മഹാനായ യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്തുമസ് .ആരാണ് യേശു ? അത്ഭുത ജനനമായിരുന്നു അദ്ദേഹത്തിന്റേത് ത്യാഗോജ്വലമായ ജിവിതം നയിച്ച് ദൈവത്താൽ ഉയർത്തപ്പെട്ട ഇന്നും ഏഴാനാകാശത്തു ജിവിക്കുന്ന യഥാര്‍ത്ഥ ചിരഞ്ജീവിയാണദ്ദേഹം .
ക്രിസ്തുമസ് ആഘോഷങ്ങൾ എന്ന് മുതൽ തുടങ്ങി എന്നതിന് വ്യക്തമായ ചരിത്ര രേഖകളില്ല. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടു മുതലാണ് ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കുന്നത് . റോമിലെ പ്രബല മതമായ “സോൾ ഇൻവിക്റ്റസ്” അഥവാ “മറഞ്ഞിരിക്കുന്ന സൂര്യൻ”വിഭാഗത്തിൽ പെട്ട റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ക്രിസ്തു മത വിശ്വാസിയായി മാറിയതിനു ശേഷം ശൈത്യകാലത്ത് സൂര്യദേവന്റെ പുനർജനനം ഡിസംബർ 25 ആണെന്നും തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി അത് പ്രഖ്യാപിച്ചു അന്ന് മുതലാണ് ക്രിസ്തുമസ് ആഘോഷിക്കാൻ തുടങ്ങിയതെന്നും ചരിത്ര കാരന്മാർ രേഖപെടുത്തുന്നു . പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ് ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുണ്ട്.
നിത്യഹരിത മരങ്ങളായ ഫിര്‍ മരങ്ങളോ ദേവതാരുവോ ശിശിരകാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്ന പതിവ് റോമാ സാമ്രാജ്യത്തിൽ നിന്നും ഉടെലെടുത്തതാണ് . വസന്തകാലം വേഗം വന്നെത്തുന്നതിനും പുത്തനുണർവ്വുണ്ടാകുന്നതിനും വേണ്ടിയുള്ള ഒരുക്കം .പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങള്‍ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും ഒരു പക്ഷം .
ക്രിസ്തുമസിൽ ഒഴിച്ച് കൂടാനാകാത്ത സാന്താക്ലോസ് പത്തൊമ്പത് വയസ്സുള്ളപ്പോൾ വൈദികനായ എ.ഡി നാലാം നൂറ്റാണ്ടിൽ തുർക്കിയിലെ പത്താറയിലെ ലിസിയയിൽ ജനിച്ച “നിക്കോളാസ് “എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന പേരിലറിയപെടുന്നതെന്നു ചരിത്രം പറയുന്നു .റോമിൽ ഡയക്ലീഷൻസ് ചക്രവർത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കിയെങ്കിലും പിന്നീട് മോചിപ്പിച്ചു . ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. എന്നാൽ അമേരിക്കയിലെ ന്യൂ ആംസ്റ്റർഡമിൽ (ഇപ്പോഴത്തെ ന്യൂയോർക്കിൽ) കുടിയേറിയ പ്രോട്ടസ്റ്റാന്റ് മതക്കാരാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ നിക്കോളാസിനെ സാന്താക്ളോസ് ആയി മാറ്റുന്നത് . ക്രിസ്മസ്ത്തലേന്ന് വിശുദ്ധ നിക്കോളസ് സമ്മാനങ്ങളുമായി എത്തുമെന്നു വിശ്വസിച്ചു പോരുന്നു .കേരളത്തിൽ പപ്പാഞ്ഞി“യെന്നും ക്രിസ്മസ് പാപ്പ, ക്രിസ്മസ് അപ്പൂപ്പൻ എന്നുമൊക്കെ യാണ് പറയുക .ഡിസംബർ 31ന് സാന്താക്ളോസിന്റെ രൂപമുണ്ടാക്കി അർദ്ധരാത്രി , വർഷാവസാന സമയം അലങ്കരിച്ച വേദിയിൽ വെച്ച് തീ കൊളുത്തുന്ന പ്രാകൃത രീതി ഇന്നും കേരളത്തിൽ ചിലയിടെങ്ങളിലെങ്കിലുമുണ്ട് .
ക്രിസ്തുമസ് കേക്ക് ആണ് ക്രിസ്തുമസ് സമ്മാനമായി സാധാരണയായി നൽകുന്നത് നൂറ്റാണ്ടുകൾക്കു മുൻപ് ക്രിസ്തുമസിന് മുൻപുള്ള ഉപവാസങ്ങൾക്കു ശേഷം പായസത്തിനു തുല്യമായ പ്ലം കഞ്ഞി ഉണ്ടാക്കി കഴിക്കുക എന്നത്. പിന്നീട് ഇതിലേക്ക് ഓട്സും ഉണക്ക പഴങ്ങളും തേനും ചേർത്ത് തുടങ്ങി. പതിനാറാം നൂറ്റാണ്ടിൽ ഇതിലേക്ക് ഓട്സ് ഒഴിവാക്കി മുട്ടയും ഗോതമ്പു മാവും ചേർത്ത് തുടങ്ങി .അത് കൂടുതൽ ഉറപ്പുള്ള രീതിയിലായപ്പോൾ അതിനെ ക്രിസ്മസ് കേക്ക് എന്ന് വിളിച്ചു തുടങ്ങി . നവംബര്‍ മാസത്തിൽ തന്നെ ഇതുണ്ടാക്കുകയും കേടു കൂടാതിരിക്കാൻ ആൽക്കഹോളും പഞ്ചസാര ലായനിയും ഉപയോഗിച്ചു തുടങ്ങുകയും പത്തൊൻപതാം നൂറ്റാണ്ടോടെ ഓവന്റെ കടന്നു വരവിലാണ് ഇന്ന് കാണുന്ന പ്ലം കേക്ക് ഉണ്ടായത് .
എന്നാൽ 1883 ഡിസംബര്‍ 20 ന് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് മമ്ബള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ ഉണ്ടാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. മമ്ബള്ളി ബാപ്പുവിൻ്റെ കരവിരുതില്‍ തലശ്ശേരിയിലെ റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ കേക്കിൻ്റെ ഉത്ഭവം.
1883 ല്‍ അഞ്ചരകണ്ടിയിലെ തോട്ടം ഉടമയായ ബ്രിട്ടീഷുകാരന് മര്‍ഡോക് ബ്രൗണാണ് അദ്ദേഹത്തോട് കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ഒരു കേക്ക് രുചിക്കാന്‍ കൊടുത്തിട്ട് അതുപോലെ ഒന്ന് തനിക്ക് വേണ്ടി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. തൻ്റെ രുചി കൂട്ടില്‍ കേക്കുണ്ടാക്കി. കേക്ക് കഴിച്ച മര്‍ഡോക് ബ്രൗണ്‍ ‘എക്സെലന്റ്’ എന്ന് പറഞ്ഞന്നാണ് പറയപ്പെടുന്നത്. ക്രിസ്തുമസ് കേക്ക് ഇന്ന് രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾക്കു വിധേയമാകുകയും അതിന്റെ പേരിൽ പോലും മത സ്പര്ധയുണ്ടാക്കുകയും ചെയ്യുന്നവർ ആദ്യ കേക്കിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണമെന്നെ പറയാനുള്ളൂ .
മഹാനായ യേശു ലോകത്തിന്റെ പ്രകാശമാണെന്നും ഈ വെളിച്ചം വൈര്യത്തിന്റെ അന്ധകാരം മാറ്റി വെളിച്ചത്തെ കൊണ്ട് വരുന്ന ആത്മാവിന്റെ പ്രകാശമാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ദീപാലംകൃതമായ ക്രിസ്തുമസ് മരം.ഏറ്റവും കൂടുതൽ സ്വന്തം ജനതയിൽ നിന്നു തന്നെ പഴി കേൾക്കേണ്ടി വരുകയും സ്വന്തം ശിഷ്യൻ തന്നെ ഒറ്റി കൊടുക്കുകയും ചെയ്തതാണ് ചരിത്രം .ഒരിക്കലും മതം സ്ഥാപിക്കുകയോ സഭകൾ സ്ഥാപിക്കുകയോ ചെയ്യാത്ത അദ്ദേഹത്തിന്റെ അനുയായികളിൽ പലരും ഇന്നും ദൈവം അദ്ദേഹത്തിനിറക്കി കൊടുത്ത “ഇഞ്ജീൽ” എന്ന വേദ ഗ്രൻഥം മനസിരുത്തി വായിച്ചിട്ടില്ല എന്നത് നഗ്ന സത്യം .കാല കാലങ്ങളിൽ വന്ന തിരുത്തലുകൾ കർക്കശമായ പല നിർദ്ദേശങ്ങളെയും ലഘൂകരിച്ചു എന്നത് മറ്റൊരു വസ്തുത. വര്‍ത്തമാന കാലങ്ങളിൽ യേശുവിന്റെ അനുയായികൾ എന്നു മേനി നടിച്ചു തെരുവിൽ കലഹിക്കുകയും ആരാധനാലയങ്ങൾ പിടിച്ചടക്കാൻ ശ്രമിക്കുകയും പുരോഹിതന്മാരുൾപ്പടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതും കൂടി കാണുമ്പോൾ യേശുവിനെ ഇവർ കാത്തിരിക്കുന്നു എന്നു കരുതാൻ കഴിയില്ല ഇതിനിടയിൽ യഥാർത്ഥ വിശ്വാസികൾ തീർത്തും ദുഖിതരാണെന്നു പറയാതെ വയ്യ .
മത്തായിയുടെ സുവിശേഷം മൂന്നാം അധ്യായം പതിനൊന്നാം വാക്യം എറെ പ്രസക്തമാണ് “എനിക്കു ശേഷം ഒരാൾ വരും അയാളുടെ ചെരുപ്പിന്റെ വാറഴിപ്പാൻ ഞാൻ യോഗ്യനല്ല ” ഒരോ കാലഘട്ടം കഴിയുമ്പോഴും പുതു തലമുറ കൂടുതൽ മിടുക്കരായി മാറുന്നു എന്നതാണ് .അതുകൊണ്ട് അധികാരത്തിനു വേണ്ടിയോ പ്രശസ്തിക്കു വേണ്ടിയോ നിരന്തരം ശ്രമിക്കേണ്ടതില്ലെന്നും നമ്മളില്ലെങ്കിൽ എല്ലാം തകരുമെന്ന മേനി നടിപ്പിന് ഒരു പ്രസക്തതിയു മില്ലെന്നും ഓർമ്മിപ്പിക്കുന്നു .
“മദ്യപാനി സ്വർഗ്ഗ രാജ്യത്തിന് അവകാശിയല്ല” എന്നു പറഞ്ഞ അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ് .”അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം”ഇന്ന് ലോകത്തു തീരെയില്ലാത്ത പണത്തിന്റെയും ശാസ്ത്രത്തിന്റെയും വളർച്ചയോടെ നഷ്ടപെട്ട സമാധാനം തിരികെയെത്തിക്കാൻ വ്യക്തികളിൽ നിന്നുംതുടങ്ങേണ്ടിയിരിക്കുന്നു. മാത്രമല്ല സദാചാര ബോധത്തിന്റെയും മാനുഷീക മൂല്യങ്ങളുടെയും സാംസ്കാരിക വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെയും സഹജീവി സ്നേഹത്തിന്റെയും ബൈബിൾ പാഠങ്ങൾ ഏറ്റെടുക്കാനായി ഓരോ വിശ്വാസിയും അലമാരയിലുറങ്ങുന്ന വേദ ഗ്രൻഥം നിരന്തരം വായിച്ചു അത് പ്രവർത്തിയിൽ കൊണ്ടുവരാനുമുള്ള ശ്രമമുണ്ടാകും എന്നുള്ള പ്രത്യാശയുടെയും മഹാനായ യേശു അന്ത്യ നാളിൽ തിരികെ വരുമെന്നാണ് വിശ്വാസം .അതിനായി കാത്തിരിക്കാം
ക്രിസ്തുമസ് ആശംസകൾ ……..