യോങ്കേഴ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനായി ജനുവരി 12 ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിജയകരമായ കിക്കോഫ് മീറ്റിംഗ് നടന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുകൂടുന്ന ഒരു സുപ്രധാന ആത്മീയ സമ്മേളനമാണ് നാല് ദിവസം നീളുന്ന ഫാമിലി & യൂത്ത് കോൺഫറൻസ്.
ഫാ. ജോബ് സൺ കോട്ടപ്പുറത്ത് (വികാരി) കുർബാനയ്ക്ക് നേതൃത്വം നൽകി. അതിനുശേഷം കോൺഫറൻസ് ടീമിനെ വികാരി സ്വാഗതം ചെയ്തു. ഭദ്രാസനത്തിന്റെയും കോൺഫറൻസ് കമ്മിറ്റിയുടെയും പുരോഗമനപരമായ സംരംഭങ്ങൾക്ക് വികാരി പിന്തുണ അറിയിക്കുകയും ഫാമിലി/യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), രാജൻ പടിയറ (കോൺഫറൻസ് പ്രൊസഷൻ കോർഡിനേറ്റർ), അജു എബ്രഹാം (ഫിനാൻസ് കമ്മിറ്റി അംഗം), ജേക്കബ് തോമസ് ജൂനിയർ (രജിസ്ട്രേഷൻ കമ്മിറ്റി അംഗം) എന്നിവരടങ്ങുന്ന കോൺഫറൻസ് ടീമിനെ ഉമ്മൻ കാപ്പിൽ പരിചയപ്പെടുത്തി. മാത്യു ജോർജ് (ഇടവക ട്രസ്റ്റി), ജോസി മാത്യു (ഇടവക സെക്രട്ടറി), എം.എം. എബ്രഹാം (ഭദ്രാസന അസംബ്ലി അംഗം) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനുമായുള്ള ഭദ്രാസനത്തിന്റെ പുതിയ സംരംഭങ്ങളെക്കുറിച്ച് ഉമ്മൻ കാപ്പിൽ പ്രതിഫലിപ്പിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സൃഷ്ടിക്കുന്നതിനായി കോൺഫറൻസ് നൽകുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ അദ്ദേഹം കൊച്ചുകുട്ടികളുടെയും കൗമാരക്കാരുടെയും മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചു. സമ്പന്നമായ ആത്മീയ അനുഭവവും വിശ്രമവും സമന്വയിപ്പിക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ മുതിർന്നവരെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
കോൺഫറൻസിന്റെ വേദി, പ്രാസംഗികർ, രജിസ്ട്രേഷൻ, പൊതു ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ജയ്‌സൺ തോമസ് നൽകി. യുവതീ യുവാക്കൾക്ക് പഠിക്കാനും ഇടപഴകുവാനും അവിസ്മരണീയമായ ഒരു അനുഭവം നേടാനും നിരവധി അവസരങ്ങൾ നൽകുന്ന വൈവിധ്യമാർന്ന കാര്യപരിപാടികളെപ്പറ്റിയും അദ്ദേഹം ഓർമ്മിപ്പിച്ചു. സമ്മേളനത്തെ പിന്തുണയ്ക്കാനുള്ള ആകർഷകമായ സ്പോൺസർഷിപ്പ് ഓപ്ഷനുകളെക്കുറിച്ച് ഉമ്മൻ കാപ്പിൽ വിശദീകരിച്ചു. സമ്മേളനത്തിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് അജു എബ്രഹാം സംസാരിച്ചു. സുവനീറിൽ ലേഖനങ്ങൾ, കഥകൾ, ചിത്രങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ ഉൾപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും.
ഇടവകയെ പ്രതിനിധീകരിച്ച് വികാരി സുവനീറിനുള്ള സംഭാവന സമർപ്പിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ രജിസ്ട്രേഷൻ സണ്ണി എബ്രഹാം കൈമാറി. സാമുവൽ & ലീലാമ്മ തോമസ്, ജോയ് എബ്രഹാം, ജോസഫ് & ഡോ. ആലീസ് വെട്ടിച്ചിറ എന്നിവർ സുവനീറിൽ അഭിനന്ദനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പിന്തുണ പ്രഖ്യാപിച്ചു. കുടുംബത്തോടൊപ്പം സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആഞ്ചല ജോർജും ബ്ലെസി വർഗീസും അറിയിച്ചു. ഫാമിലി കോൺഫറൻസിന് നൽകിയ ഉദാരമായ പിന്തുണയ്ക്ക് വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീമിനുവേണ്ടി ജെയ്‌സൺ തോമസ് നന്ദി അറിയിച്ചു.
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ) , ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.