ഹവായി: എയർപോർട്ടിൽ ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച മൗയിയിൽ ഇറങ്ങിയ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻ്റെ ചക്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചിക്കാഗോയിലെ ഒ’ഹെയർ എയർപോർട്ടിൽ നിന്ന് എത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് 202 വിമാനം ഹവായിയിലെ കഹുലുയി എയർപോർട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
വിമാനത്തിലെ പ്രധാന ലാൻഡിംഗ് ഗിയറുകളിലൊന്നിൻ്റെ ചക്രത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഈ വ്യക്തി എങ്ങനെ, എപ്പോൾ വിമാനത്തിന്റെ ചക്രത്തിലേയ്ക്ക് എത്തിയെന്നും തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ലെന്നും യുണൈറ്റഡ് എയർലൈൻസ് വക്താവ് പറഞ്ഞു. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.
വിമാനത്തിൻ്റെ ചക്രത്തിൽ ഒളിക്കുക എന്നത് നിയമവിരുദ്ധമായി യാത്ര ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ആളുകൾ പരീക്ഷിക്കുന്ന ഒരു അപകടകരമായ തന്ത്രമാണ്. ഈ രീതി പരീക്ഷിക്കുന്ന 77 ശതമാനത്തിലധികം വ്യക്തികളും അതിജീവിക്കുന്നില്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നത്. അത്യന്തം ഗുരുതരമായ അപകടങ്ങളാണ് ഇത്തരത്തിലുള്ളവരെ പലപ്പോഴും കാത്തിരിക്കുന്നത്.