നിര്‍മ്മാല്യത്തിലെ പാവം വെളിച്ചപ്പാടിനെ ഓര്‍മ്മവരുന്നു. ദേവിയുടെ ചിഹ്നങ്ങളായ പള്ളിവാളും പൊന്‍ചിലമ്പുമേന്തി തന്റെ ഗ്രാമത്തിലെ ഇടവഴികളിലൂടെ പ്രതാപത്തോടെ നടകൊണ്ടിരുന്ന അദ്ദേഹത്തെ തറവാട്ടമ്മമാര്‍ നിറപറയും നിലവിളക്കും വച്ച് വണങ്ങിയിരുന്ന ഒരു കാലമുണ്ടായിരൂന്നു. തോളിലൊരു ചാക്കുമായി ഇടങ്ങഴി നെല്ലിനുവേണ്ടി അതേ വീട്ടുമുറ്റത്തെത്തുന്ന അയാളെ ഗൃഹപാഠം ചൊല്ലുന്ന കുട്ടി ‘അമ്മേ, ദാ, ഒരു ധര്‍മ്മക്കാരന്‍”’ എന്ന് വിളിച്ചുപറഞ്ഞ് നിസ്സാരനാക്കുന്നു. കാലം .എന്നാല്‍ ആ മാറ്റം ആരുടെയും മനുഷ്യവികാരം മുറിപ്പെടുത്തിയില്ല. അയാളുടെ വീട്ടുമുറ്റത്ത് ‘ഒന്നേ, ഒന്നേ…,രണ്ടേ,രണ്ടേ…..’എന്ന് നെല്ല് അളന്ന് കൂട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. സമൃദ്ധി കുന്നുകൂടിയ ആ മുറ്റത്ത് കരിയിലകള്‍ പാറിനടക്കുന്നത് നോക്കി പൂമുഖത്തിണ്ണയില്‍ വിഷാദിച്ചിരിക്കുന്ന വെളിച്ചപ്പാടിന്റെ കാലം കൊഞ്ഞനം കാട്ടുന്നത് ആരുടെയും വികാരം വ്രണപ്പെടുത്തിയില്ല. മടിയിലിരുന്ന് കളിക്കുന്ന തന്റെ ഓമനയുണ്ണിക്ക് നാവേറു പാടിയിരുന്ന പുള്ളുവനും പുള്ളുവത്തിയും പടിപ്പുരത്തിണ്ണയില്‍ തളര്‍ന്നിരുന്നിരിക്കുന്ന അയാളെ ശ്രദ്ധിക്കാതെ കടന്നുപോകുന്നത് കണ്ടിട്ടും നമ്മുടെയാരുടെയും വികാരം വ്രണപ്പെട്ടില്ല. തറവാട്ടമ്മയായി വീടു നിറഞ്ഞുനിന്ന ദേവിയുടെ വെളിച്ചപ്പാടിന്റെ പത്നി അന്നന്നത്തെ ഊണിനുവേണ്ടി ശരീരം വില്‍ക്കുന്നത് കണ്ടിട്ടും നമ്മുടെ ഈശ്വരവിശ്വാസം വ്രണപ്പെട്ടില്ല.സ്വന്തം തല വെട്ടിപ്പൊളിച്ചുകൊണ്ട് അമ്പലമുറ്റത്ത് കലികയറിയോടിയ അയാളെ കണ്ടിട്ടും ‘ദേവീ എന്തിനീ പാവത്തെ പരീക്ഷിക്കുന്നു?” എന്ന് നമ്മളാരും ചോദിച്ചില്ല.
മനുഷ്യരുടെ വിധി അങ്ങനെയാണെന്ന് നമുക്ക് അറിയുന്നതാവാം ഇതിന് കാരണം. പക്ഷേ ഏത് ദേവിയുടെ വെളിച്ചപ്പാടായിരുന്നുവോ, അതേ ദേവിയുടെ വിഗ്രഹത്തിന്റെ മുഖത്ത് ചോര നീട്ടിത്തുപ്പുന്ന അയാളുടെ ദെെവനിഷേധം നമുക്ക് താങ്ങാനാവുന്നില്ല.മനുഷ്യരെ അപമാനിച്ചാല്‍ നാം പൊറുക്കും;ദെെവനിന്ദ പക്ഷേ നമ്മള്‍ സഹിക്കില്ല. വിധിക്ക് അതീതരാണല്ലോ നമ്മുടെ ദെെവങ്ങള്‍!
അയാള്‍ തുപ്പിയത് തന്നെത്തന്നെയാണെന്നും ദെെവനിഷേധം എന്നതിനപ്പുറത്ത് അത് ആത്മനിന്ദയാണെന്നും അറിയാനുള്ള സംവേദനക്ഷമത നമ്മളില്‍ പലര്‍ക്കും ഉണ്ടാവുന്നില്ലെന്നതല്ലേ വാസ്തവം?. വിശ്വാസിയുടെ ഉള്ളിലാണ് ദെെവം കുടികൊള്ളുന്നത്. ഉള്ളിലെ ആ പ്രതിഷ്ഠയുടെ ബാഹ്യരൂപമാണ് (externalised) വിഗ്രഹങ്ങള്‍.നാം പൂജിക്കുന്നതും നിന്ദിക്കുന്നതും നമ്മുടെതന്നെ വെെകാരികസ്വത്തത്തെയാണ്. ആദിമകാലംമുതല്‍ ഭക്തിയും ഭക്തിനിഷേധവും ഉള്ളില്‍ പേറുന്നവരാണ് മനുഷ്യര്‍. ഒന്നിന്റെ തുടര്‍ച്ചയാണ് മറ്റേത്.
ആനന്ദത്തില്‍നിന്ന് തുടങ്ങി ആത്മനിന്ദയോളം എത്തുന്ന മനുഷ്യരുടെ വെെകാരികപ്രപഞ്ചത്തെ ആവിഷ്കരിക്കുന്നവരാണ് യഥാര്‍ത്ഥ കലാകാരന്മാര്‍.നിര്‍മ്മാല്യം സിനിമയില്‍ എം ടി ചെയ്തത് അതാണ്. ദേവിയുടെ തിരുനടയില്‍ നീട്ടിത്തുപ്പിക്കൊണ്ട് സ്വയം വെട്ടിമരിക്കുന്ന വെളിച്ചപ്പാട് തന്നില്‍നിന്നുമാത്രമല്ല, തന്നെ ബന്ദിയാക്കിയ ദേവിയില്‍നിന്ന് പോലും സ്വതന്ത്രനാവുന്നു. അത് വെളിച്ചപ്പാടിന്റെയും അയാളുടെ സ്രഷ്ടാവായ എം ടി വാസുദേവന്‍ നയരുടെയും ആത്മാവിഷ്കാരമാണ്. ധര്‍മ്മാധര്‍മ്മ ചിന്തയല്ല, സ്വയം വെട്ടിമരിയ്ക്കുന്ന മനുഷ്യരുടെ ചോരയാണ് എഴുത്തുകാരുടെ മഷിപ്പാത്രം.