Wednesday, January 8, 2025
Homeകേരളംശബരിമല വാർത്തകൾ / വിശേഷങ്ങൾ

ശബരിമല വാർത്തകൾ / വിശേഷങ്ങൾ

*അയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും*

അയ്യപ്പ സന്നിധിയിൽ നാദോപാസന യർപ്പിക്കാൻ മലയാളിയുടെ പ്രിയ വാദകനും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി.
എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം അയ്യപ്പനെ ദർശിച്ചാണ് സംഘം മടങ്ങിയത്.

പുതുവത്സരത്തെ വരവേറ്റ് ശബരിമലയും

ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഫയർ ഫോഴ്സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവത്സരത്തെ വരവേറ്റു.

ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്ക് കൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ച ശേഷം കൃത്യം 12 മണിക്ക് ശബരിമലയിലെ പോലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്റർ എ.ഡി.ജി.പി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്കഗ്നി പകർന്നു. സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുകക്കാഴ്ചയായി. ശരണം വിളികളോടെയും പുതുവത്സരാശംസകൾ നേർന്നും അവർ ആഘോഷത്തിൻ്റെ ഭാഗമായി.

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തർ ദർശനം കിട്ടാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജികുമാർ അറിയിച്ചു.

5000 പേർക്ക് പ്രത്യേക പാസ് നൽകാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പാസിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നൽകേണ്ടെന്നാണ് ബോർഡിൻ്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments