എനിക്കന്നു നാലോ അഞ്ചോ വയസ്സ് പ്രായം കാണും. അന്നൊരിക്കൽ ഒരു ഡിസംബർ മാസത്തിന്റെ തുടക്കത്തിലാണെന്നു തോന്നുന്നു, അച്ഛനൊരു ക്രിസ്മസ് നക്ഷത്രം ആദ്യമായി വീട്ടിൽ വാങ്ങി കൊണ്ടുവന്നത്. ആ കവർ പൊട്ടിക്കുന്നതും അതിനകത്തുള്ള നക്ഷത്രം പുറത്തെടുത്തു വിടർത്തുന്നതും കൗതുകത്തോടെ നോക്കി നിൽക്കുന്ന ഞാനുൾപ്പെടെയുള്ള കുട്ടികളെ ഇന്നലെയെന്നോണം കാണാം.
( അന്ന് കട്ടാങ്ങലിലുള്ള അമ്മ വീട്ടിലായിരുന്നു ഞങ്ങൾ. ഞങ്ങളെന്നാൽ കുട്ടേട്ടനും, ഞാനും, മനുവും, പിന്നെ ഞങ്ങൾക്കൊപ്പം എല്ലാ കളികൾക്കും കൂടുന്ന ഞങ്ങളുടെ സ്വന്തം മാമനും).
ചുവപ്പു നിറത്തിൽ നിറയെ ദ്വാരങ്ങളുള്ള ആ നക്ഷത്രം വീടിന്റെ ഉമ്മറത്ത് തൂങ്ങിക്കിടന്നു. ഡിസംബറിന്റെ കുളിരിൽ, വെളിച്ചത്തിന്റെ വെള്ളപ്പൊട്ടുകൾ വാരിവിതറുന്ന ആ നക്ഷത്രം എന്റെ കുഞ്ഞു മനസ്സിൽ വിവരിക്കാനാവാത്ത ഒരുതരം സന്തോഷമാണ് പകർന്നത്. എന്നും വൈകിട്ട് ആ നക്ഷത്രത്തെ നോക്കി നിൽക്കുക എന്നത് അന്നത്തെ എന്റെ ഒരു പതിവായിരുന്നു.
കാലം കടന്നു പോയി. കട്ടാങ്ങലിലെ ആ പഴയ വീട് ഇന്നില്ല. ജീവിതത്തിന്റെ ഭാഗങ്ങളായിരുന്ന പല ആളുകളും വീടുകളും ഇന്നില്ല. എന്നും എപ്പോഴും കൂട്ടിന് ഓർമ്മകൾ മാത്രം ഉണ്ട്. അതൊരിക്കലും മായ്ക്കാൻ ആകില്ലല്ലോ!!
പിന്നീടുള്ള വർഷങ്ങളിൽ നിരവധി തവണ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമാവാൻ കഴിഞ്ഞെങ്കിലും,അന്നത്തെ ആ ചുവന്ന നക്ഷത്രമാണ് എന്നും മനസ്സിൽ. ഒത്തിരി അന്വേഷിച്ചെങ്കിലും അതു പോലെ ഒരെണ്ണം പിന്നീടൊരിക്കലും കണ്ടെത്താനായില്ല. എങ്കിലും പ്രകാശത്തിന്റെ പൊട്ടുകൾ പരത്തുന്ന എന്റെ ആ പ്രിയപ്പെട്ട നക്ഷത്രത്തെ ഓർത്തു കൊണ്ട് അടുത്ത ഒരു ഡിസംബർ മാസവും ഇങ്ങു വന്നെത്തി.
എല്ലാവര്ക്കും ക്രിസ്മസ്, പുതുവത്സരാശംസകൾ നേരുന്നു. നക്ഷത്രപ്പൊട്ടുകൾ പോലെയുള്ള നുറുങ്ങു വെളിച്ചങ്ങളും സന്തോഷങ്ങളും നിറഞ്ഞതാകട്ടെ നിങ്ങളുടെ ഏവരുടെയും വരും വര്ഷം.
സ്നേഹം,