Wednesday, January 15, 2025
Homeകേരളംമകരവിളക്ക് ഉത്സവം: നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി

മകരവിളക്ക് ഉത്സവം: നായാട്ടു വിളിക്കും വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി

ജയൻ കോന്നി

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണിമണ്ഡപത്തിൽ കളമെഴുത്തിനും മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടി വരെയുള്ള നായാട്ടു വിളിക്കും
വിളക്കെഴുന്നള്ളിപ്പിനും തുടക്കമായി. മകരവിളക്ക് മുതൽ അഞ്ചു നാൾ മാളികപ്പുറത്ത് നിന്ന് സന്നിധാനത്തേക്ക് എഴുന്നള്ളിപ്പ് ഉണ്ടാവും. ആദ്യദിനത്തിലെ എഴുന്നള്ളിപ്പ് 14ന് രാത്രി 10:30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്ത് എത്തി മടങ്ങി.

മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ നടക്കുന്ന അത്യപൂർവമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. എരുമേലി പുന്നമ്മൂട്ടിൽ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള അവകാശം. അയ്യപ്പൻ്റെ ജീവചരിത്രത്തിലെ വന്ദനം മുതൽ പ്രതിഷ്ഠ വരെയുള്ള 576 ശീലുകളാണ് നായാട്ട് വിളിയിൽ ഉൾപ്പെടുന്നത്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട്‌തറയിൽ നിന്നാണ് നായാട്ട് വിളിക്കുന്നത്. തെക്കോട്ട് നോക്കി നിന്നാണ് നായാട്ട് വിളിക്കുക. നായാട്ട് വിളിക്കുന്നയാൾ ഓരോ ശീലുകളും ചൊല്ലുമ്പോൾ കൂടെയുള്ളവർ ആചാരവിളി മുഴക്കും. . വേട്ടക്കുറുപ്പ് ഉൾപ്പടെ 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

മാളികപ്പുറത്ത് കളമെഴുത്ത് കഴിഞ്ഞാണ് അയ്യപ്പ ഭഗവാന്റെ എഴുന്നള്ളത്ത് സന്നിധാനത്ത് എത്തുന്നത്. യുവാവായ അയ്യപ്പന്റെ വേഷഭൂഷാദികൾ ധരിച്ചാണ് എഴുന്നള്ളിപ്പ് നടക്കുന്നത്. മാളികപ്പുറത്ത് അയ്യപ്പന്റെ ഓരോ ഭാവങ്ങളാണ് ഓരോ ദിവസവും കളമെഴുതുന്നത്. തിരിച്ചുപോയി കളം മായ്ക്കുന്നത്തോടെ ഇന്നത്തെ ചടങ്ങ് കഴിയും. ഈ രീതിയിൽ നാലു നാൾ മാളികപുറത്തേക്ക് തിരികെപോകുന്ന എഴുന്നള്ളിപ്പ് അവസാനം ദിവസം ശരംകുത്തിയിൽ പോയി തിരികെ മാളികപുറത്ത് മടങ്ങിയെത്തും. അയ്യപ്പൻ തന്റെ ഭൂതഗണങ്ങളെ ഉത്സവശേഷം തിരികെ വിളിക്കാൻ പോകുന്നു എന്നതാണ് ശരംകുത്തിയിൽ പോകുന്നതിന്റെ സങ്കൽപ്പം.
പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറയാണ് തിടമ്പിനൊപ്പം എഴുന്നള്ളിപ്പിനുണ്ടാവുന്നത്.

വാർത്ത: ജയൻ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments