ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്ന്. മതിയായ സുരക്ഷയില്ലായിരുന്നുവെന്ന് ദൃക്സാക്ഷിയായ സുധീഷ് മുതുകാട് പറഞ്ഞു.
തലയടിച്ച് മുന്നിലേക്കാണ് എംഎൽഎ വീണതെന്ന് സുധീഷ് പറഞ്ഞു. ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി റിബൺ ഉപയോഗിച്ച് കെട്ടിയതായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നുവെന്ന് സുധീഷ് പറഞ്ഞു.
ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് സംഘാടകർ സ്റ്റേജ് ഒരുക്കിയതെന്നും സീറ്റ് ക്രമീകരണവും വളരെ മോശമായിരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഗുരുതരാവസ്ഥയിലാണ് ഉമ തോമസിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു.ഉമ തോമസിന്റെ ചികിത്സയ്ക്കായി വിദഗ്ദ സംഘത്തെ നിർദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. ആരോഗ്യ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനകളായ സിടി സ്കാൻ ഉൾപ്പെടെയുള്ളവ നടത്തി.
ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്കായിരുന്നു ഉമ തോമസ് എത്തിയത്.തലയ്ക്ക് പരുക്കേറ്റതിനാൽ അബോധാവസ്ഥയിലായിരുന്നു ഉമ തോമസ്. നിരവധി കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.