കരുണയുടെയും സ്‌നേഹത്തിന്റെയും കാലാതീത സന്ദേശവുമായി വീണ്ടുമൊരു തിരുജനനപ്പെരുന്നാള്‍ കൂടി കടന്നുവരുന്നു. പ്രഭാപൂരിതവും പ്രതീക്ഷാനിര്‍ഭരവും പ്രത്യാശാജനകവുമാണ് ഓരോ ക്രിസ്തുമസ് കാലവും. സമാഗതമാകുന്ന ക്രിസ്തുമസ് സന്തോഷത്തിന്റെയും സമാധാനത്തിന്റേതുമാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
അനുരഞ്ജനമാണ് ക്രിസ്തുമസിന്റെ ആത്മാവ്. കാലങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ഒരു ഇമെയില്‍ സന്ദേശം ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നുണ്ട്. ”സുഹൃത്തേ, നിങ്ങളുടെ സ്‌നേഹിതനുമായുള്ള സൗഹൃദം പുലര്‍ത്താന്‍ വൈകരുത്. മുറിഞ്ഞുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുക. ശത്രുതയിലുള്ളവരുമായി രമ്യപ്പെടുക. അടുത്ത ക്രിസ്തുമസിന് നിങ്ങളില്‍ ഒരാള്‍ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പ്?” ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നതിന് മുന്നേ ഉറ്റവരും ഉടയവരും ഉള്‍പ്പടെ ഒരു ഗ്രാമം മുഴുവനും ഒലിച്ചുപോയതിന്റെ ഉള്ളുരുക്കുന്ന ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലല്ലോ? അവിടെ അയല്‍വാസികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് എഴുതിവെച്ച പരാതി അലമാരയില്‍ അവശേഷിക്കുകയും പരാതിക്കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയും ചെയ്തതും അതുതന്നെയാണല്ലോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അടുത്ത നിമിഷം നമ്മള്‍ ജീവിച്ചിരിക്കുമെന്ന് എന്താണിത്ര ഉറപ്പ്?
”ആയുസ്സിന്റെ അസ്ഥിരതയെക്കുറിച്ചുള്ള അവബോധമാണ് ആത്മീയതയുടെ ആണിക്കല്ല്.” ആയുസ്സിന്റെ അസ്ഥിരതയെക്കുറിച്ച് അവബോധമുള്ളവരില്‍ അഹംഭാവമുണ്ടാകില്ല, ആത്മീയഭാവമേ ഉണ്ടാവൂ. അഹത്തെ ഇല്ലാതാക്കുന്നതാണ് ആത്മീയതയുടെ അടിത്തറ. ക്രിസ്തു ജീവിക്കുന്ന ജീവിതമായിത്തീരുമ്പോഴാണ് ക്രിസ്തുമസ് ആഘോഷം അര്‍ത്ഥപൂര്‍ണ്ണമാവുക. അതിന് അവരവരിലെ അഹത്തെ ഇല്ലാതാക്കണം. അഹംഭാവത്തെ പുറത്താക്കിയാല്‍ മാത്രമേ ആത്മീയഭാവം അകത്ത് വരൂ. അഹംഭാവത്തെ പുറത്താക്കുമ്പോഴാണ് ക്രിസ്തുമസിന്റെ ആഹ്ലാദം ഉള്ളില്‍ നിറയുകയുള്ളൂ. ”അഹങ്കാരവും അഹംഭാവവും അസ്തിത്വത്തിന്റെ ദുര്‍ഗന്ധവും, വിനയവും വിശുദ്ധിയും വ്യക്തിത്വത്തിന്റെ സുഗന്ധവുമാണ്. ”
അലയുന്നവരില്‍ ആരാണ് ക്രിസ്തു എന്ന അന്വേഷണമല്ല, അലയുന്നവരിലെല്ലാം ക്രിസ്തു ഉണ്ട് എന്ന അവബോധമാണാവശ്യം. അലയുന്നവര്‍ക്കും വലയുന്നവര്‍ക്കും ഇടം നല്‍കി അഭയമേകാനാവുമോ? ”സത്രത്തില്‍ ഇടമില്ല എന്നത് സത്യം. ഇടമുണ്ടാക്കാമെന്നത് സാധ്യതയും.” സത്രക്കാരന് അവിടെ ഒരു ഇടമുണ്ടായിരുന്നല്ലോ? മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗമുണ്ട്. മിച്ചമുണ്ടായിട്ടല്ല, മിച്ചം പിടിച്ച് സഹായിക്കുമ്പോഴാണ്, വിധവയുടെ ചില്ലിക്കാശ് പോലെ, സഹായത്തിന് മികവുണ്ടാവുക!
”ക്രിസ്തുവിന്റെ മനസ്സുള്ളവരാകുക” എന്നതാണ് ക്രിസ്തുമസ് നമുക്ക് നല്‍കുന്ന സന്ദേശം. ആരേയും അവഗണിക്കാതെ എല്ലാവരേയും പരിഗണിക്കുക. ”നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്‌നേഹിക്കയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരത്തിനായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍ നാമും പരസ്പരം സ്‌നേഹിപ്പാന്‍ കടപ്പെട്ടിരിക്കുന്നു” (1 യോഹ. 4: 10, 11).
തിരുപ്പിറവിയിലൂടെ നമ്മില്‍ ജനിയ്‌ക്കേണ്ടത് തിന്മയെ അതിജീവിക്കുന്ന നന്മയാണ്, സ്വാര്‍ത്ഥതയെ ഇല്ലായ്മ ചെയ്യുന്ന സൗഹാര്‍ദ്ദമാണ്, കലഹത്തെ കൊല്ലുന്ന കരുണയാണ്, മതവൈരാഗ്യത്തെ മറികടക്കുന്ന ആത്മീയതയാണ്. സഹാനുഭൂതി കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹികക്ഷേമം ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്തുമസ് ആഘോഷത്തിന് സാധിക്കട്ടെ. മലയാളി മനസ്സിന്റെ സാരഥികൾക്കും, ഏല്ലാ വായനക്കാർക്കും ക്രിസ്തുമസ് ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു.