വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 41 ലക്ഷം രുപ തട്ടിയ കേസിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്തും ബാംഗ്ലൂർ സ്വദേശിയുമായ സാരഥി ബഷീർ (29) എന്നിവരാണ് പിടിയിലായത്.
നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികനിൽ നിന്നും 41 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2022 ഏപ്രിൽ മുതലാണ് തട്ടിപ്പ് അരങ്ങേറിയത്.
സ്ഥാപനത്തിലെ അധ്യാപക ഒഴിവിൻ്റെ പരസ്യം കണ്ട് അപേക്ഷ അയച്ച യുവതി പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഫോണിലൂടെയും വീഡിയോ കേൾവഴിയും നിരന്തരം ബന്ധപ്പെട്ട് പലപ്പോഴായി 41 ലക്ഷം രൂപയോളം വാങ്ങുകയുമായിരുന്നു.
ഇതിനിടെ സ്വകാര്യ സൗഹൃദ സംഭാഷണം റെകോഡ് ചെയ്ത് യുവതി കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ റെകോഡ് ചെയ്ത നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് വൈദികൻ വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം പണം വാങ്ങൻ വൈക്കത്തെത്തിയ ഇവരെ ഡിവൈഎസ്പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾ ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.