Tuesday, December 24, 2024
Homeഅമേരിക്കഅഞ്ഞൂറാനും ലേബർ റൂമിന് മുൻപിലെ ക്രിസ്തുമസും (ഓർമ്മക്കുറിപ്പ്) ✍ സുജ പാറുകണ്ണിൽ

അഞ്ഞൂറാനും ലേബർ റൂമിന് മുൻപിലെ ക്രിസ്തുമസും (ഓർമ്മക്കുറിപ്പ്) ✍ സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

ക്രിസ്തുമസ് എല്ലാവർക്കും നല്ല ഒരു ഓർമ്മയാണ്. ക്രിസ്തുമസ് ദിനത്തിൽ പലർക്കുമുണ്ടാവുന്ന പല വിധ അനുഭവങ്ങൾ അവരൊക്കെ പങ്ക് വെച്ചിട്ടുമുണ്ട്. എന്റെ ഏറ്റവും അടുത്ത ബന്ധുവിനുണ്ടായ ഒരനുഭവം ഞാനിവിടെ കുറിക്കുകയാണ്.

33 വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബർ മാസം. പരിശുദ്ധ കന്യാമറിയത്തെ പോലെ എന്റെ ബന്ധുവായ യുവതിയും പൂർണ്ണ ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞുണ്ടായി 7 വർഷത്തിന് ശേഷമുള്ള ഗർഭധാരണമാണ്. അതു കൊണ്ട് തന്നെ ആദ്യ പ്രസവം എന്നപോലെ തന്നെ ഭർത്താവും ബന്ധുക്കളുമെല്ലാം കരുതലോടെ കൂടെയുണ്ട്. എന്താഗ്രഹം പറഞ്ഞാലും അപ്പോൾ തന്നെ നടത്തികൊടുക്കും. അങ്ങനെയിരിക്കെയാണ് കക്ഷിക്ക് ഒരാഗ്രഹം. ഒട്ടും അമാന്തിച്ചില്ല. ഭർത്താവിനോട് പറഞ്ഞു. ഭർത്താവ് അതു കേട്ടതും ആകെ അങ്കലാപ്പിലായി. കക്ഷിയുടെ ആഗ്രഹം എന്താണെന്നു വച്ചാൽ ആ സമയത്ത് തിയ്യറ്റർ നിറഞ്ഞ് ഓടിയിരുന്ന ഗോഡ്ഫാദർ എന്ന സിനിമ കാണണം. കുറ്റം പറയാൻ പറ്റില്ലല്ലോ. ആ സിനിമക്ക് അത്രയും സ്വീകാര്യതയാണ് അന്ന് ലഭിച്ചിരുന്നത്. പക്ഷേ ഈ അവസ്ഥയിൽ എങ്ങനെ കൊണ്ടുപോവും. അവിടെവെച്ചെങ്ങാനും വല്ല കുഴപ്പവുമുണ്ടായാൽ എന്ത് ചെയ്യും. നാട്ടുകാരും ബന്ധുക്കളും എന്ത് പറയും. എങ്കിലും ഭർത്താവ് ആശ്വസിച്ചു.

ആദ്യതവണ ഭാര്യ ഗർഭിണി ആയപ്പോൾ “” മന്ന “” കഴിക്കണമെന്ന ആഗ്രഹമാണ് പറഞ്ഞത്. അന്നത്തെ അത്രയും ധർമ്മസങ്കടം തോന്നിയില്ല ഒരു സിനിമയല്ലേ. ഏതായാലും ഭാര്യയുടെ ആഗ്രഹം നടത്തി കൊടുക്കാൻ തന്നെ ഭർത്താവ് തീരുമാനിച്ചു. രണ്ടാളും കൂടി നേരെ അനു അഭിനയ തിയ്യറ്ററിലേക്ക് വച്ച് പിടിച്ചു. അവിടെ എത്തിയപ്പോൾ വരേണ്ടിയിരുന്നില്ല എന്ന് രണ്ടാൾക്കും തോന്നി. കാരണം ഈ പെണ്ണും പിള്ളക്ക് വയറും വച്ചോണ്ട് ഇങ്ങോട്ട് വരേണ്ട വല്ല കാര്യവുമുണ്ടോ? വീട്ടിൽ ഇരുന്നാൽ പോരെ. അല്ലെങ്കിൽ വല്ല ആശുപത്രിയിലുംപൊയ്ക്കൂടേ എന്ന മട്ടിൽ ആളുകൾ തുറിച്ചു നോക്കുന്നു. ഏതായാലും വന്നതല്ലേ. കണ്ടിട്ട് തന്നെ കാര്യം. രണ്ടാളും കൂടി തിയ്യറ്ററിനകത്തു കയറി. സിനിമ തുടങ്ങി. എൻ എൻ പിള്ളയും ഫിലോമിനയും ഒക്കെ നിറഞ്ഞാടുകയാണ്. ഭർത്താവിനാണെങ്കിൽ പേടികൊണ്ട് ഇരിക്കപ്പൊറുതി ഇല്ല. ഭാര്യയാണെങ്കിൽ ചിരിയോടു ചിരി. പനിനീര് തെളിയാനെ, തെളിയാനെ പനിനീര് എന്ന ഫിലോമിനയുടെ ഡയലോഗ് ഒക്കെ കേട്ട് ഭാര്യ നിർത്താതെ ചിരിക്കുകയാണ്. പതുക്കെ ചിരിക്ക് എന്നൊക്കെ ഭർത്താവ് പറയുന്നുണ്ട്. ആര് കേൾക്കാൻ. അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയുമൊക്കെ സ്‌ക്രീനിൽ നിന്നും ഇറങ്ങി വന്ന് പ്രസവമെടുക്കേണ്ടി വരുമോ എന്ന വെപ്രാളത്തിലായിരുന്നു ഭർത്താവ്. കോമഡി യൊക്കെ കണ്ടിട്ടും മെട്രോയുടെ തൂണുപോലെ ചിരിക്കാതെ അനങ്ങാതെ ഇരിപ്പാണ്. ചിരിയുടെ ആധിക്ക്യം മൂലമാണോ പ്രസവ സമയം അടുത്തതുകൊണ്ടാണോ എന്നറിയില്ല വയറ്റിൽ ചെറിയ അസ്വസ്ഥതകളൊക്കെ അനുഭവപ്പെട്ടെങ്കിലും നമ്മുടെ നായിക കടിച്ച് പിടിച്ചിരുന്ന് രസചരട് മുറിക്കാതെ സിനിമ കണ്ടു.

നിർബന്ധിച്ചു ഭർത്താവിനെയും കൂട്ടി വന്നതാണ്. ഇടക്ക് വെച്ച് പോകാമെന്നു എങ്ങനെ പറയും. മാത്രമല്ല ഇത്ര രസമുള്ള സിനിമ പകുതിയാക്കി എങ്ങനെ പോകും. വേദന കടിച്ചിറക്കി ഒരേ ഇരിപ്പ്. അവസാനം അഞ്ഞൂറാൻ ജയിച്ചു. പ്രസവവേദന തോറ്റു. “കേറിവാടാ മക്കളെ” എന്ന ഡയലോഗ് അഞ്ഞൂറാൻ എടുത്തു വീശിയതും ഭാര്യയും ഭർത്താവും കൂടി വീട്ടിലേക്ക് വച്ചുപിടിച്ചു. തിയ്യറ്ററിനകത്ത് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഭർത്താവ്. വീട് തുറന്ന് അകത്തോട്ട് കേറിയത് നിർത്താതെ ഫോൺ ബെൽ അടിക്കുന്നത് കേട്ടുകൊണ്ടാണ്. ഓടിച്ചെന്ന് ഫോൺ എടുത്ത ഭർത്താവ് കേട്ടത് അങ്ങേ തലക്കൽ അമ്മായിഅമ്മയുടെ ശബ്ദമാണ്. എന്താണ് ഫോൺ എടുക്കാത്തത്?. വല്ല അത്യാവശ്യവുമുണ്ടായി ആശുപത്രിയിലോ മറ്റോ പോയിക്കാണും എന്നോർത്ത് ഞാൻ പേടിച്ചുപോയി.

ഭാര്യ ആദ്യത്തെ തവണ ഗർഭിണി ആയിരുന്നപ്പോൾ രക്ത രക്ഷസ്സ് സിനിമ കാണിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ അമ്മായിഅമ്മ തന്നെ പൊരിച്ചത് ഓർക്കാതെ പാവം നിഷ്കു മരുമകൻ പെട്ടെന്ന് ഉള്ള കാര്യമങ്ങു പറഞ്ഞു. ഞങ്ങൾ സിനിമക്ക് പോയതായിരുന്നു. അത് കേട്ടതും അങ്ങേ തലക്കൽ ഒരു സ്ഫോടനം. മാസം തികഞ്ഞിരിക്കുന്ന പെണ്ണിനേയും കൊണ്ട് തിയറ്ററിൽ പോയി എന്നോ?. അവൾ അവിടെ വെച്ച് പ്രസവിച്ചിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ. പിന്നെ അമ്മായിഅമ്മയുടെ വായിൽ നിന്ന് വന്നതൊന്നും ഇവിടെ എഴുതാൻ കൊള്ളില്ല. വിയർത്തു കുളിച്ച മരുമോൻ ഫോൺ വെച്ചിട്ട് അകത്ത് ചെന്ന് നോക്കുമ്പോൾ ഭാര്യ വേദനകൊണ്ട് പുളയുന്നു. ഭാര്യയെ ആശുപത്രിയിൽ എത്തിച്ചശേഷം പേടിച്ചിട്ടാണെങ്കിലും അമ്മായിഅമ്മയെ വിവരമറിയിച്ചു. അമ്മായിഅമ്മയും പരിവാരങ്ങളും പാഞ്ഞെത്തി. എല്ലാവരും ലേബർ റൂമിന് മുൻപിൽ കാത്തു‌നിൽപ്പായി. അമ്മായിഅമ്മ ഇടയ്ക്കിടെ അരിശത്തോടെ മരുമകനെ തുറിച്ചു നോക്കും. പാവം മരുമകൻ അതിൽനിന്നും രക്ഷപ്പെടാൻ അവിടെയും ഇവിടെയുമൊക്കെ മാറി നിൽപ്പാണ്.

പാതിരാ കുർബാന കഴിഞ്ഞ് വന്ന് ഉള്ള സമയം മൂടിപ്പുതച്ചുറങ്ങി രാവിലെ എഴുന്നേറ്റ് നല്ല തട്ടൊക്കെ തട്ടി ക്രിസ്തുമസ് ആഘോഷിക്കേണ്ടതാണ്. പക്ഷേ എന്തു ചെയ്യും. ലോകം മുഴുവൻ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ അവരെല്ലാവരും ലേബർ റൂമിന് മുൻപിൽ കാത്തിനിൽപ്പാണ് അമ്മായിഅമ്മയാണെങ്കിൽ കൊന്ത ചൊല്ലിക്കൊണ്ടേ ഇരിക്കുന്നു. എന്തായാലും ഉണ്ണീശോ പിറന്ന സമയത്ത് തന്നെ സിനിമ തിയ്യറ്ററിലും ഓപ്പറേഷൻ തിയ്യറ്ററിലും ഒന്നുമല്ലാതെ ലേബർ റൂമിൽ തന്നെ അവൻ ഭൂജാതനായി. ആകാശത്ത് നക്ഷത്രമുദിച്ചോ. ആട്ടിടയന്മാർ വിവരമറിഞ്ഞോ എന്നൊന്നും എനിക്കറിയില്ല. രാജാക്കന്മാർ ഒന്നും കാണാൻ വന്നില്ലെങ്കിലും ബന്ധുക്കളൊക്കെ ഇടിച്ചുകയറി കാണാൻ വന്നു. കുഞ്ഞിന്റെ മൂക്ക് നീണ്ടതാണ്, വെല്ല്യപ്പന്റെ നിറമാണ് ഇങ്ങനെ പല വിധ അഭിപ്രായങ്ങളും പാസ്സാക്കി അവരൊക്കെ പിരിഞ്ഞു പോയി. പൊന്നും മീറയും കുന്തിരിക്കവും ഒന്നും കൊണ്ടുവന്നില്ലെങ്കിലും ബേബി സോപ്പും ഉടുപ്പും ടവലുമൊക്കെ ആവശ്യത്തിലധികം എല്ലാവരും കൊണ്ടുവന്നിരുന്നു. ഭൂമിയിലും ആകാശത്തും നക്ഷത്രങ്ങൾ മിന്നി തെളിഞ്ഞു നിന്നിരുന്ന ആ രാവിൽ ഭൂമിയിലേക്ക് വന്ന അവൻ ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങി.

അവൻ വളരും തോറും എന്തെങ്കിലുമൊക്കെ അദ്ഭുത പ്രവർത്തികൾ കാണിക്കുമായിരിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ അവനെ കാണാതെ പോകുമോ എന്ന് ഞാൻ ആകുലപ്പെട്ടിരുന്നു. ഒമ്പതു വർഷങ്ങൾക്കു ശേഷം അവന് ഒരു അനുജൻ കൂടി ജനിച്ചു എന്നതല്ലാതെ പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചില്ല. ഫ്ലൈറ്റിൽ ജനിക്കുന്ന കുഞ്ഞിന് എയർലൈൻസ് സൗജന്യ യാത്ര അനുവദിക്കുന്നതുപോലെ എന്നെ തിയറ്ററിൽ പ്രസവിച്ചിരുന്നെങ്കിൽ സൗജന്യമായി എല്ലാ സിനിമയും കാണാൻ പറ്റിയേക്കുമായിയുന്നു എന്ന് മാത്രം ഇടക്കിടെ അവൻ അമ്മയോട് പരാതി പറയുമായിരുന്നു.

ഇപ്പോൾ കുടുംബസമേതം വിദേശത്തു താമസിക്കുന്ന അവൻ ഇത് വായിക്കുമെന്നും അത് കഴിയുമ്പോൾ ഒരു വിളി വരുമെന്നും എനിക്കറിയാം. അവൻ മാത്രമല്ല അവന്റെ അമ്മയുടെ വിളിയും വരും. എന്നിട്ട് ഈ ക്രിസ്തുമസ്സിന് നീ എന്നെയാണ് അറുത്തത് അല്ലേ എന്നൊരു ചോദ്യവും അവൾ ചോദിക്കും എന്ന് എനിക്കുറപ്പാണ്.

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും എന്റെ ക്രിസ്തുമസ്, പുതുവത്സരാശംസകൾ. എല്ലാ സുമനസുകളിലും ഉണ്ണീശോ വന്ന് പിറക്കട്ടെ.

സുജ പാറുകണ്ണിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments