Thursday, January 9, 2025
Homeകേരളംമകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5000 പേർക്ക് മാത്രം; വിര്‍ച്വല്‍ ക്യൂവിനും നിയന്ത്രണം.

മകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5000 പേർക്ക് മാത്രം; വിര്‍ച്വല്‍ ക്യൂവിനും നിയന്ത്രണം.

മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (ജനുവരി 8) മുതല്‍ ജനുവരി 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണിത്. ജനുവരി 12 ന് 60,000, 13 നു 50,000, 14 നു 40,000 പേര്‍ എന്ന രീതിയില്‍ വിര്‍ച്വല്‍ക്യൂവിനും ദേവസ്വം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് ശേഷം അവിടെ തങ്ങുന്നതും അനുവദനീയമല്ല.

ജനുവരി 14നാണ് മകരവിളക്ക്. മകരവിളക് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ജ്യോതിദര്‍ശിക്കാനായി പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്പോട്ട് ബുക്കിങ്ങിലെ നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേയ്ക്ക് കടത്തിവിടുക. ഇനിയുള്ള ദിവസങ്ങളില്‍ സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായി തുടരുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ജ്യോതിദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്. ജനുവരി 12 നു ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അയിരൂര്‍ പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടം വഴി ജനുവരി 14നു ശബരിമലയില്‍ എത്തും.

തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷിതമായ പ്രയാണത്തിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 39,02,610 ഭക്തര്‍ ഈ ഉത്സവകാലത്തു ശബരിമല സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം എത്തിയത് 35,12,691 പേരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. സുരക്ഷിത ദര്‍ശനത്തിനായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളും അനുബന്ധ സൗകര്യങ്ങളുമാണ് തീര്‍ഥാടകരുടെ വന്‍ വര്‍ധനയ്ക്കിടയിലും ഏവര്‍ക്കും സുരക്ഷിത ദര്‍ശനമുറപ്പാക്കിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments