എളിമയുടെയും ലാളിത്യത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് വീണ്ടും സമാഗതമായിരിക്കുന്നു. ദൈവകൃപയിൽ നിറഞ്ഞ്, നിർമ്മല സ്നേഹത്തിൻറെ സൗരഭ്യം പരത്തുകയാണ് നമ്മുടെ കർത്തവ്യം.
ക്രിസ്മസ് മാസത്തിൽ മനസ്സുകളിൽ തെളിയുന്നത് നക്ഷത്രദീപങ്ങളാണ്. സാഹോദര്യ സ്നേഹത്തോടെ നന്മയുടെ പാതയിൽ സഞ്ചരിക്കുവാനാണ് ക്രിസ്മസ് ആഹ്വാനം ചെയ്യുന്നത്.
മംഗളവാർത്താക്കാലമാണ് ക്രിസ്തുമസ്. എളിമയുടെ തെളിമയുള്ളവർക്കേ പ്രത്യാശയുടെ പൊൻവെളിച്ചം ആകാൻ കഴിയൂ. ക്രിസ്തുമസ്സ് ഒരു തീയതി അല്ല, അനുഭവമാണ്. ആ അനുഭവം ജീവിതത്തെ ഒട്ടാകെ മാറ്റിമറിക്കുന്നു. അതിസാധാരണക്കാരും പാമരൻമാരുമായ ആട്ടിടയരും, വിദൂര ദിക്കിൽ നിന്നുമുള്ള പണ്ഡിതരും എല്ലാം ഉണ്ണിയേശുവിനെ കണ്ട് മടങ്ങുന്നുണ്ട്. രണ്ടു സന്ദർശകർക്കും
ദിവ്യ വെളിപാടിൻറെ അനുഭവം ലഭിച്ചു.
സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം എന്നാണ് ദൈവദൂതൻ പറയുന്നത്. ഈശ്വരനെ തേടുക, കണ്ടെത്തുക, മഹത്വപ്പെടുത്തുക, അവൻ വെളിപ്പെടുത്തുന്ന വഴിയിലൂടെ സഞ്ചരിക്കുക- ക്രിസ്തുമസിന്റെ സാരസർവ്വസ്വം ഇതാണ്.
ജാതിയുടെയും, മതത്തിന്റെയും, വർണ്ണത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ ഇന്നും മനസ്സുകളെ വിഷലിപ്തമാക്കുന്നു.
ഒരുമയുടെ സന്ദേശമാണ് ക്രിസ്തുമസ്സ് നൽകുന്നത്. സ്വർഗ്ഗവും ഭൂമിയും ലോക രക്ഷയ്ക്ക് വേണ്ടി കൈകോർക്കുന്നു. ജാതിമതഭേദമന്യേ എല്ലാ മനുഷ്യരും, പ്രകൃതിയും, എല്ലാറ്റിന്റെയും സൃഷ്ടികർത്താവായ ദൈവവും ഒരുമിക്കുമ്പോഴാണ് ഓരോ ജീവിതവും ധന്യമാകുന്നത്. അപ്പോൾ മാത്രമേ ക്രിസ്മസ് യാഥാർഥ്യമാകൂ.
പുൽക്കൂട് ഒത്തുചേരലിന്റെ വേദിയാണ്. ഓരോ മനസ്സും ദൈവം പിറക്കുന്ന പുൽക്കൂട് ആയി മാറട്ടെ. മലയാളി മനസ്സിൻറെ മാന്യവായനക്കാർക്ക് ദൈവീക സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസിന്റെ സ്നേഹാശംസകൾ..