ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വന്ദ്യ മത്തായി കോർ എപ്പീസ്‌ക്കോപ്പാ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
അദ്ദേഹത്തിന്റെ ഓർമ്മ ആചരിക്കുന്ന ഞായറാഴ്ച, മറ്റ് വൈദീകർക്ക് വന്നുചേരാനുള്ള അസൗകര്യം മൂലം 11 ന് വെള്ളിയാഴ്ച വൈകിട്ട് ഫിലഡൽഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ് വൈദീകരുടെ സാന്നിധ്യത്തിൽ സെമിത്തേരിയിൽ ധൂപപ്രാർത്ഥനയും, അതിനെത്തുടർന്ന്, റവ. ഫാദർ എബി പൗലോസിന്റെ കാർമ്മികത്വത്തിലും, മറ്റ് വൈദീകരുടെ സഹകരണത്തിലും, സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയും നടന്നു.
വന്ദ്യ കോർ എപ്പീസ്‌ക്കോപ്പായോടുള്ള ആദരവ് സൂചകമായി ഒക്ടോബർ 13 ന് ഞായറാഴ്ച (നാളെ) രാവിലെ ബെൻസേലം സെന്റ്. ഗ്രീഗോറിയോസ് ദേവാലയത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മാർ നിക്കോളോവാസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതും, സെമിത്തേരിയിൽ ധൂപാർപ്പണം നടത്തുന്നതുമാണ്. തുടർന്ന്, അനുസ്മരണ യോഗവും ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി അറിയിച്ചു.
ആ പാവന സ്മരണയ്ക്ക് മുന്നിൽ മലയാളി മനസ്സ് USA യുടെ ആദരാഞ്ജലികൾ…