Saturday, January 4, 2025
Homeഅമേരിക്ക2024-നു വിട- ✍രാജു മൈലപ്രാ

2024-നു വിട- ✍രാജു മൈലപ്രാ

രാജു മൈലപ്രാ

ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, ഒരു ഫോൺ കോളു കൊണ്ടോ, ഒരു സന്ദർശനം കൊണ്ടോ പരിഹരിക്കപ്പെടാമായിരുന്ന എത്രയോ അവസരങ്ങൾ, ബന്ധങ്ങൾ നമ്മുടെ ഉദാസീനത മൂലം, ഇനിയൊരിക്കലും തിര്യെ പിടിക്കാനാവാത്ത വിധം നമ്മുടെ കൈയിൽ നിന്നും വഴുതി പോയിട്ടുണ്ട്.

ദുരന്തങ്ങൾ പെയ്‌തിറങ്ങിയ ഒരു വർഷമാണ് നമ്മുടെ കൺമുമ്പിൽ കൂടി കടന്നു പോയത്. 2024-ൽ എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു എൻ്റെ ബാല്യകാല സുഹൃത്തായിരുന്ന ജോസിന്റെ വേർപാട്.
അവസാനകാലത്ത് എന്നെ ഒരു നോക്കു നേരിൽ കാണുവാൻ അവൻ വളരെ ആഗ്രഹിച്ചിരുന്നു. ആശുപ്രതിക്കിടക്കയിൽ നിന്നും, ആരുടെയോ സഹായത്തോടെ ഓക്‌സിജൻ മാസ്ക്ക് മാറ്റിയ ശേഷം അവൻ എന്നോടു സംസാരിച്ചു.

‘എനിക്കു തീരെ വയ്യാടാ!’ ജോസിൻ്റെ ശബ്ദം ഇടറിയിരുന്നു. കണ്ണുകളിൽ ആശങ്കയുടെ നനവ്. ഒന്നോ രണ്ടോ മിനിറ്റ് വളരെ ബദ്ധപ്പെട്ട് എന്നോടു സംസാരിച്ചു. എന്നെ കാണണമെന്നുള്ള ആഗ്രഹം പറയാതെ പറഞ്ഞു.
ജോസിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റി, അവൻറെ സഹോദരൻ, അനിയൻ എന്നെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ജോസിനെ ഉടനെ പോയി കാണണമെന്ന് എൻ്റെ ഭാര്യയും നിർദ്ദേശിച്ചു. എന്തോ ചില കാരണങ്ങളാൽ, യാത്ര രണ്ടു മൂന്നു ദിവസത്തേക്കു മാറ്റി വെച്ചു. വിധി നടപ്പാക്കുവാൻ കാലം ആർക്കും വേണ്ടിയും കാത്തു നിൽക്കാറില്ല.

മുള്ളുവേലികൾ കൊണ്ട് അതിരുകൾ തമ്മിൽ വേർതിരിവില്ലാതിരുന്ന ഒരു കാലത്ത്, തൊട്ടടുത്തുള്ള വീടുകളിൽ ഒരേ വർഷം, ഒരേ മാസം രണ്ടോ മൂന്നോ ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു ഞങ്ങളുടെ ജനനം.
ഓർമ്മയിൽ ഇന്നും മങ്ങാതെ മായാതെ നിൽക്കുന്ന എത്രയോ രസകരമായ സംഭവങ്ങളാണ് ഞങ്ങൾ ഒരുമിച്ചു പങ്കിട്ടിരിക്കുന്നത്.

കുട്ടിക്കാലത്ത് കുസൃതികളുടെ രാജകുമാരനായിരുന്നു ജോസ്. ജോസിനെ മുന്നിൽ നിർത്തി ഞങ്ങൾ ഒരുമിച്ചു ചെയ്യുന്ന കുരുത്തക്കേടുകൾക്കെല്ലാം, ശിക്ഷ കിട്ടിയിരുന്നത് ജോസിനാണ്. പിതാവ് ഒരു അദ്ധ്യാപകനായിരുന്നതിനാൽ ശിക്ഷയുടെ കാര്യത്തിൽ ഇളവൊന്നുമുണ്ടായിരുന്നില്ല.

ജീവിതത്തിൽ ഒരിക്കൽ മാത്രമേ എൻ്റെ പിതാവ് എനിക്കൊരു തല്ലു തന്നിട്ടുള്ളൂ-അത് വെറുമൊരു തലോടലു പോലെ മാത്രമേ എനിക്കു തോന്നിയിട്ടുള്ളൂ-അത്ര തങ്കപ്പെട്ട സ്വഭാവമായിരുന്നു എന്റേത്. സത്യത്തിൽ സ്വഭാവ മഹിമ കൊണ്ടു തങ്കപ്പൻ എന്നൊരു പേരായിരുന്നു എനിക്കു കൂടുതൽ യോജിച്ചത്.
ഞങ്ങളുടെ വീട്ടിലെ പോലീസ് ഡിപ്പാർട്ടുമെന്റ്റ് കൈകാര്യം ചെയ്തിരുന്നതാണ്. അമ്മയുടെ കൈയിൽ നിന്നും തരക്കേടില്ലാത്ത മർദ്ദനമുറകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

സത്യൻ, അംബിക, അടൂർഭാസി തുടങ്ങിയവർ അഭിനയിച്ച ‘കളഞ്ഞു കിട്ടിയ തങ്കം’ പത്തനംതിട്ട വേണുഗോപാൽ ടാക്കീസിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. ആ സിനിമായൊന്നു കാണുവാൻ അതിയായ മോഹം.
മനസുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്. വീട്ടു മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന റബർ ഷീറ്റുകളിൽ മൂന്നെണ്ണം എടുത്ത് ജോസ് മുണ്ടിനിടയിൽ തിരുകി. എന്നെയും കൂട്ടി മണ്ണാരക്കുളഞ്ഞി കളീക്കലെ ജോഷ്വായുടെ റബ്ബർകടയിൽ പോയി മോഷണമുതൽ വിറ്റു കാശാക്കി. ഒന്നരയുടെ ‘ചന്ദ്രിക’ ബസിനു കയറി പത്തനംതിട്ടയിലെത്തി.

‘കൈ നിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ…’
പത്തനംതിട്ട ടൗണിനെ പുളകമണിയിച്ചുകൊണ്ട് കളിയല്ല കല്യാണം എന്ന സിനിമയിലെ ഹിറ്റ്ഗാനം ഉച്ചഭാഷിണിയിൽക്കൂടി മുഴങ്ങുന്നു.
തറടിക്കറ്റെടുക്കുന്നത് ഒരു തറപ്പരിപാടി ആയതു കൊണ്ട്, അന്തസിനു കോട്ടം തട്ടാതെ ചാരുബെഞ്ചിനാണു ടിക്കറ്റ് എടുത്തത്.

സിനിമാ കണ്ടു കഴിഞ്ഞപ്പോൾ, അക്കാലത്തു പത്തനംതിട്ടയിൽ പുതുതായി തുടങ്ങിയ ‘എവർഗ്രീൻ’ ഹോട്ടലിലേക്കു പോയി. അവിടുത്തെ ‘പൊറോട്ട-മട്ടൺ ചാപ്‌സ്’ വളരെ പ്രശസ്തി നേടിയ ഒരു ഐറ്റമായിരുന്നു. രണ്ടു പേർക്കും കൂടി അഞ്ചുരൂപയിൽ താഴെ മാത്രമേ ബില്ലു വന്നുള്ളൂ.

പത്തനംതിട്ടയിൽ ബില്ലെഴുതി കൊടുക്കുന്ന ആദ്യത്തെ ഹോട്ടലായിരുന്നു എവർ ‘ഗ്രീൻ’- അതുവരെ ‘മുന്നേ വരുന്ന കഷണ്ടി പറ്റ് ഒരു രൂപാ, പിറകേ വരുന്ന മീശ അൻപതു പൈസാ’- എന്ന രീതിയാണ് തുടർന്നു പോന്നത്.

രുചികരമായ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ അതിനു മേമ്പൊടിയായി ഒരു സിഗരറ്റു കൂടി വലിക്കണമല്ലോ. എവർഗ്രീനിൽ മാത്രം കിട്ടുന്ന ഓരോ ‘പ്ലേയേഴ്സ്’ സിഗരറ്റു കൂടി വാങ്ങി- നല്ല വിലയുള്ള ആ സിഗരറ്റിൻ്റെ പുകക്ക് നല്ല സുഗന്ധമാണ്- അതും നീട്ടി വലിച്ച്, വീട്ടിലെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ആലോചിക്കാതെ, വെട്ടിപ്രം വഴി നടന്നു വീട്ടിലെത്തി.

പുളിക്കലെ ഉണ്ണിച്ചായന്റെ കടയുടെ ഇരുളിൻ്റെ മറവിൽ ഒളിച്ചിരുന്നു ബീഡി വലിച്ച് രസിച്ചതും ഞാനും ജോസും ഒരുമിച്ചാണ്.

പിന്നീടാണ് പ്രായം ഒരു പടികൂടി കടന്നപ്പോൾ, കൊച്ചുവീട്ടിലെ കുഞ്ഞുമോൻ്റെ മാടക്കടയിൽ തട്ടിനിടയിൽ ഒളിപ്പിച്ചു വെച്ചു കച്ചവടം നടത്തുന്ന ഓരോ പൊടികുപ്പി(ചാരായം)അകത്താക്കിയതും ഓർമ്മയിൽ തികട്ടി വരുന്നു. ‘പിള്ളാരേ അച്ചായൻ അറിയരുതേ- വീട്ടിൽ കയറുന്നതിനു മുൻപേ കുറച്ചു മാവില വായിലിട്ടു ചവച്ചോണേ!’ കുട്ടികളെ നേർവഴിക്കു നടത്തുന്ന നല്ലവനായ കുഞ്ഞുമോൻ്റെ ഉപദേശം. കുഞ്ഞുഞ്ഞു പണിക്കൻ്റെ നീല പെയിൻ്റടിച്ച ആശാൻ വണ്ടിയിലാണു ഞാനും ജോസും സൈക്കിൾ കയറ്റം അഭ്യസിച്ചത്.

വീട്ടുകാർ ഉറങ്ങിയതിനു ശേഷം, ജോസിന്റെ ധൈര്യത്തിൽ അമ്പലപ്പരിപാടികൾക്കു പോകുന്ന പരിപാടിയും വല്ലപ്പോഴും ഉണ്ടായിരുന്നു.

സിനിമ, പന്തുകളി, സൈക്കിൾ കയറ്റം, കലാപരിപാടികൾ തുടങ്ങിയ ഒരു പരിപാടിക്കും നേരായ മാർഗ്ഗത്തിൽ കൂടി പോകുവാൻ അക്കാലത്ത് വീട്ടിൽ നിന്നും അനുവാദം കിട്ടുകയില്ല. ഇതിനൊക്കെ പെർമിഷൻ തരുന്നത് രക്ഷിതാക്കൾക്ക് ഒരു കുറച്ചിലായിരുന്നു. ‘നിന്നോടില്ലിയോ പോകണ്ടാ എന്നു പറഞ്ഞത്’- എന്ന വാചകം എത്രയോ തവണ കേട്ടിരിക്കുന്നു.

പത്താം ക്ലാസു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടു വഴിക്കായി. പിന്നീട് ഒരുമിച്ച് അമേരിക്കയിലായിരുന്നെങ്കിലും, ഞാൻ ന്യൂയോർക്കിലും, ജോസ് ഹൂസ്റ്റണിലുമായിരുന്നതിനാൽ, മുന്നോ നാലോ തവണ മാത്രമേ നേരിൽ കാണുവാനുള്ള അവസരം ലഭിച്ചിരുന്നുള്ളു.

എങ്കിലും വല്ലപ്പോഴുമൊക്കെ ഫോണിൽക്കൂടി ബാല്യകാല സ്‌മരണകൾ ഓർത്തെടുത്ത് ചിരിക്കുമായിരുന്നു.

റിട്ടയർമെന്റ് കാലമായപ്പോഴേക്കും ജോസിനു പലവിധ രോഗങ്ങൾ പിടിപെട്ടു. എല്ലാം ഒരു ‘ടേക്ക് ഇറ്റ് ഈസി’ അപ്രോച്ചിൽ തരണം ചെയ്തു.

കുടുംബാംഗങ്ങളോടൊപ്പം വളരെ സന്തുഷ്ടമായ ഒരു ജീവിതമായിരുന്നു ജോസിന്റേത്.
എന്നാൽ അവസാനമായി ആശുപ്രതിയിൽ അഡ്‌മിറ്റ് ആയപ്പോൾ, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നു ജോസിനു ഉറപ്പായിരുന്നു.
ആ അവസരത്തിലാണു എന്നെ വിളിച്ചത്. ജോസിൻ്റെ എന്നോടുള്ള സ്നേഹം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരന്, അവസാനമായി എന്നെ ഒന്നു നേരിൽ കാണണമെന്നുള്ള ആഗ്രഹം സഫലീകരിച്ചു കൊടുക്കുവാൻ എനിക്കു കഴിയാതെ പോയതിലുള്ള കുറ്റബോധം എനിക്കുണ്ട്.

‘പിന്നീടാവട്ടെ’ എന്നു കരുതി മാറ്റിവെയ്ക്കുന്ന പല കാര്യങ്ങൾക്കും ഒരു പിന്നീട് ചിലപ്പോൾ ഉണ്ടായെന്നു വരില്ല.

സെപ്റ്റംബർ 18-നു പുലർച്ചയോടെ ജോസ് യാത്രയായി. 2024-നെ എന്നും ഓർമ്മിക്കുവാൻ എനിക്കൊരു കാരണം കൂടി.

നന്മ നിറഞ്ഞ ഒരു നവവത്സരം എല്ലാവർക്കും നേരുന്നു!

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments