫ്ലാഗ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ പുരുഷ വനിതാ വിഭാഗങ്ങളിലായി വിവിധ ഏജ് കാറ്റഗറികളെ അടിസ്‌ഥാനമാക്കി പ്രധാനമായും നടന്നു. അഞ്ചു വേദികളിലായി മത്സരങ്ങൾ ക്രമീകരിച്ചു.

വാശിയേറിയ കലാശപോരാട്ടങ്ങൾ മിക്ക വേദികളേയും ഉത്സവാന്തരീഷമാക്കി. പ്രവാസി മലയാളികൾ പങ്കെടുക്കുന്ന അമേരിക്കലെ ഏറ്റവും വലിയ കായിക മേളയായി മാറി ഐപിഎസ്എഫ് 2024.

സിജോ ജോസ്, ടോം കുന്തറ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ നീണ്ട നാളത്തെ തയ്യാറെടുപ്പുകൾ കായിക മേളയെ വൻ വിജയമാക്കി. ഫെസ്റ്റിന്റെ ഭക്ഷണശാലകളിൽ രുചിയേറും കേരളീയ വിഭങ്ങൾ ഉടെനീളം ഒരുക്കി മേള ഏവർക്കും ഒരുപോലെ ആസ്വാദ്യകരമാക്കാനും സംഘാടകർക്കു കഴിഞ്ഞു.

ആറാമത് ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് (ഐപിഎസ്എഫ് 2026) ടെക്‌സാസിലെ എഡിൻ ബർഗിൽ നടക്കും. ഡിവൈൻ മേഴ്‌സി ഇടവകയാണ് ആതീഥേയർ.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments