കൊണ്ടോട്ടി; കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർഥാടകർക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40000 രൂപയോളം അധികം നൽകേണ്ടിവരും.
ലഭ്യമായ വിവരപ്രകാരം കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് 125000 രൂപയാണ് ടെൻഡറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ സൗദി എയർലൈൻസ് 86000 രൂപയും കണ്ണൂരിൽ 87000 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെൻഡർ നിശ്ചയിച്ചിട്ടില്ല.
കേരളത്തിൽനിന്ന് നിലവിൽ 15231 പേരാണ് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 5755 പേർ കോഴിക്കോടുനിന്നും 4026 പേർ കണ്ണൂരിൽനിന്നും 5422 പേർ കൊച്ചിയിൽനിന്നുമാണ് പുറപ്പെടുന്നത്.
കണ്ണൂരിലും കൊച്ചിയിലും കഴിഞ്ഞ വർഷത്തെ നിരക്ക് സൗദി എയർലൈൻസ് നിലനിർത്തിയപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം 121000 രൂപയായിരുന്നു കരിപ്പൂരിലെ വിമാനടിക്കറ്റ് നിരക്ക്. കണ്ണൂരിൽ 87000 രൂപയും കൊച്ചിയിൽ 86000 രൂപയുമാണ് ഈടാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ വർഷം കരിപ്പൂരിൽ 165000 രൂപയായിരുന്നു ടെൻഡർ ഉറപ്പിച്ചിരുന്നത്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് നിരക്ക് പുനഃക്രമീകരിച്ചാണ് 121000 രൂപയാക്കിയത്.
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസിന് വിലക്കുള്ളതാണ് ഹജ്ജ് വിമാനടിക്കറ്റ് നിരക്ക് വർധിക്കാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം 180 സീറ്റുകളുള്ള വിമാനത്തിൽ 30 സീറ്റ് കുറച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നത്. ഇത്തവണയും യാത്രക്കാരുടെ എണ്ണം കുറച്ച് പറക്കേണ്ടിവരും.