Saturday, January 4, 2025
Homeഅമേരിക്ക2024 ഡിസംബറിൽ കേരളാ യാത്രക്കിടെ കുറച്ചു ദുഃഖ സത്യങ്ങൾ (എ.സി.ജോർജ്)

2024 ഡിസംബറിൽ കേരളാ യാത്രക്കിടെ കുറച്ചു ദുഃഖ സത്യങ്ങൾ (എ.സി.ജോർജ്)

എ.സി.ജോർജ്

പ്രായം കൂടുന്തോറും ശാരീരിക അവശദകളും അസ്വസ്ഥതകളും എല്ലാം കൂടുമല്ലോ. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാനും സഹധർമ്മിണിയും ഒരു കേരള സന്ദർശനത്തിന് എത്തിയത്. ഇനി എത്ര കാലം ഇപ്രകാരം കേരള യാത്ര ചെയ്യാൻ പറ്റുമെന്നും അറിയില്ല. ഓരോ വർഷം ചൊല്ലുന്നോറും നാട്ടിലേക്കുള്ള പ്ലെയിൻ യാത്രയും വളരെ ദുസ്സ മായി തീരുന്നു. മേനി പറഞ്ഞിട്ടും വീരവാദം അടിച്ചിട്ടും കാര്യമില്ലല്ലോ. പ്ലെയിനിൽ ബിസിനസ് ക്ലാസ്സിൽ കയറാനുള്ള സാമ്പത്തികം എനിക്കില്ല. എയർലൈൻകളിൽ ചെക്ക് ചെയ്തപ്പോൾ രണ്ടുപേർക്കും കൂടി അങ്ങോട്ടുമിങ്ങോട്ടും ഉള്ള ബിസിനസ് ക്ലാസ്സിൽ യാത്രയ്ക്ക് ഏതാണ്ട് 22,000 ഡോളർ വേണമെന്നാണ് അറിഞ്ഞത്. അത്രയും ഉണ്ടെങ്കിൽ എനിക്ക് ഒരു വീട് മേടിക്കാനുള്ള ഡൗൺ പെയ്മെൻറ് നടത്താം എന്ന് ഞാൻ ചിന്തിച്ചു. കാര്യം അമേരിക്കയിൽ ഞങ്ങൾ കുടിയേറിയിട്ട് 50 വർഷം കഴിഞ്ഞു. ഏതായാലും ഒറ്റരാത്രിക്ക് കാലു നീട്ടി ബിസിനസ് ക്ലാസിൽ കയറി കുത്തിയിരുന്ന് ഉറങ്ങാൻ 22000 ഡോളർ വർത്തല്ല എന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ സാധാ ക്ലാസ്സിൽ തന്നെ ഇടിച്ചു കയറി. ഈ സാധാ ക്ലാസിനെ ചിലർ കന്നുകാലി ക്ലാസ് എന്നും പറയാറുണ്ടല്ലോ. അവരങ്ങനെ പറഞ്ഞോട്ടെ എന്നാലും കുഴപ്പമില്ല. യേശുക്രിസ്തു പിറന്നത് കന്നുകാലി തൊഴുത്തിൽ ആണല്ലോ. യേശു ക്രിസ്തു പിറന്നതും യാത്ര നടത്തിയതും ഒക്കെ ബിസ്സ്നെസ്സ് ക്ലാസ്സിൽ അല്ലല്ലോ, വെറും കന്നുകാലി ക്ലാസ്സിൽ അല്ലെ. ഭാരതീയർ കണ്ടുപിടിച്ച പുഷ്പ്പക വിമാനത്തിൽ എത്ര ക്ലാസ് ഉണ്ടായിരുന്നു എന്നും ഒരിടത്തും എഴുതി കണ്ടില്ല. ഈ ഡിസംബർ മാസത്തിൽ, പ്രത്യേകിച്ച് അത്തരം കന്നുകാലി ക്ലാസിൽ യാത്ര ചെയ്യുന്നത് ഏറ്റവും നല്ല പ്രവർത്തിയാണ്. നിങ്ങൾക്ക് കൂടുതൽ പണം ഉണ്ടെങ്കിൽ അത് മതം നോക്കാതെ പാവങ്ങൾക്ക് വിതരണം ചെയ്യുക. ഈ സാധാ ക്ലാസിൽ ആകട്ടെ പഴയ സൗകര്യങ്ങൾ ഒന്നും ഇല്ല താനും. അവിടെയും ഏതാണ്ട് സീറ്റുകൾ തമ്മിലുള്ള അകലം വളരെ ശുഷ്കമായി വരികയാണ്. ഒരുപക്ഷേ നാട്ടിലെ പ്രൈവറ്റ് ബസ്സിൽ ഇടിച്ചു കയറി കെട്ടി തൂങ്ങി വരുന്ന മാതിരി ഭാവിയിൽ പ്ലെയിനിൽ നമുക്ക് വരേണ്ടി വന്നേക്കാം. അതിന് ഒരു കാരണം, യാത്രക്കാരുടെ എണ്ണം കൂടിവരുന്നതാണ്, നാട്ടിൽ തന്നെ ആൾക്കാർ ഇപ്പോൾ അധികപക്ഷവും താമസിക്കുന്നത് വിദേശങ്ങളിൽ ആണ്. അധികമായി വരുന്ന ഈ യാത്രക്കാർക്ക് കയറാൻ വേണ്ടതായ പ്ലെയിനുകളുടെ, എണ്ണം ഒന്ന് വർദ്ധിപ്പിക്കാൻ പ്ലെയിൻ ലോബി സമ്മതിക്കുന്നുമില്ല. അവർ യാത്രക്കാരെ പ്രവാസികളെ, സൗകര്യം വെട്ടിച്ചുരുക്കി, യാത്രാനിരക്ക് കൂട്ടി, ചൂഷണം ചെയ്യുന്നു.ഇതിനൊക്കെ എതിരായി ശബ്ദിക്കാൻ ഇവിടെ ഒരു പ്രവാസി മെഗാ സംഘടനകൾ പോലുമില്ല. ഞാൻ ഒരു ആദ്യ കാല സംഘടനാ പ്രവർത്തകൻ ആണെങ്ങിൽ പോലും നമ്മുടെ ഒക്കെ സംഘടനകളുടെ ബലഹീനതകൾ നന്നായിട്ടു അറിയാം. അന്നെന്നപോലെയല്ല ഇന്നു കൂടുതലായി സംഘടനാ രംഗത്തു എട്ടുകാലി മമ്മുഞ്ഞകളുടെ വീമ്പടി വാർത്തകൾ കാണാം. അന്നൊക്കെ വെറും വെട്ടിഒട്ടിക്കൽ ജേർണലിസം ആയിരുന്നെങ്കിൽ ഇന്നു ഇലക്ട്രോണിക് മാദ്ധ്യമ യുഗമാണ് . അതായത് വാർത്തകളും വിശേങ്ങളും സെൽ ഫോണിലും വിരൽ തുമ്പിലും ആണു.

നെടുമ്പാശ്ശേരിയിൽ പ്ലെയിൻ ഇറങ്ങിയ ഞങ്ങൾ യാത്രാ ക്ഷീണം കൊണ്ട് ഒരു പഴം കഞ്ഞി പരുവത്തിൽ ആയിരുന്നു.

ഞങ്ങൾ വന്നിറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്റെ അമ്മയുടെ അനിയത്തി, ഞങ്ങൾ കുഞ്ഞാച്ചി എന്നു വിളിക്കുന്ന ബ്രിജിത് വാർധ്യകിയ സഹജമായ അസുഖത്താൽ ഇഹലോകവാസം അവസാനിപ്പിച്ചു എന്നറിഞ്ഞതിനാൽ അവരുടെ ഭവനമായ തൊടുപുഴയ്ക്ക് പോയി. രണ്ടുവർഷം മുമ്പ് ഞങ്ങൾ കേരളത്തിൽ ഇതേ മാതിരി വന്നപ്പോഴാണ് എൻറെ അമ്മ, ഏലിക്കുട്ടി നൂറാം വയസ്സിൽ നിര്യാതയായത്.

ഇപ്രാവശ്യം ശവസംസ്കാരം കഴിഞ്ഞ് ഏതാണ്ട് ഒരു മൂന്നുദിവസം ഞാൻ എൻറെ നാടായ പൈങ്ങോട്ടൂരിൽ തങ്ങി. അവിടെനിന്ന്, കലൂർ, കലൂർക്കാട്, ആയവന, ആരക്കുഴ, കടവൂർ, കോടിക്കുളം, കരിമണ്ണൂർ, കുളപ്പുറം, വണ്ടമറ്റം, വണ്ണപ്പുറം, മുള്ളരിങ്ങാട്, കാളിയാർ, ചാത്തമറ്റം, പോത്താനിക്കാട്, മൂവാറ്റുപുഴ, കോതമംഗലം, വാരപ്പെട്ടി, പൂയംകുട്ടി, കുട്ടമ്പുഴ, ഭൂതത്താൻ കെട്ടു, തൊമ്മൻകുത്തു, കലയെന്താണി, കോലഞ്ചേരി, പട്ടിമറ്റം, പുത്തൻകുരിശ്, കടമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ പല ആവശ്യങ്ങൾക്കും, പിന്നെ ചില ബന്ധുക്കളെ സന്ദർശിക്കാനും ഞങ്ങൾ പോയി. ഈ സ്ഥലങ്ങളെല്ലാം അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്. എന്നാലും യാത്ര ദുഷ്കരം. കണ്ടൻ ഇടവഴികൾ.

ഇപ്പോഴും എപ്പോഴും ജന്മനാടായ പൈങ്ങോട്ടൂർ എത്തുമ്പോൾ ” ഒരു വട്ടം കുടി …” എന്നിൽ ഒരു ഗൃഹാതുര ചിന്തകൾ ഓടി എത്താറുണ്ട്. അന്നു ഞാൻ പൈങ്ങോട്ടൂർ സ്കൂളിൽ പഠിക്കുബോൾ റോഡിലൂടെ വല്ലപ്പോഴും വല്ല കാറോ ബസ്സോ പോകുമ്പോൾ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. ഇന്നു വാഹനങ്ങളുടെ അതിബാഹുല്ലിയംകൊണ്ട് റോഡൊന്നു മുറിച്ചു കടക്കാൻ തത്രപ്പെട്ടു. പഷെ റോഡിണ്ടെ നിലവാരം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഞാൻ പഠിച്ച പൈങ്ങോട്ടൂർ St.ജോസഫ് സ്കൂളിൽ രണ്ടാഴ്ച കാലം നീളുന്ന, ജൂബിലി ആഘോഷ പരിപാടികൾ ഉണ്ടെന്നറിഞ്ഞു. സാധിച്ചാൽ ഒരുദിവസത്തെ ആഘോഷത്തിൽ എങ്കിലും പങ്കെടുക്കണം എന്ന് വിചാരിക്കുന്നു. യൂവ പ്രതിഭകളായാ മുവാറ്റുപുഴ MLA ശ്രീ മാത്യു കുഴൽ നാടനും, ഇടുക്കി MP ആയ ശ്രീ ഡീൻ കുര്യാക്കോസ് എന്നിവരും പൈങ്ങോട്ടൂരിൽ നിന്നുള്ളവരാണ്

ഞാൻ മുള്ളരിങ്ങാട്ട് നിന്ന് പൈങ്ങോട്ടൂരിലേക്ക് മടങ്ങി വരുമ്പോഴാണ് ദുഃഖകരമായ ആ വാർത്ത കേട്ടത്. മുള്ളരിങ്ങാട് മലയോര പ്രദേശത്ത് സ്വന്തം പശുവിനെ, പുല്ലു തീറ്റക്കായി കെട്ടിയിട്ടതു അഴിച്ചു മടങ്ങുമ്പോൾ ഒരു യുവാവിനെ കാട്ടാന നെഞ്ചിൽ ചവിട്ടി അതി ദാരുണമായി കൊലപ്പെടുത്തിയതാണതു. തുടന്ന് മരണപ്പെട്ട വ്യക്തിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതു ജനങ്ങളുടെയും എല്ലാ പാർട്ടിക്കാരുടെയും ജാഥയും, വണ്ണപ്പുറം പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ ഹർത്താലും ആചരിച്ചു. 2024 ഡിസംബറിൽ മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണം വളരെയധികം പൊതുജന ശ്രദ്ധ നേടി.ചിക്കാഗോയിലെ പൊതുപ്രവർത്തകനും സംഘാടകനുമായ വർഗീസ് പാലമലയിൽ, അതുപോലെ സാഹിത്യകാരനും എഴുത്തുകാരനുമായ ന്യൂയോർക്കിലെ ജയൻ വർഗീസ് തുടങ്ങിയവർ അതിമനോഹരമായ മുള്ളിങ്ങാട് മലനിര കൾക്ക് വളരെ അടുത്തു സ്ഥിതി ചെയ്യുന്ന ചാത്തമറ്റം പ്രദേശത്തു നിന്നുള്ളവരാണ്.

അന്നുതന്നെ ഞങ്ങൾ മടങ്ങി കൊച്ചിയിലെ പാലാരിവട്ടത്തുള്ള ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി. താമസിയാതെ മറ്റൊരു ദുഃഖ വാർത്തയും ഞങ്ങളെ തേടിയെത്തി. . സ്ഥലം എംഎൽഎ ഉമാ തോമസ് പാലാരിവട്ടത്തിന് തൊട്ടടുത്തുള്ള കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ, കാണികളുടെ ഗ്യാലറിയിൽ നിന്ന് കാൽവഴുതി തല നിലത്ത് അടിച്ച് വീണ് അപകടകരമായ നിലയിൽ പാലാരിവട്ടത്തെ റെനേ മെഡിക്കൽ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ ആണെന്ന് വാർത്തയാണത്. ഞാൻ അമേരിക്കയിൽ അധിവസിക്കുന്ന ഹ്യൂസ്റ്റൺ പ്രദേശത്തുള്ള പ്രസിദ്ധ മലയാള സിനിമാതാരം ദിവ്യ ഉണ്ണിയുടെ ഒരു മെഗാ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എംഎൽഎ ഉമാ തോമസ് കാൽ വഴുതി വീഴുകയാണ് ഉണ്ടായത്. 2024 ഡിസംബർ അവസാന വാരം കേരളത്തെ നടുക്കിയ മറ്റൊരു ദുരന്ത വാർത്തയാണിത്‌. ഞാൻ സാധാരണയായി കാൽനടയായി ഉമാ തോമസ് എംഎൽഎയുടെ ഓഫീസ് താണ്ടിയാണ് പാലാരിവട്ടം ജംഗ്ഷനിൽ പച്ചക്കറിയും, ഗ്രോസറിയും വാങ്ങാൻ പോകുന്നത്. ശ്രീമതി ഉമാ തോമസിന്റെ ഭർത്താവായ അന്തരിച്ച പി.ടി. തോമസ് -എംഎൽഎ ഓഫീസും അവിടെയായിരുന്നു. അമേരിക്കയിൽ ഞാൻ അധിവസിക്കുന്ന ഹൂസ്റ്റണിലെ സിനിമാ നടി ദിവ്യ ഉണ്ണിയുടെ മെഗാ ഗ്രൂപ്പ് നൃത്ത പരിപാടിക്ക് പോയപ്പോൾ ആണല്ലോ ഈ അത്യാഹിതം സംഭവിച്ചത് എന്ന് ഓർത്തപ്പോൾ അമേരിക്കയിലെ ഹ്യൂസ്റ്റൻകാരനായ എനിക്ക് വൈകാരികമായ ഒരു ദുഃഖവും ഉണ്ടായി. ഉത്തരവാദിത്തപ്പെട്ട അധികാരികൾ വേണ്ടവിധത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമായിരുന്നു.

ഡിസംബർ അവസാനവാരം, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ വേർപാട് ഭാരതത്തെ ദുഃഖത്തിൽ ആഴ്ത്തി. അതേ മാതിരി തന്നെ മലയാളികളുടെ പ്രിയ സാഹിത്യകാരൻ എം..ടി. വാസുദേവൻ നായരുടെ നിര്യാണവും നമ്മെ കണ്ണീരിൽ ആഴ്ത്തി. ഞങ്ങൾ ന്യൂയോർക്കിൽ, JFK യിൽ കാലുകുത്തുമ്പോൾ അമേരിക്കൻ പ്രസിഡൻഡ് ജിമ്മി കാർട്ടർ ആയിരുന്നു. 100 വയസിൽ ആണെങ്കിലും ആ വേർപാടും കഴിഞ്ഞു പോകുന്ന 2024 ഡിസംബറിലെ ഒരു നഷ്ടമായിരുന്നു.

ഞാൻ ഇത്രയും എഴുതിക്കൊണ്ടിരിക്കുമ്പോൾ, ഫ്ലാറ്റിലെ ജനലിൽ നിന്നാൽ പുതുവർഷത്തിന്റെ, 2025 നെ വരവേൽക്കാനുള്ള ആരവങ്ങളും വെടിക്കെട്ടുകളും കാണാം കേൾക്കാം. പിന്നീട് എനിക്ക് പറയാനുള്ള ഒരു വിനീതമായ വാർത്ത ഞാൻ എഴുതിയ നാല് ബുക്കുകൾ ഏതാണ്ട് ഒരേ സമയത്ത് തന്നെ ഇവിടെ കേരളത്തിൽ എനിക്ക് പ്രകാശനം ചെയ്യാൻ സാധിക്കും എന്നുള്ളതാണ്. ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ, ഹൃദയത്തിൻ അൾത്താരയിൽ, മിന്നൽ പ്രണയം, പാളങ്ങൾ, എന്നീ നാല് പുസ്തകങ്ങളാണ് ഇപ്പോൾ അച്ചടിയിലുള്ളത്. എല്ലാവർക്കും ഞങ്ങളുടെ ഹൃദ്യമായ ക്രിസ്തുമസ് നവവത്സര ആശംസകൾ.

എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments