വിഴുപ്പുറം: പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. വിഴുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിൻ്റെ കോച്ചുകളാണ് പാളം തെറ്റിയത്. വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
പുതുച്ചേരി മെമു ട്രെയിനിന്റെ 5 ബോഗികളാണ് പാളം തെറ്റിയത്. വിഴുപ്പുറം യാർഡിനോട് ചേർന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവമുണ്ടായത്.
ആളപായമില്ലെന്നാണ് വിവരം. വളവിലായിരുന്നതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചു. തുടർന്ന് യാത്രക്കാരെ ഉടൻ തന്നെ ട്രെയിനിൽ നിന്ന് ഒഴിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു.
സാങ്കേതിക തകരാറാണോ അട്ടിമറിയാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്ന് റെയിൽവേ അറിയിച്ചു. വിഴുപ്പുറം റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി.