Monday, January 13, 2025
Homeഅമേരിക്കതിരുവാതിര ആശംസകൾ🍁🍁✍ഉഷ സുധാകരൻ

തിരുവാതിര ആശംസകൾ🍁🍁✍ഉഷ സുധാകരൻ

ഉഷ സുധാകരൻ

ശിവപാർവതിമാർക്ക് പ്രധാനമായ കേരളത്തിലെ ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് എല്ലാവർഷവും തിരുവാതിര ആഘോഷിക്കാറുള്ളത്. ശിവക്ഷേത്രങ്ങളിൽ ഈ ദിവസം അതി പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം പരമശിവന്റെ പിറന്നാളായതു കൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം.  ശിവപാർവതി വിവാഹം നടന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര എന്നും വിശ്വാസമുണ്ട്. വ്രതങ്ങളിൽ വച്ചു അതീവ പ്രാധാന്യമുള്ള ഒന്നാണ് തിരുവാതിര വ്രതം. മംഗല്യവതികളായ സ്ത്രീകൾ നെടുമംഗല്യത്തിന് വേണ്ടിയും അവിവാഹിതരായ  യുവതികൾ ഉത്തമ വിവാഹം നടക്കാനും തിരുവാതിര വ്രതം എടുക്കുന്നു.

കുട്ടിക്കാലത്തെ തിരുവാതിര ഓർമ്മകൾ മനസ്സിൽ നിറയുന്നു. മുറ്റത്ത് മമ്പണി ചെയ്യലും, മുറ്റം ചാണകം കൊണ്ട് മെഴുകലും, കൂവ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ഉരലില് ഇടിക്കലുമൊക്കെയായി
അമ്മമ്മ ദിവസങ്ങൾക്ക് മുന്നേ തിരുവാതിരയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങും.  തിരുവാതിര ഓർമ്മയിൽ  കൂവവിരകിയതും, പുഴുക്കും, ചപ്പില കൂട്ടിവെച്ചുള്ള തീ കായലും, മനസ്സിൽ തെളിയുന്നുണ്ടെങ്കിലും ഊഞ്ഞാലാട്ടവും, തിരുവാതിരക്കുളിയും  ഓർക്കാനാണേറെയിഷ്ടം.

പലതരത്തിലുണ്ട് ഊഞ്ഞാലുകൾ.
കയറൂഞ്ഞാൽ, മുളയൂഞ്ഞാൽ, വള്ളിയൂഞ്ഞാൽ. തൊടിയിലെ മരത്തില് പടർന്നുകയറിയ വള്ളി മുറിച്ച് ഊഞ്ഞാലുണ്ടാക്കും. വള്ളിയുടെ പേരോർമ്മയില്ല. തൊടിയിലുള്ളതായതോണ്ട് മിക്കവാറും എല്ലാവീട്ടിലും വള്ളിയൂഞ്ഞാലാണുണ്ടാവുക. കാശും ചിലവില്ലല്ലോ. ഇത്തിരി ലക്ഷ്വറിയാണ് കയറൂഞ്ഞാൽ. ഏറ്റവും ലക്ഷ്വറിയാണ് മുളയൂഞ്ഞാൽ. മുളയൂഞ്ഞാലുള്ള വീടുകൾ നന്നേകുറവാണ്. സ്പീഡില് ആഞ്ഞാഞ്ഞ് ഊഞ്ഞാലാടാം. സ്പീഡ് കൂടുതലായോണ്ട് ഞാനതിലിരിക്കാറില്ല .

തിരുവാതിരക്കുളിയെക്കുറിച്ച് പറയാണെങ്കിൽ  തിരുവാതിരക്ക് പത്ത് ദിവസം മുമ്പ് തുടങ്ങും തിരുവാതിരക്കുളി.  സൂര്യനുദിക്കുന്നതിന് മുന്നെ കുളിക്കുമെന്ന് പറയുന്നതിനേക്കാള്‍ ശരി ചന്ദ്രൻ പോയിട്ടുണ്ടാവില്ല ആകാശത്തുനിന്നും എന്നാണ്. തലേദിവസം ഭംഗിയായി മടക്കി എടുത്തു വച്ചിട്ടുള്ള വസ്ത്രങ്ങൾ കൈത്തണ്ടയിലിട്ട് അമ്മമ്മയുടെ കാലടിക്ക് പിന്നാലെ അടിവെച്ചടിവെച്ച് വടക്കേ കുളത്തിലേക്കുള്ള നടപ്പ് കുട്ടിയായിരിക്കുമ്പോൾ പേടിയോടെയായിരുന്നു. ഇടയ്ക്കിടക്ക് വശങ്ങളിലുള്ള പൊന്തക്കാട്ടിലേക്ക് നോക്കും. ഒടിയനാണ് അന്നത്തെ പ്രധാന വില്ലൻ. പിന്നെ ചേരയും. കോരിത്തരിക്കുന്ന തണുപ്പിലും ഒരു കൂസലുമില്ലാതെ കമ്പിറാന്തലും (പിന്നീടത് ടോർച്ചിലേക്ക് മാറി) പിടിച്ച് അമ്മമ്മ മുന്നിലുണ്ടാവും. വല്യമ്മയും,
കുട്ട്യേടത്തിയും, ദേവേടത്തിയും യശോദോപ്പയും,ഭായോപ്പയും, ശാന്തോപ്പയും എന്റെ പ്രായത്തിലും, അതിലും ചെറുതുമായ കുട്ടികളടക്കം കുറേ പേരുണ്ടാവും കുളിക്കാൻ.  കൂട്ടത്തിലാരുടെയെങ്കിലും കയ്യിൽ കൺമഷിയും, ചാന്തും,  മഞ്ഞളും, ചന്ദനവും, ചീർപ്പും, കണ്ണാടിയുമുണ്ടാവും.

കൊടിക്കുന്നമ്പലത്തിന്റെ  അടുത്തുള്ളവരും, കുറച്ച് ദൂരത്തുള്ളവരുമായി  ഒട്ടുമിക്ക സ്ത്രീകളും കുട്ടികളും എത്തിയിട്ടുണ്ടാവും അമ്പലക്കുളത്തിൽ. നടുവിലപ്പാട്ടെ അടീശ്യാരുടെയും, കിഴക്കേ മഠത്തിലെ അടീശ്യാരുടെയും നേതൃത്വത്തിലുള്ള തുടികൊട്ടിപാട്ടും കുളിയുമായി ഒരുത്സവത്തിന്റെ പ്രതീതീണ്ടാവും.
കുളത്തിലെത്തിയാലാദ്യം തോന്നുന്ന തണുപ്പെല്ലാം പമ്പ കടക്കും ഈ തുടികൊട്ടിപ്പാടലിൽ. കാർത്തികക്ക് കാക്ക കരയുന്നതിന് മുന്നെയും മകയിരത്തിന് മക്കളുണരുന്നതിന്റെ മുന്നെയും കുളിക്കണമെന്നാണ് പഴമൊഴി. തിരുവാതിര നാളിൽ ആരാദ്യം കുളത്തിൽ വന്ന് കുളിക്കുന്നുവോ അവർക്ക് പൊന്നുംകുടം കിട്ടുമെന്നൊക്കെ വലിയവര് പറയാറുണ്ടായിരുന്നു.

കുളി കഴിഞ്ഞ് മുഖത്ത് മഞ്ഞള് തേച്ച്, ചാന്തും, കൺമഷിയും ,നെറ്റിയിൽ മഞ്ഞളും ചന്ദനവും കൂട്ടി ചേർത്തുണ്ടാക്കിയ ഇലക്കുറിയുമിട്ട്  വീട്ട് മുറ്റത്തോ കുളത്തിന്റെ വക്കത്തോ പാട്ടുപാടി  തിരുവാതിര കളിക്കും. നാട്ടിലെ ചെറുപ്പക്കാർ ചോഴി വേഷം കെട്ടിവന്ന് പേടിപ്പിക്കലും ഉണ്ടായിരുന്നു.

കോളേജിലെത്തിയപ്പോഴേക്കും പരീക്ഷയടുക്കുമ്പോളായിരുന്നു പുസ്തകം കയ്യിലെടുത്തിരുന്നത്. തിരുവാതിരക്കാലത്തെപ്പോഴും പരീക്ഷയാവും. തിരുവാതിരക്കുളിയും കഴിഞ്ഞ് കൊടിക്കുന്നത്തമ്മയെയും തൊഴുത് വീട്ടിലെത്തി, ചപ്പില കൂട്ടിവച്ചതിന്റെ അടുത്തിരുന്നു തീകായലും കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോൾ കിട്ടണ എനർജി ഒന്ന് വേറേ തന്നെയാണ്.

കൊടിക്കുന്ന് അമ്പലക്കുളത്തെ കുറിച്ച് പറയുകയാണെങ്കിൽ പരുതൂരിലെ ഒട്ടുമിക്ക ആളുകളും നീന്തൽ പഠിച്ചത് ഈ കുളത്തിലാവും. ഒരുപാടു പേരുടെ സങ്കടക്കഥകളും, സന്തോഷക്കഥകളും, ഈ കുളത്തിന് പറയാനുണ്ടാവും. ഞാൻ തന്നെ എത്രയോ കഥകൾ കേട്ടിരിക്കുന്നു. തുണിതിരുമ്പുന്നതിനിടയ്ക്കും കുളിക്കുന്നതിനുമിടയ്ക്കും ഓരോരുത്തരും പറയണ കഥകൾ കേട്ടിരിക്കാൻ നല്ല രസമാണ്. ഒരു കടവിൽ നിന്നും അപ്പുറത്തെ കടവിലേക്ക് വിളിച്ച് വിശേഷം ചോദിക്കും. പതിവായി വരുന്ന ആരെങ്കിലും വന്നില്ലെങ്കിൽ  എന്തേ പറ്റീതാവോ എന്നും പറഞ്ഞ്  നിർദ്ദോഷകരമായ പരദൂഷണം പറച്ചിലും അസൂയ പറച്ചിലും ഇല്ലാതില്ല. പരുതൂരിന്റെ ജീവസ്പന്ദനം തന്നെയായിരുന്നു അന്നൊക്കെ വടക്കേകുളം. വെള്ളക്ഷാമം വളരെയധികം അനുഭവിച്ചിരുന്ന അന്നൊക്കെ ഈ കുളം തന്നെയായിരുന്നു എല്ലാവരുടെയും രക്ഷാകേന്ദ്രം. എത്രയോ ദൂരത്ത് നിന്നുപോലും ആളുകൾ ഇവിടെ കുളിക്കാനെത്താറുണ്ടായിരുന്നു. എപ്പോഴൊക്കെ നാട്ടിൽ പോവുമ്പോഴും കൊടിക്കുന്നത്തമ്പലത്തില്  തൊഴാൻ പോകുന്നത് പോലെതന്നെ ഇഷ്ടമുള്ള കാര്യമാണ് കുളത്തിൽ പോകുന്നതും.

വർഷങ്ങൾക്കിപ്പുറത്ത് ഫ്ലാറ്റിലിരുന്ന് തിരുവാതിരയെക്കുറിച്ച് ഓർക്കുമ്പോൾ, ഊഞ്ഞാലാടാൻ തിരുവാതിര വരെ കാക്കണ്ട, മമ്പണിവേണ്ട, ചാണകം തേക്കണ്ട, കൂവ ഉരലിലിടിക്കണ്ട, തിരുവാതിരക്കുളിയും ഇല്ല. എന്തൊക്കെയോ നഷ്ടങ്ങൾ നമുക്ക് സംഭവിച്ചെന്ന് തോന്നി പോകുന്നു. അത് പരസ്പരമുള്ള മനസ്സിലാക്കലാണോ, കൊടുക്കൽ വാങ്ങലാണോ എന്നറിയുന്നില്ല. മനുഷ്യൻ മനുഷ്യനെ തന്നെ പേടിയോടെ നോക്കി ജീവിക്കുന്ന ഈ കാലത്തെ അതിജീവിക്കാൻ നന്മയുള്ള ചിന്തകളെ കൂട്ടുപിടിക്കാം നമുക്ക്.

എല്ലാവർക്കുമെന്റെ തിരുവാതിര ആശംസകൾ.

ഉഷ സുധാകരൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments