Saturday, January 11, 2025
Homeഅമേരിക്കകതിരും പതിരും: (പംക്തി - 65) 'കുട്ടികൾക്ക് പണികൊടുത്ത് ആയമാർ വളരുമ്പോൾ' ✍ ജസിയഷാജഹാൻ

കതിരും പതിരും: (പംക്തി – 65) ‘കുട്ടികൾക്ക് പണികൊടുത്ത് ആയമാർ വളരുമ്പോൾ’ ✍ ജസിയഷാജഹാൻ

ജസിയഷാജഹാൻ

നിഷ്കളങ്കമായ ബാല്യം ക്രൂശിക്കപ്പെടുന്ന കാലത്തിന്റെ വഴിയിടങ്ങൾ തേടിയിറങ്ങിയാൽ ആരും ഒന്നു പകച്ചു നിന്ന് പുകഞ്ഞു തീർന്നു പോകും!

നാളത്തെ ലോകത്തിൻെറ ഭാവി എന്താണെന്ന് തീരുമാനിക്കേണ്ടത് ഇന്ന് പിറക്കുന്ന ഓരോ കൊച്ചു കുഞ്ഞുങ്ങളുമാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങൾ കൊണ്ട് സുരക്ഷിതമായ ഇടങ്ങളില്ലാതെ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടവരും, വേണ്ടവിധം സ്നേഹവും, പരിഗണനയും ശ്രദ്ധയും കിട്ടാതെ ജീവിതം പാതിവഴിയിൽ കൂമ്പി പ്പോയവരും,അനാഥരായവരും, ശാരീരികമായും മാനസികമായും വൈകല്യങ്ങളുള്ളവരും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വന്നവരുമൊക്കെയായ കുട്ടികളെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകി, അവർ അർഹിക്കും വിധം മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്തുക , എന്നിങ്ങനെയുള്ള നിരവധി ലക്ഷ്യങ്ങളും , നിയമനിർമ്മാണളുമൊക്കെയായാണ് ശിശുക്ഷേമ സമിതികൾ ഇന്ന് പ്രവർത്തിക്കുന്നത്.

കുഞ്ഞുങ്ങളെ മാറോട് ചേർത്ത് അവർക്ക് ഒരു മാതാവിൻ്റെ സ്നേഹവും രക്ഷയും, കരുതലും, സാമീപ്യവും ഒക്കെ നൽകേണ്ട ആയമാർ തന്നെ അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയാൽ ഈ നിഷ്കളങ്ക ബാല്യങ്ങൾ മുളയിലേ തന്നെ കുരുടിച്ചു പോകും.

അവരുടെ ചിന്തകളിൽ പേടിപ്പെടുത്തുന്ന പേക്കിനാവുകൾ കൂടുകെട്ടും! അലോസരപ്പെടുത്തുന്ന ദുസ്വപ്നങ്ങളിൽ അവരുടെ ഉറക്കത്തിന്റെ താളം തെറ്റും. നിഴലുകൾ പോലും അവരെ വേട്ടയാടപ്പെടും. അവർ തങ്ങളിലേക്ക് തന്നെ ചുരുങ്ങും. രക്ഷയിടങ്ങൾ അവർക്ക് ശിക്ഷയിടങ്ങളാകും.

രക്ഷകൻ ആര് ?ശിക്ഷകൻ ആര് ?എന്ന തിരിച്ചറിവിനെ തേടി സംശയ ദൃഷ്ടിയോടെയുള്ള ഭീതിജനകമായ ചിന്തകളിൽ അവരുടെ ചലനതാളങ്ങൾ തന്നെ തെറ്റും. ആശ്രയിക്കാൻ ഇടങ്ങളില്ലാതെ അവർ ഇരുട്ടിലേക്ക് വീണ്ടും തള്ളപ്പെടും.

പരസ്പരം സ്നേഹം പങ്കുവച്ചും, സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ചും, ഉറ്റവരും ഉടയവരും കൂട്ടുകാരും മറ്റു ബന്ധങ്ങളുമെല്ലാം ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ആ കുഞ്ഞുമനസ്സുകൾക്ക് അനുഭവസ്ഥമാക്കി തീർത്ത് ഒരു നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ദൗത്യമാണ്. അതിന് ആയമാരിൽ അമ്മമാർ ജനിക്കണം.

അവർക്ക് നിയമനം നൽകുന്നവർ വേണ്ട നടപടികൾ സ്വീകരിച്ചും, പഠന ക്ലാസുകളിലൂടെ അവർ അതിന് അർഹരാണോ എന്ന് മനസ്സിലാക്കിയും, അതിനുവേണ്ട സൈക്കോളജിക്കലും ഫിസിക്കലും മെന്റലുമായ എബിലിറ്റി നോക്കിയും മുഖം നോക്കാതെ നിയമനങ്ങൾ നടത്തിയാൽ ഒരുപരിധിവരെ പ്രശ്നപരിഹാരങ്ങൾക്ക് നിവൃത്തി ഉണ്ടാകും.

ഇടയ്ക്കിടെ കുട്ടികളിലും ഇതേ പഠനങ്ങൾ തന്നെ നടത്തിയാൽ !അല്ലെങ്കിൽ അതിനു വേണ്ട സംവിധാനങ്ങളും നിയമനടപടികളും ഒരുക്കിയാൽ !രണ്ടു ഭാഗത്തുനിന്നും നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള പുരോഗതിയും വളർച്ചയും വികാസവും ഉണ്ടാകും.

ശിശുക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇതിന്റെ സംഘാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വേണ്ട പരിശീലനം നൽകുക എന്നത് മുഖ്യഘടകമാണ്.

ശിശുക്ഷേമ സമിതിയിൽ നടക്കുന്ന ചില നടുക്കുന്ന വാർത്തകൾ ഈയടുത്തിടെയാണ് നമ്മൾ പുറത്തറിയുന്നത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള ഒരു കൊച്ചു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ക്രൂരമായി മുറിവേൽപ്പിച്ച ആയയും, കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്ന ആയമാർ തന്നെ അവരെ നിരന്തരം ശാരീരിക ഉപദ്രവങ്ങൾ ഏൽപ്പിക്കുന്നു… അവരെ മർദ്ദിക്കുന്നു
എന്നിങ്ങനെയുള്ള മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ ചാനൽ വാർത്തകളും, വിശേഷങ്ങളും ആധികാരികമായുള്ള അന്വേഷണവും തുടർ നടപടികളും ഒക്കെ ഈയടുത്തിടെയാണ് പുറത്തുവന്നത്.

ഈ സൈക്കോയുഗത്തിൽ ഇങ്ങനെയൊന്നും സംഭവിച്ചില്ല എങ്കിലേ.. അതിശയിക്കാനുള്ളൂ. ഇനിയെങ്കിലും ഇത്തരം നീച പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഈ സംരക്ഷണ ചുമതല ഏൽപ്പിക്കുന്ന ആയമാരുടെ പിൻകാല ചരിത്രങ്ങളും, ജീവിത ചുറ്റുപാടുകളും മാനസിക നിലയും ഒക്കെ ശരിക്കും മനസ്സിലാക്കിയിട്ട് വേണം! പഠിച്ചിട്ട് വേണം നിയമനങ്ങൾ പാസാക്കി വിടുവാൻ.

വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ഇനിയും ഉണർന്നു പ്രവർത്തിക്കാൻ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

വീണ്ടും അടുത്തയാഴ്ച നമുക്ക് മറ്റൊരു വിഷയവുമായി കാണാം. നന്ദി , സ്നേഹം.

ജസിയഷാജഹാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments