Wednesday, January 1, 2025
Homeകേരളംമണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കും : ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍

മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കും : ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍

മകരവിളക്കിന്‍റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് തുടങ്ങും:ജനുവരി 12,13,14 തീയതികളില്‍ കൂടുതല്‍ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയാറാക്കി: പമ്പയില്‍ സ്പോട്ട് ബുക്കിംഗിനായി നിലവില്‍ സജീകരിച്ചിട്ടുള്ള ഏഴ് കൗണ്ടറുകള്‍ 10 ആയി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കും

മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മകരവിളക്ക് തീര്‍ഥാടന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.

ഇതുവരെ 32,79,761 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. 5,73,276 പേര്‍ സ്പോട്ട് ബുക്കിംഗ് വഴിയും 75,562 പേര്‍ കാനനപാതയിലൂടെയും. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഏകോപനത്തോടെ പ്രവര്‍ത്തിച്ച് പരാതിരഹിത തീര്‍ഥാടനം ഉറപ്പാക്കി.

മകരവിളക്കിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് തുടങ്ങും. ഘോഷയാത്ര കടന്നുവരുന്ന പാതകള്‍ സഞ്ചാരയോഗ്യമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. അപകടകരമായ മരചില്ലകള്‍ വെട്ടിമാറ്റണം.

വഴിവിളക്കുകള്‍ ഉറപ്പാക്കണം. തീര്‍ഥാടകര്‍ക്ക് ദാഹം ജലവും ലഭ്യമാക്കണം.പാതയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. വന്യമൃഗഭീഷണിയുള്ള സ്ഥലങ്ങളില്‍ വനംവകുപ്പ് പ്രത്യേകജാഗ്രത പുലര്‍ത്തണം; എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കണം. തിരികെയുള്ള യാത്രയിലും സൗകര്യങ്ങള്‍ ഉറപ്പാക്കണം.

ജനുവരി 12,13,14 തീയതികളില്‍ കൂടുതല്‍ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയാറാക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കണം. മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കണം.

പമ്പയില്‍ സ്പോട്ട് ബുക്കിംഗിനായി നിലവില്‍ സജീകരിച്ചിട്ടുള്ള ഏഴ് കൗണ്ടറുകള്‍ 10 ആയി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേകം കൗണ്ടര്‍ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഏറ്റവും കുറഞ്ഞ തീര്‍ഥാടനകാലമാണ് ഈ വര്‍ഷത്തേതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട് നിയോഗപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അന്നേദിവസം പോലീസുമായി സഹകരിച്ച് പ്രത്യേക സിപിആര്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

എംഎല്‍എ മാരായ പ്രമോദ് നാരായണ്‍, കെ. യു. ജനീഷ് കുമാര്‍, ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ ജി. സുന്ദരേശന്‍, എ. അജികുമാര്‍, എഡിജിപി എസ്. ശ്രീജിത്ത്, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍, ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍, ദേവസ്വം കമ്മിഷണര്‍ സി. വി. പ്രകാശ്, എക്സിക്യുട്ടീവ് ഓഫീസര്‍ മുരഹരി ബാബു, ദേവസ്വം പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ രഞ്ജിത്ത് ശേഖര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments