തൊമ്മൻ ചേട്ടന് വയസ് എൺപത്തഞ്ചും കഴിഞ്ഞു. വലിയ വീട്ടിൽ തനിച്ച് താമസിക്കാൻ തുടങ്ങിയിട്ട് നാൽപത് വർഷത്തോളമായി.. ഭാര്യ മരിച്ചതിൽ പിന്നെ മുതൽ ആരോടും സഹകരണമില്ലാതെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ആഴ്ച്ചയിലൊരിക്കൽ മുറ്റവും പരിസരവും വൃത്തിയാക്കാൻ വരുന്ന ലില്ലിയോട് ഒച്ചയെടുക്കുന്നത് അയൽക്കാർക്ക് കേൾക്കാം. അന്നാണ് തൊമ്മൻ ചേട്ടൻ വർത്തമാനം പറയുന്നതെന്ന് ആളുകൾ തമ്മിൽ തമ്മിൽ പറഞ്ഞു രസിക്കും. പള്ളിയിൽ കൃത്യമായ പ്രാർത്ഥനയും കടമുള്ള ദിവസങ്ങളിലെ കുമ്പസാരവും ക്രിസ്തുമസ്സും പുതുവർഷാലങ്കരങ്ങളും ഒന്നും തൊമ്മൻ ചേട്ടൻ മുടക്കാറില്ല.
പതിവുപോലെ സ്വയം ചെയ്യുന്ന അലങ്കാരപ്പണികൾക്രിസ്തുമസിനും പുതുവർഷത്തിനും മുന്നോടിയായി മറ്റുവീടുകളിൽ തുടങ്ങും മുമ്പേ ഡിസംബർ തുടങ്ങിയപ്പോഴേ തൊമ്മൻചേട്ടൻ ആരംഭിച്ചു. ഒന്നോ രണ്ടോപുതിയ നക്ഷത്രത്തിനോടൊപ്പം മുൻവർഷത്തേ നക്ഷത്രങ്ങൾ കൂടി അലങ്കാരങ്ങൾക്കിടയിൽസ്ഥാനം പിടിച്ചു .. ചെറിയവർണ്ണ ബൾബുകൾ കൊണ്ട് മുറ്റവും മരങ്ങളും വീടിൻറെ മുൻവശവും അലങ്കരിച്ചു.. വൈകുന്നേരം അവ ഓണാക്കി ഗേറ്റിങ്കൽ വന്ന് പല ആംഗിളുകളിൽ നിന്നും നോക്കി പുഞ്ചിരിച്ചു.
” ഒറ്റയ്ക്ക് ഇതൊക്കെ കാട്ടി കൂട്ടുന്നത് ആർക്കു വേണ്ടിട്ടാ.കാർക്കോടകൻ! ഒരീച്ചയെ പോലും അകത്തേക്ക് വിടില്ലല്ലോ?”അയൽക്കാർ കുട്ടികളോട് ചേർന്ന് നിന്ന് പറയും.
ഏറ്റവും പുതിയ ക്രിസ്മസ് ട്രീ വാങ്ങി പോർച്ചിൽ തന്നെ സമ്മാനപ്പൊതികളും ബലൂണും കൊണ്ട് അലങ്കരിച്ചു വച്ചു. പുൽക്കൂട് സ്വയം നിർമ്മിച്ചതിൽ കന്നുകലികളും ഇടയൻ മാരും നിരന്നു. മാതാവും ഔസേഫ് പിതാവും ഉണ്ണീയീശോയും മാലാഖമാരും പണ്ഡിതരുമെല്ലാം ക്രിസ്തുമസ്സ് രാത്രിയിൽ വയ്ക്കാൻ പാകത്തിനെടുത്തു വച്ചു.. ഇനി ഒരു ദിനം കൂടിയേയുള്ളു.. കരോൾ സംഘങ്ങൾ പാട്ടുകൾ പാടി കടന്നു പോകുന്നത് അകത്ത് മുകളിലേ മുറിയിൽ നിന്നും എത്തിനോക്കി നിന്നു തൊമ്മിച്ചൻ .തൻ്റെ ഗേറ്റിൽ പിള്ളാർ അടിക്കുന്നതും പാരഡി പാട്ട് പാടി തന്നേ പ്രകോപിപ്പിക്കുന്നതും തോമ്മൻ ചേട്ടൻ നിസംഗനായി നോക്കി നിന്നു. രാവ് നിശബ്ദമായപ്പോൾ കുരിശുവരച്ച് ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ അസാധാരണമായ ഒരു സ്വപ്നവും അശരീരിയും കേട്ടു ..
” നാളെ ഞങ്ങൾ വരും. പകലും രാത്രിയും ഗേറ്റ് പൂട്ടരുത് .”
ആരും അതിഥികളായില്ലാത്ത തനിക്കെവിടെയാണ് അതിഥികൾ ! പുലർച്ചേ പള്ളിയിൽ പോകാൻ ഗേറ്റ് തുറന്നപ്പോൾ തണുത്തു വിറച്ചൊരു പട്ടിക്കുട്ടി വെളിയിൽ…
പാവം തോന്നി അതിനെ എടുത്ത് പോർച്ചിൻ്റെ മൂലയിൽ പഴയ ടയറിനകത്ത് പഴന്തുണി വിരിച്ച് കിടത്തി തുടച്ചു. “സമയം പോവുന്നല്ലോ ഈശോയെ ” എന്നൊരാത്മഗതത്തിൽ പാതിമനസ്സോടെ വേഗം പാൽ തിളപ്പിച്ച് തണുപ്പിച്ച് പഴയ പാത്രത്തിലൊഴിച്ച് അടുത്ത് വച്ച് കുറേ പരിശ്രമത്തിന് ശേഷം കുടിപ്പിച്ചു. നോമ്മൻ ചേട്ടൻ്റെമനസ്സിലപ്പോൾഎന്തെന്നില്ലാത്ത ഒരു തൃപ്തി. പള്ളിയിൽ രാവിലെയെത്തുന്ന പതിവ് വൈകിയോ എന്നാകുലപ്പെട്ട ഗേറ്റിനടുത്ത് എത്തിയപ്പോഴാണ് രാത്രിലത്തേ സ്വപ്നം ഓർമ്മ വന്നത്. ഗേറ്റ് പൂട്ടാനെടുത്ത താക്കോൽ പോക്കറ്റിലേക്ക് തന്നെ തിരുകിവേഗം പള്ളിയിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ ഏഴ് പതിറ്റാണ്ടുമുമ്പ് ഒപ്പം പഠിചു സക്കറിയ എന്ന സക്രി അച്ചൻ വേഷത്തിലവിടെ വാക്കിംഗ് സ്റ്റിക്കിൻ്റെ സഹായത്തിൽ നിൽക്കുന്നു. “സക്രീ…” അറിയാതൊരു വിളി.
“തൊമ്മീ”… പ്രതിവചനം. പെട്ടന്ന് സമനില വീണ്ടെടുത്ത് തോമ്മൻ അച്ചന് സ്തുതി ചൊല്ലി വീട്ടിലേക്ക് ക്ഷണിച്ചു..” ഇന്ന് പുൽക്കൂട് പൂർത്തിയാക്കേണ്ടത് അച്ചനാണ് കേട്ടോ? ഞാൻ കാത്തിരിക്കും ..” ശങ്കയില്ലാതെ സക്കറിയാച്ചൻ തലയിളക്കി.
തോമാച്ചൻ പള്ളിയിൽ നിന്നും നിറഞ്ഞ മനസ്സോടെ വീട്ടിലേക്ക് വരുമ്പോൾ രണ്ട് നാടോടികുട്ടികൾ ക്രിസ്തുമസ്സ് ട്രീ കാണുന്നു . അതുകണ്ടപ്പോൾ ഒരസാധരണ തൃപ്തി മനസ്സിൽ രൂപപ്പെട്ടു. സാധാരണ ഈ കാഴ്ചയിൽ ദേഷ്യം വന്ന് വടിയെടുത്ത് കുട്ടികളെ ഒച്ച വച്ച് ഓടിക്കാറുള്ള തോമാച്ചൻ കുട്ടികൾക്ക് ക്രിസ്മസ് ട്രീയുടെ തിളങ്ങുന്ന വർണ്ണ കൂടുകൾക്കിടയിൽ നിന്നും രണ്ട് മിഠായികൾ നൂലോടെഎടുത്തു കൊടുത്തു.കുട്ടികളുടെ മുഖം വികസിച്ചു. അവർ തോമാച്ചനെ നോക്കി പറഞ്ഞു “നല്ല രസമുണ്ട്.”
തോമാച്ചൻ വേഗം അകത്തു കയറി തനിക്ക് കഴിക്കാൻ ഉണ്ടാക്കി വച്ചിരുന്ന അപ്പവും സ്റ്റൂവും അവർക്ക് നൽകി. എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്കുപോലും മനസ്സിലായില്ല.സ്വന്തം വിശപ്പ് എവിടെയോ മറഞ്ഞു .മനസ്സിൽ വല്ലാത്ത ഒരു നിറവ് അനുഭവപ്പെട്ടു. “കഴിച്ചിട്ട് പൊയ്ക്കോളൂ ” എന്ന് തോമാച്ചൻ കുട്ടികളോട് പറഞ്ഞെങ്കിലും “ഞങ്ങൾ എന്തെങ്കിലും ചെയ്തു തരാനുണ്ടോ എന്ന് മുതിർന്ന കുട്ടി തിരിച്ചു ചോദിച്ചു ” ഇല്ലെന്ന് തലയാട്ടിയെങ്കിലും വൈകിട്ട് സക്കറിയ വരുമ്പോൾ എന്തൊക്കെ ഒരുക്കണമെന്നുള്ള വെപ്രാളത്തിൽ തൊമ്മൻ ചേട്ടൻ ഒന്നും മിണ്ടിയില്ല . നേരത്തെ എത്തിയ സക്കറിയ അച്ചൻറെ കയ്യിൽ ഒരു പൊതിതിയുണ്ടായിരുന്നു .”നിനക്ക് എൻറെ വക ക്രിസ്തുമസ് സമ്മാനം. മുൻപ് റോമിൽ പോയപ്പോൾ അവിടെ നിന്നും വാങ്ങിയ കൊന്തയാ…എൻറെ ബാഗിൽ കിടന്നു. ഇനിയിത് നിനക്ക് ഇരിക്കട്ടെ .” തൊമ്മൻ ചേട്ടൻറെ കണ്ണ് നിറഞ്ഞുപോയി. ഇത്രയും കാലം തനിക്ക് ആരും ഇങ്ങനെ സമ്മാനങ്ങൾ ഒന്നും തന്നിട്ടില്ലല്ലോ എന്നായിരുന്നു ചിന്ത.
സക്കറിയ അച്ഛനുവേണ്ടി എന്തൊക്കെ ഒരുക്കി വെച്ചിട്ടും തൊമ്മൻ ചേട്ടന് തൃപ്തിയായില്ല.ഒരുക്കി വെച്ചിരുന്ന വിഭവങ്ങൾ കണ്ട് അച്ചൻ തന്നെ അത്ഭുതപ്പെട്ടു. “നീ ഇപ്പോഴും പഴയ തോമ്മി തന്നെയാണ് . ഒരു മാറ്റവും ഇല്ല.പക്ഷേ നിനക്ക് നിൻറെ മനസ്സിനെ മറയിട്ട് മറ്റൊരു മുഖം നാട്ടുകാരെ കാണിച്ചു സ്വയം ആത്മപീഡ ഏൽക്കുന്ന സ്വഭാവം ഇത്രയും കാലവും തുടർന്നുപോകുന്നു. എന്തിനാ തൊമ്മീ അതൊക്കെ “. തലകുനിച്ചു നിന്ന തോമ്മൻ ചേട്ടൻ ഒന്നും മിണ്ടിയില്ല . സന്ധ്യ ആയപ്പോൾ കരോൾ ഗാനങ്ങളുമായി രണ്ടുമൂന്നു സംഘങ്ങൾ വന്നു പതിവില്ലാതെ തൊമ്മൻ ചേട്ടൻറെ ഗേറ്റ് തുറന്നു കിടക്കുന്നതുകണ്ട് അവർ അകത്ത് കയറി. ഉണ്ണിയേശുവിനെ ജന്മമഹത്വം പാടി സാൻ്റാ ക്ലോസ്സുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്തു. സക്കറിയ അച്ചൻ എല്ലാവർക്കും കേക്കും മിട്ടായിയും വിതരണം ചെയ്തു…കരോൾ ഗാന സംഘങ്ങൾക്ക് ചെറിയ സമ്മാനം കൊടുക്കാനും തൊമ്മൻ ചേട്ടൻ മറന്നില്ല…മംഗളം പാടി ഏവരും പിരിഞ്ഞു . ഉണ്ണിയീശ്ശോയുടെ പിറവിയിൽ ആഹ്ലാദിച്ച് എവിടുന്നൊക്കെയോ പടക്കങ്ങളും പൊട്ടിച്ച ഒച്ചയിൽനാട് ശബ്ദ മുഖരിതം. നാലുപാടുനിന്നും ഗാനങ്ങൾ ഒഴുകിവരുന്നു. ആകാശത്തു നിന്നും ചന്ദ്രക്കല പൂർണ തിളക്കത്തോടെ ഭൂമിയിലേക്ക് എത്തിനോക്കി. വെൺ മേഘങ്ങൾ താണിറങ്ങി വന്നു…ലോകത്ത് ഇനിയും ഒരു ശിശുവിന്റെയും ദൈന്യതയും നിലവിളിയും ഉയരുതെന്ന് അന്ന് രാത്രി തൊമ്മൻ ചേട്ടൻ മുട്ടിപ്പായി പ്രാർത്ഥിച്ചു കുരിശു വരച്ച് കിടന്നു. ഉറക്കത്തിൽ വീണ്ടും അശരീരി കേട്ടു…”ഇന്നാണ് നിൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ക്രിസ്തുമസ്, അല്ലേ തൊമ്മാ…! ഈ വർഷം ഉണ്ണിയേശു പിറന്നത് നിൻറെ മനസ്സിലാണ് തോമാ !”സക്കറിയ അച്ഛൻറെ ശബ്ദം പോലെയാണ് തൊമ്മൻ ചേട്ടന് തോന്നിയത്. വേഗം എഴുന്നേറ്റ് ക്രിസ്തുമസ് ട്രീയുടെ അടുത്തേക്ക് നടക്കുമ്പോൾ ഭംഗിയുള്ളരണ്ട് വലിയ നിശാശലഭങ്ങൾ തിളങ്ങുന്ന ചിറകുകളുമായി പറന്നു കളിക്കുന്നു. ഒരു കൂട്ടം മിന്നാമിന്നികൾ പുൽക്കൂടിന്റെ ചുറ്റും പാറി നടക്കുന്ന സുന്ദരമായ കാഴ്ച…!അപ്പോൾ പള്ളിയിൽ നിന്നും ആളുകൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
“അവൻ വന്നു ,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം .”അവർ പരസ്പരം ആശംസിച്ചുകൊണ്ട്
പിരിഞ്ഞു .തൊമ്മൻ ചേട്ടനും അതിൽ പങ്കുകൊണ്ടു !