കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ നന്മക്കും ഊന്നൽ നൽകികൊണ്ട് ഫിലാഡൽഫിയ പ്രൊവിൻസ് അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പദ്ധതികളുടെ പരിപൂർണ്ണ വിജയത്തിനായി ഈ ഡിസംബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രൊവിൻസിന്റെ ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോർജിന്റെ ഐവിലാൻഡിൽ പുതുതായി വാങ്ങിയ ഭവനത്തിൽ വച്ച് യോഗം കൂടുകയും സബ്‌കമ്മിറ്റികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
കേരളത്തിൽ സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതീ യുവാക്കളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയഞ്ച് ദമ്പതികൾക്ക് വിവാഹം നടത്തികൊടുക്കുവാനുള്ള ഒരു വലിയ പദ്ധതിയാണ് പ്രൊവിൻസ് ഏറ്റെടുത്തിരിക്കുന്നത്. അനുയോജ്യരായ അപേക്ഷകരെ കണ്ടെത്തി ഈ സമൂഹ വിവാഹത്തെ ഒരു സമ്പൂർണ വിജയമാക്കി തീർക്കുവാൻ കേരളത്തിലുള്ള ഗാന്ധി ഭവനുമായി പ്രൊവിൻസ് കൂടിയാലോചന നടത്തുകയും ഗാന്ധിഭവന് ഈ മേഖലയിലുള്ള എല്ലാ അനുഭവസമ്പത്തും സഹകരണങ്ങളും അവർ വാഗ്ദാനം ചെയ്തതിലുള്ള നന്ദിയും സ്നേഹവും യോഗം രേഖപ്പെടുത്തി.
അടുത്ത വര്ഷം ഒക്ടോബർ മാസം രണ്ടാംതീയതി കോട്ടയത്തുള്ള ഒരു പ്രമുഖ ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ സമൂഹ വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കും. വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബലും അമേരിക്ക റീജിയനും അവരുടേതായ എല്ലാ സഹായങ്ങളും സഹകരണവും പ്രൊവിൻസിന്റെ ഈ ബ്രിഹത് പദ്ധതി വിജയകരമായി സംഘടിപ്പിക്കുവാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമൂഹ വിവാഹത്തിനുള്ള നിബന്ധനകളും പ്രൊവിൻസ് ഇതിനായി ചെയ്യുന്ന സാമ്പത്തീക സഹായങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനിച്ച് അംഗീകാരം നൽകി.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ നൈനാൻ മത്തായി, പ്രസിഡന്റ് (215 760-0447), മറിയാമ്മ ജോർജ്, ചെയർപേഴ്സൺ (267 357-1542), ലൂക്കോസ് മാത്യു, ജനറൽ സെക്രട്ടറി (267 467-4993), തോമസ്കുട്ടി വർഗീസ്, ട്രെഷറർ (267 515-8727) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
അടുത്ത വർഷം ജൂൺ ഏഴാംതീയതി, ശനിയാഴ്ച മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ വിവിധ പരിപാടികളോടെ സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ഹാളിൽ വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗം രാവിലെ പത്തു മണി മുതൽ പതിനൊന്നു മണി വരെയും വിവിധ ആർട്ടിസ്റ്റുകളെ കോർത്തിണക്കികൊണ്ടുള്ള കലാപരിപാടികൾക്കു പതിനൊന്നു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വേദി സാക്ഷിയാകും. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന ഉച്ച ഭക്ഷണവും എല്ലാവർക്കയും ഒരുക്കിയിട്ടുണ്ട്.
പ്രൊഫഷണൽ നർത്തകിയും ഫിലാഡൽഫിയ നുപുറ ഡാൻസ് അക്കാഡമിയുടെ ഡയറക്ടറും പ്രൊവിൻസ് അംഗവുമായ ശ്രീമതി അജി പണിക്കരെ മദേഴ്‌സ് ആൻഡ് ഫാദേഴ്സ് ഡേ 2025-ന്റെ പ്രോഗ്രാം കോർഡിനേറ്ററായി യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു. കലാരംഗത്തു വളരെയധികം അനുഭവസമ്പത്തുള്ള അജി പണിക്കരുടെ നേതൃപാടവം ഡാൻസ് ഫെസ്റ്റും വിപുലമായ കലാപരിപാടികളും വേദിയെ വര്ണശബളമാക്കും. പ്രൊവിൻസ് ഒക്ടോബറിൽ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിന്റെ സാമ്പത്തീക സഹായത്തിനുകൂടി ഊന്നൽ നൽകിക്കൊണ്ടാണ് ജൂൺ മാസത്തിൽ ഈ ആഘോഷ പരിപാടികൾ നടത്തുന്നത്.
യോഗം നാലു മണിക്ക് ആരംഭിച്ചു. പ്രൊവിൻസിന്റെ വുമൺ ഫോറം പ്രസിഡന്റ് ആയ ശ്രീമതി ഷൈല രാജന്റെ പ്രിയ മാതാവിന്റെ വേർപാടിൽ അംഗങ്ങൾ ഒരു നിമിഷം മൗനം ആചരിച്ചു പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചു. സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതം അർപ്പിച്ചു കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. രണ്ടായിരത്തി ഇരുപത്തിനാലിൽ അംഗങ്ങൾ പ്രൊവിൻസിനു ചെയ്ത സേവനകളെ
പ്രകീർത്തിച്ചു തന്റെ അധ്യക്ഷ പ്രസംഗത്തിൽ നന്ദിയും സ്നേഹവും അറിയിച്ചു. പ്രത്യേകിച്ച്, ഈ വർഷത്തെ പ്രൊവിൻസിന്റെ കണക്കുകൾ പൂർത്തിയാക്കി ഓഡിറ്റ് ചെയ്‍വാൻ അക്ഷീണം പരിശ്രമിച്ച ട്രെഷർ തോമസ് കുട്ടി വര്ഗീസിനെയും അക്കൗണ്ടന്റ് ബെന്നി മാത്യുവിനേയും ഓഡിറ്റേഴ്‌സ് അപ്പു, റൂബി എന്നിവരെയും അഭിനന്ദിച്ചു. പങ്കെടുത്ത അംഗങ്ങൾ എല്ലാവരും പ്രൊവിൻസിന്റെ നടത്തിപ്പിനും ഉന്നമനത്തിനും അവരുടേതായ അഭിപ്രായങ്ങൾ പങ്കു വയ്ക്കുകയും യോഗം അത് നടപ്പിലാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോർജ് ആശംസാ പ്രസംഗം നടത്തി.
ശ്രീമതി മറിയാമ്മ ജോർജ് പ്രൊവിൻസിനു ചെയ്ത വിശിഷ്ട സേവനത്തെ മാനിച്ചും അവർ മനോഹരമായ ഒരു ഭവനം വാങ്ങിയതിലുമുള്ള സന്തോഷത്തിലും പ്രൊവിൻസ് ഫലകം സമ്മാനിച്ച് അവരെ ആദരിച്ചു. അതോടൊപ്പം, പ്രൊവിൻസിന്റെ പ്രസിഡന്റ് ആയ ശ്രീമാൻ നൈനാൻ മത്തായി ദീർഘകാലത്തെ പെൻസിൽവാനിയ സർക്കാർ സ്ഥാപനത്തിൽ നിന്നും വിരമിച്ചതിൽ അദ്ദേഹത്തിന് നല്ല ഒരു വിശ്രമജീവിതം കേക്ക് മുറിച്ചു അംഗങ്ങൾ സന്തോഷം പങ്കു വക്കുകയും ചെയ്തു. പ്രൊവിൻസിന്റെ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി മാസം മൂന്നാം തീയതി, വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശ്രീമാൻ മത്തായിയുടെ ഭവനത്തിൽ വച്ച് നടത്തുവാനും ഇതിന്റെ കോർഡിനേറ്ററായി ശ്രീമതി ഷൈല രാജനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ട്രെഷറർ തോമസ്കുട്ടി വര്ഗീസ് നന്ദി പറഞ്ഞു. മനോഹരമായ ഭവനം വാങ്ങിയതിലുള്ള സന്തോഷത്തിൽ ശ്രീമതി മറിയാമ്മ ജോർജ്, പങ്കെടുത്ത എല്ലാവര്ക്കും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുകയും യോഗത്തിനായി വീട് ക്രമീകരിക്കുകയും ചെയ്തതിലുള്ള പ്രത്യക സ്നേഹവും നന്ദിയും മറിയാമ്മ ജോർജിനോടും കുടുംബത്തോടും അറിയിച്ചു. അത്താഴ വിരുന്നോടും സമാപന പ്രാർത്ഥനയോടും കൂടി യോഗം രാത്രി ഒന്പതുമണിയോടുകൂടി പര്യവസാനിച്ചു.