Saturday, January 4, 2025
Homeഅമേരിക്ക2024-ലേക്ക് ഒരു തിരിഞ്ഞ് നോട്ടം (ജോർജ്ജ് ഓലിക്കൽ)

2024-ലേക്ക് ഒരു തിരിഞ്ഞ് നോട്ടം (ജോർജ്ജ് ഓലിക്കൽ)

ജോർജ്ജ് ഓലിക്കൽ

മാനവചരിത്രത്തിൽ നിന്ന് ഒരു വർഷത്തെ കൂടി പിന്നിലാക്കി കൊണ്ട് ലോകം പുതിയൊരു വർഷത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ 2024 ലേക്ക് ഒരു തിരനോട്ടം നടത്തുകയാണ്.

ഇന്റർനെറ്റും, ടിക്ടോക്കും , സോഷ്യൽ മീഡിയകളും, എ. ഐയും മറ്റ് സാങ്കേതിക വിദ്യകളും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും ചിന്താധാരയിൽ സമൂലമായ പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന വിജ്ഞാന വിസ്പ്പോടനങ്ങൾ മനുഷ്യജീവിതങ്ങളെ ആയാസകരമാക്കുന്നതിലുപരി അശ്ശാന്തിയും അസ്സമാധാനവും ഉണ്ടാക്കിയ വർഷമായിരുന്നു 2024, ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലോകമനഃസ്സാഷിയെ പിടിച്ചു കുലുക്കിയ നിരവധി സംഭവവികാസങ്ങൾക്ക് 2024 സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

മതങ്ങൾ മനുഷ്യരെ സന്മാർഗ്ഗത്തിലേക്കും, സമാധാനത്തിലേക്കും നയിക്കാനായി രൂപം കൊണ്ടതാണ് എന്നാൽ ലോകത്തിലെ പ്രബല മതങ്ങളുടെ ഉൽഭവ സ്ഥാനങ്ങൾ ഇന്ന് അസമാധാനങ്ങളുടെ പ്രഭവ കേന്ദ്രമായി തീർന്നിരിക്കുകയാണ്. മതത്തിന്റെയും ദൈവങ്ങളുടെയും പേരിലാണ് ലോകത്തിന്ന് ഏറ്റവും കൂടുതൽ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും നടക്കുന്നുന്നത്. ഇത് തികച്ചും വിരോധഭാസമായി തോന്നുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അശ്ശാന്തിക്ക് ഹേതുവായ നിരവധി സംഭവങ്ങൾ അരങ്ങേറിയ വർഷമായിരുന്നു 2024. പല യുദ്ധങ്ങൾ ഒരേ സമയം നടന്നു കൊണ്ടിരിക്കുന്നു. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിനായി യുദ്ധം ചെയ്യേണ്ടി വരുന്ന യുക്രയിൻകാരുടെ നിലനില്പിനായുള്ള യുദ്ധം. ഒരു വർഷം പിന്നിടുന്ന ഇസ്രയേൽ ഹമാസ് പോരാട്ടം, ഈ യുദ്ധത്തിനിടയിൽ മദ്ധ്യപൂർവ്വേഷ്യയിലെ വിവിധ രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധം കത്തിക്കാളുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനും തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ശ്രമിക്കുന്ന ഇസ്രയേൽ, സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച് ഭീകരപ്രവർത്തനങ്ങളിലൂടെ മതതീവ്രത വളർത്താൻ ശ്രമിക്കുന്ന ഹമാസ്, അതിന് ഹിസ്സ്ബുള്ള എന്ന തീവ്രസ്വഭാവമുള്ള സംഘടനയ്ക്ക് ഒത്താശ ചെയ്‌ത്‌ ആ മേഖലകളിൽ തങ്ങളുടെ ഷിയാ മതവിഭാഗത്തിന്റെ സ്വാധീനം നിലനിറുത്താൻ ശ്രമിക്കുന്ന ഇറാൻ, ഹുത്തി എന്ന വിഭാഗം ഭൂരിപക്ഷ സുന്നി വിഭാഗത്തിനെതിരായി യമനിൽ തമ്മിലടിക്കുന്നു. ഇവരോടെല്ലാം പോരടിച്ച് നിലനിൽക്കാൻ യുദ്ധം ചെയ്യുന്ന ഇസ്രായേൽ, ഇസ്രായേലിന് ഒരു യുദ്ധവും തോൽക്കാനാവില്ല, തോറ്റാൽ ഇസ്രായേൽ ഇല്ല എന്ന യാഥാർത്ഥ്യം അറിയാവുന്ന അവർ തങ്ങൾക്ക് ചുറ്റുമുള്ള ശത്രുക്കളെ നിർവ്വീര്യമാക്കാനും കൊന്നൊടുക്കാനും തക്കം പാർത്തിരിക്കുന്നു.

പന്ത്രൺടു വർഷം കിരാതഭരണം നടത്തി ഇറാൻ്റെയും റഷ്യയുടെയും തണലിൽ കഴിഞ്ഞിരുന്ന സിറിയൻ എകാധിപതി അസദിന്റെ പതനം മദ്ധ്യപൂർവ്വേഷ്യയുടെ സമവാക്യങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു. തീവ്രസ്വഭാവമുള്ള അൽക്വയ്‌ത സുന്നി വിഭാഗം സിറിയായുടെ നല്ലൊരു ഭാഗവും കൈവശമാക്കി ഭരിക്കാൻ ഒരുങ്ങുന്നു. വറച്ചട്ടിയിൽ നിന്ന് എരിതീയിലേക്ക് സിറിയ എന്ന പുണ്യപുരാതന ദേശം നീങ്ങുന്ന എന്ന വാർത്ത 2024-ന്റെ അവസാനത്തിൽ ഭീതിയോടെ മാത്രമെ ശ്രവിക്കാൻ സാധിക്കുന്നുള്ളു.

തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അധികാരത്തിലേറ്റിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ്റ് യൂൻ സുക് യോൽ തന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ പട്ടാള ഭരണം കൊണ്ടുവരികയെന്നത് സാധാരണഗതിയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ് ഇത് 2024-ലെ വേറിട്ട സംഭവമായിരുന്നു. ഇനി രാജ്യത്തിന്റെ ഭാവി എന്തെന്ന് കോടതിീരുമാനിക്കും.

2024-ൽ യുറോപ്പിലും, ഇന്ത്യയിലും, അമേരിക്കയിലും ഇലക്ഷനും, നേതൃമാറ്റവും ഉണ്ടായത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടണ്ടിൽ ഇന്ത്യൻ വംശജൻ ഋഷി സുനിക് പ്രധാമന്ത്രിയായിരുന്ന യാഥാസ്ഥിതിക പാർട്ടിയെ വലിയ മാർജ്ജിനിൽ തോല്‌പിച്ചുകൊണ്ട് കീർ സ്റ്റ്റീമർ നേതൃത്വം നൽകിയ ലേബർ പാർട്ടി അധികാരത്തിൽ വന്നത് സാമ്പത്തിക മാന്ദ്യത്തിൽ കഴിയുന്ന ഇംഗ്ലണ്ടിന് ആശ്വാസമാകുമെന്ന് കരുതാം.

സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന അമേരിക്കയിൽ തീവ്ര സോഷ്യലിസ്റ്റ് ചിന്താഗതിയും, അഭയാർത്ഥികളെ യാതൊരു രേഖകളുമില്ലാതെ സ്വീകരിക്കണമെന്ന അയഞ്ഞ സമീപനവും, വോട്ടു ബാങ്കുകൾ ശക്തമാക്കാൻ തീവ്രവാദികളായ ഹമാസിനോട് മൃദു സമീപനം സ്വീകരിച്ചതും, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി കാമ്പസ്സുകളിലും നഗരങ്ങളിലും അരങ്ങേറിയ അക്രമാസക്ത പ്രകടനങ്ങളെ ന്യായീകരിച്ചതൻ്റെയെല്ലാം പ്രതിഫലനമാണ് ഭരണ പാർട്ടിയായ ഡൊമോക്രാറ്റിന് ലഭിച്ച വൻ തിരിച്ചടി. 2024-ലെ ഏറ്റവും വലിയ സംഭവമായി രേഖപ്പെടുത്തേണ്ടത് ചരിത്രം സൃഷ്ടിച്ച്കൊണ്ട് ട്രമ്പെന്ന ഒറ്റയാൾ പട്ടാളത്തിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കൻ പാർട്ടിയുടെ വൻ തിരിച്ചു വരവാണ്. ഇത് ആഗോളതലത്തിൽ മാറ്റങ്ങൾക്ക് വഴിതെളിക്കും.

ഇന്ത്യയിലെ സർവ്വാധിപനായിരുന്ന മോഡി നയിച്ചിരുന്ന ബി.ജെ.പി സർക്കാർ ഭൂരിപക്ഷ ഭീകരതയിലൂടെ തിരിച്ചുവരുമെന്ന് കരുതിയവരെ അമ്പരിപ്പിച്ചു കൊണ്ട് കോൺഗ്രസ് നേതൃത്വം നൽകിയ മഹാസഖ്യം ശക്തമായ പ്രതിപക്ഷമായി മാറി മോഡിസ്സത്തിന് കൂച്ചുവിലങ്ങിടാൻ കഴിഞ്ഞു എന്നത് എകാധിപത്യ പ്രവണതയിലേക്ക് പോകാമായിരുന്ന ഇന്ത്യൻ ജനതക്കൊരശ്വാസമായി.

ഇലക്ഷനിൽ ജയിക്കാനും അധികാരം ഉറപ്പിക്കാനും യാതൊരു തത്വദീഷയുമില്ലാതെ വർക്ഷീയ ധ്രുവീകരണം നടത്തുന്ന രാഷ്ട്രീയ പാർട്ടികളുള്ള നാടായിരിക്കുന്നു ഇന്ത്യ. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണല്ലോ ഇന്ത്യ, ജനാധിപത്യം തത്വത്തിൽ സുന്ദരമായ ഒരു ‘രണ സംവിധാനമാണ് എന്നാൽ ഏറ്റവും മികച്ചത് എന്ന അഭിപ്രായമില്ല. ഒരു പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷംലഭിക്കുമ്പോൾ അത് ഭൂരിപക്ഷ ഭീകരതയിലേക്ക് പോകുവാൻ സാദ്ധ്യതയുണ്ട് ഇത് എകാധിപത്യത്തേക്കാൾ ഭീകരമാകും കാരണം എകാധിപതി തന്റെയും തൻ്റെ അടുത്ത കൂട്ടാളികളുടെ കാര്യം മാത്രം നോക്കുമ്പോൾ, വൻഭൂരിപക്ഷത്തോടെ ജയിക്കുന്ന പാർട്ടിയിലുള്ളവർ അധികാര ദുർവിനിയോഗവും അഴിമതിയും നടത്തുന്നു, അത് പൊതുസമൂഹത്തിന് കൂടുതൽ ദോഷമായിത്തീരുന്നു. എപ്പോഴും കൂട്ടുകക്ഷി ഭരണമാണ് ഉത്തമമെന്ന അഭിപ്രായമാണുള്ളത്.

ലോകത്ത് പല രാജ്യങ്ങളിലും പരീക്ഷിച്ചു പരാജയപ്പെട്ട സോഷ്യലിസവും, കമ്യൂണിസ്സവും നിലനിറുത്താൻ പാടുപെടുന്ന നമ്മുടെ നാടായ കേരളത്തിലെ ഭരണകൂടം അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും, ഗുണ്ടായിസത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. സർവ്വാധികാര പ്രവണതയുള്ള മുഖ്യമന്ത്രിയും പരിവാരങ്ങളും സംസ്ഥാനത്തെ കടക്കണിയിലാക്കിയ വർഷം കൂടിയായിരുന്നു 2024. വയനാടിലുണ്ടായ ഉരുൾപെപ്പാട്ടലിന്റെ മറവിൽ പണം പിരിക്കാനുള്ള ഗുഡോദ്ദേശം നടക്കാത്തതിൽ ഭരണസമിതി കുണ്ടിതരായിരിക്കയാണ്. 2019-ലെ പ്രളയത്തിൽ വിദേശ മലയാളികളും, കേരളത്തിലുള്ളവരും നൽകിയ സഹായം അർഹതപ്പെട്ടവരിൽ എത്താത്തതിൻ്റെ പ്രതിഷേധം അറിയിക്കുന്നത് അർഹതപ്പെട്ടവരെ കണ്‌ടെത്തി സഹായം നേരിട്ട് എത്തിക്കുന്നതിലൂടെയാണ്. ഇത് ഭരണവർക്ഷത്തിന്മേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിന് തെളിവാണ്.

ശാസ്ത്ര സാങ്കേതിക രംഗത്ത് എ.ഐ യുടെ വരവും, നാസയുടെ ഗോളാന്തര പരീക്ഷണങ്ങളിലൂടെ അന്യഗ്രഹങ്ങളെ മനുഷ്യവാസയോഗ്യമാക്കാനുള്ള ശ്രമങ്ങളും, ഇലോൺ മസ്‌കിൻ്റെ സ്പെയിസ് എക്സ് പ്രോഗ്രാംമുകളിലൂടെ നാസയുടെ ശ്രമങ്ങൾക്ക് വേഗത നൽകുവാനും അതിലൂടെ അതിവിദൂരല്ലാത്ത നാളിൽ അന്യഗ്രഹങ്ങളിൽ എത്തിച്ചേരുവാനും അവിടെ

വാസമുറപ്പിക്കുവാനുമുള്ള ശ്രമങ്ങൾ കൊണട് ശ്രദ്ധേയമായ വർഷം കൂടിയായിരുന്നു 2024. ഗൂഗിൾ രൂപകൽപ്പന ചെയ്യുന്ന ക്വാണ്ടം ചിപ്പുകളിലൂടെ അതിസങ്കീർണ്ണമായ കണക്കുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർവ്വഹിക്കാൻ പറ്റും, ഇത് ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് വഴിതെളിക്കും. ഇതിന്നിടയിൽ ഗവേഷണ പരീക്ഷണങ്ങൾക്കായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് സാങ്കേതിക കാരണങ്ങളാൽ തിരിച്ചുവരാൻ വൈകുന്നത് ആശങ്കയുളവാക്കുന്നു.

മാനവരാശി 22-ാം നൂറ്റാണ്ടിലേക്ക് കുതിക്കുമ്പോൾ മതവും, മത സാഹിത്യവും പ്രാകൃത കാലത്ത് രൂപം കൊണ്ട് തത്വസംഹിതയിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കുന്നത് വിരോധാഭാസമായി തോന്നുന്നു. ഇതിൽ നിന്ന് മുക്തിനേടിയാൽ മാത്രമെ ലോകത്ത് ശാന്തിയും സമാധാനവും കൈവരുകയുള്ളു.

2024-ലെ എടുത്തു പറയത്തക്ക സംഭവമായി തോന്നിയത് ആഗോളതലത്തിൽ കാലവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കുവാനും കാലവസ്ഥ വ്യതിയാനത്തിന് കാണമാകുന്നു എന്നു കരുതപ്പെടുന്ന കാർബൺ പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള മുൻകരുതലുകൾക്ക് ലോക രാഷ്ട്രങ്ങൾ തയ്യാറാകുന്നത് ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്.

യുഗപുരുഷനായി മാറിക്കൊണ്ടിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ തുറന്ന സമീപനവും കാഴ്ച്‌ചപ്പാടുകളും കത്തോലിക്ക സഭയിൽ മാത്രമല്ല ലോക സമാധാനത്തിനും മുതൽക്കുട്ടായിരിക്കും.

യുദ്ധവും സമാധാനവും സമ്പത്തും ദാരിദ്ര്യവും ആരോഗ്യവും അനാരോഗ്യവും നടമാടിയ 2024- നെ പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് ലോകം 2025-ന്റെ പടിവാതിക്കൽ എത്തി നിൽക്കുകയാണല്ലോ. 2025 ഏവർക്കും പ്രത്യാശനിർഭരമായ ഒരു വർഷമാകട്ടെ. പുതുവത്സരാശംസകൾ ഹൃദയപൂർവ്വം നേരുന്നു.

ജോർജ്ജ് ഓലിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments