Tuesday, January 7, 2025
Homeഅമേരിക്കന്യൂ യോർക്ക് മലയാളി ലത്തീൻ കത്തോലിക്കർ ക്രിസ്തുമസ്-നവവത്സരം ആഘോഷിച്ചു

ന്യൂ യോർക്ക് മലയാളി ലത്തീൻ കത്തോലിക്കർ ക്രിസ്തുമസ്-നവവത്സരം ആഘോഷിച്ചു

പോൾ ഡി പനയ്ക്കൽ

ന്യൂ യോർക്ക് – ലോങ്ങ് ഐലൻഡ് പ്രദേശത്തെ ലാറ്റിൻ ആരാധനക്രമം പിന്തുടരുന്ന മലയാളി കത്തോലിക്കർ ക്രിസ്തുമസ് – നവ വത്സരം ആഘോഷിച്ചു. പോയ വർഷത്തെ നേട്ടങ്ങളെയും കോട്ടങ്ങളെയും നന്മ-തിന്മകളെയും പ്രതിബിംബനം ചെയ്യുന്നതിനും ലഭിച്ച അനുഗ്രഹങ്ങൾക്ക് സർവ്വശക്തനോട് നന്ദി പറയുന്നതിനും തുടർന്ന് കൂട്ടായ്മയുടെ സന്തോഷത്തോടെ, ശുഭപ്രതീക്ഷയോടെ പുതുവർഷത്തിനു വരവേൽക്കുവാനും ഈ ആഘോഷാവസരം വേദി നൽകി.

ഡിസംബർ മുപ്പത്തിയൊന്നിന് ക്യൂൻസിലെ ഫ്ലോറൽ പാർക്ക് ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ വൈകീട്ട് ആറര മുതൽ തികച്ചും ആല്മസംയമനവും ധ്യാനനിഷ്ഠയും ആത്മപ്രതിഫലനവും നൽകുന്നതായിരുന്നു ബ്രുക്ലിൻ രൂപതയുടെ ഇന്ത്യൻ ലാറ്റിൻ മിനിസ്ട്രി കോഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കലും, അമേരിക്കയിലെ ഏക മലയാളി ഡീക്കനായ ടിം ഗ്ലാഡ്‌സണും ചേർന്ന് നയിച്ച ആരാധന. തുടർന്ന് ഫാ. റോബെർട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ഔർ ലേഡി ഓഫ് ദി സ്നോസ് മലയാളി ഗായകസംഘത്തിനു, അറിയപ്പെടുന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ഗുരു തങ്കകുട്ടൻ ക്ലെമെന്റും അലോഷ്യസ് ആറുകാട്ടിലും ഭക്തിനിർഭരമായ പാട്ടുകൾക്ക് നേതൃത്തം നൽകി. സമൂഹവിഭാഗത്തിലെ മൂന്നു വയസ്സു മുതലുള്ള കൊച്ചുകുട്ടികൾ പഠിച്ചു പ്രാക്ടീസ് ചെയ്ത “ഒന്നു വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും …..” എന്ന് തുടങ്ങുന്ന ഭക്തിഗാനം എല്ലാവരുടെയും അഭിനന്ദനങ്ങൾ പിടിച്ചുപറ്റി. 2024-ൽ രൂപതയുടെ കീഴിൽ കമ്മ്യൂണിറ്റിക്കു വേണ്ടി വളരെ ആത്മാർത്ഥമായും കാര്യക്ഷമമായും പ്രവർത്തിച്ച കമ്മിറ്റിയംഗങ്ങൾ പ്രീജിത് പൊയ്യത്തുരുത്തി, സജിത്ത് പനക്കൽ, ജൂഡ് കുറ്റിക്കാട്ട്, ടോം അജിത് ആന്റണി, ട്വിങ്കിൾ മരിയ ബെനെഡിക്റ്റ, വിനയ രാജുലാൽ, അലെൻ അലക്സ്, നിർമൽ മരക്കാശേരി എന്നിവർക്ക് ഫാ. റോബർട്ട് വിലമതിപ്പു പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

തുടർന്നുള്ള സമയം പള്ളിയോടനുബന്ധിച്ചുള്ള ബിഷപ് ചപ്പേറ്റോ ഹാളിൽ നവവത്സരത്തെ സ്വാഗതം ചെയ്യുവാനുള്ള ആഘോഷകരമായ കാത്തിരിപ്പായിരുന്നു. സ്വാദിഷ്ടമായ അത്താഴ ഭക്ഷണശേഷം ഡീക്കൻ ടിം ഗ്ലാഡ്സന്റെ മോഡറേഷനിൽ, അലോഷ്യസ് ആട്ടുകട്ടിലിന്റെ പ്രാത്ഥനാഗാനത്തോടെ എല്ലാ തലമുറക്കാരുടെയും കലാപരിപാടികൾ നടന്നു. സിന്ധു, നിധിൻ, എന്നിവർ മേരി, ജോസഫ്മാരായും അവരുടെ കുഞ് ഉണ്ണിയീശോ ആയും അവതരിപ്പിക്കപ്പെട്ട നേറ്റിവിറ്റി ടാബ്ലോ, ജോൺ പനക്കലിന്റെ വെൻട്രിലോക്വിസം, അലീന ടോം-ട്വിങ്കിൾ മരിയ ബെനെഡിക്റ്റ-വിനയ രാജുലാൽ മാരുടെ നൃത്തവും, ഡോ. സെലിൻ പൗലോസിന്റെ ശാസ്ത്രീയ നൃത്തവും, നീതു പ്രീജിത്, ക്രിസ്റ്റീന റിജിത്, നിമി സജിത്, റോസ് പനക്കൽ, ഡോണ പനക്കൽ, ആൻ മേരി നിധിൻ, എന്നിവരുടെ ഗ്രൂപ് ഡാൻസും, ടോം അജിത് ആന്റണി-അലീന ടോം, ട്വിങ്കിൾ, വിനയ എന്നിവരുടെ ഗാനങ്ങളും ഗ്രേസ് പനക്കൽ, കെയ്റ്റ് പൊയ്യത്തുരുത്തി, ലിയാം ശങ്കൂരിക്കൽ, ഇഷാൽ പനക്കൽ, റോവൻ പനക്കൽ, ലൗറൽ പൊയ്യത്തുരുത്തി, ഹേസൽ പൊയ്യത്തുരുത്തി, ഏവ നിധിൻ, റേച്ചൽ പൊയ്യത്തുരുത്തി എന്നീ ബാലികാബാലന്മാരുടെ കൗതുകം നൽകിയ നൃത്തവും സദസ്സിനെ രസിപ്പിച്ചു. നിഷ ജൂഡിന്റെ മാർഗ്ഗനിർദ്ദേശത്തിൽ മേരി പനക്കൽ, സിലിയ നരികുളം, ബീറ്റാ അജിത്, റീറ്റ ജോയ്, ലിറ്റി അലക്സ്, മേയോ ഡേവിഡ്, സ്മിതാ സെൽവിൻ, സിതാര കൊടകുത്തുംപറമ്പിൽ, സുമി ടെറൻസ്, മെൽബ സേവ്യർ, ഷീബ ഗ്ലാഡ്‌സൺ, നിഷാ ജൂഡ്, ബിജി ആന്റണി, എന്നിവരും ടെറൻസ് ജോസഫ്, രഞ്ജിത്ത് പനക്കൽ, അജിത് കുമാർ, നിധിൻ നരികുളം, നിർമൽ സെൽവിൻ, ശരത് ശങ്കൂരിക്കൽ, ബിജോയ് കോടകുത്തുംപറമ്പിൽ, റെഹാൻ പൊയ്യത്തുരുത്തി, പ്രീജിത് പൊയ്യത്തുരുത്തി, എബി പൗലോസ്, ഫാ. റോബർട്ട് അമ്പലത്തിങ്കൽ എന്നിവരും ഫാഷൻ പരേഡിൽ പങ്കെടുത്തു. അലൻ അലക്സ് പരിപാടികളുടെ എം സി ആയിരുന്നു. കൃത്യം പന്ത്രണ്ടു മണിക്ക് പരസ്പരം പുതുവത്സരാശംസകൾ നൽകി സംഗീതത്തിന്റെയും ഡാന്സിന്റെയും അകമ്പടിയോടെ സമൂഹം പുതുവര്ഷത്തിലേക്കു നീങ്ങി.

ന്യൂ യോർക്ക്-ലോങ്ങ് ഐലൻഡ് പ്രദേശത്തെ ഇടവകകളിലെ ഇന്ത്യക്കാരുടെ ഭാഷാ-സാംസ്കാരിക പിന്തുണയ്ക്കു വേണ്ടി ബ്രുക്ലിൻ രൂപത രൂപീകരിച്ച ഇന്ത്യൻ ലാറ്റിൻ അപ്പോസ്തലേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളി റോമൻ കത്തോലിക്കർ മൂന്നു ദശകത്തോളമായി ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിൽ സജീവമാണ്. ഇടവകയുടേതായി എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് അഞ്ചു മണിക്ക് മലയാളം ദിവ്യബലിയും എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും പുതുതായുണ്ടാക്കിയ ഈ പള്ളിയിൽ ദിവ്യബലിക്കുശേഷം ബിഷപ് ചപ്പേറ്റൊ ഹാൾ എന്നറിയപ്പെടുന്ന പാരിഷ് ഹാളിൽ സാമൂഹ്യ-സൗഹൃദ സമ്മേളനവും നിർവിഘ്‌നം നടക്കുന്നു. മുഖ്യധാരാ ആല്മീയ സമൂഹത്തിന്റെ ഭാഗമായി വളരുമ്പോളും തങ്ങളുടെ പൈതൃകവും ഭാഷ-സംസ്ക്കാര തനിമയെ കുട്ടികളിൽ ക്രമേണ പങ്കുവയ്ക്കുന്നതിനും ഈ കൂട്ടായ്മക്ക് കഴിയുന്നുണ്ട്.

പോൾ ഡി പനയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments