ക്രിസ്സ്മസ്സ്: വചനം ജഡമായിത്തീർന്നവൻ്റെ ആഗമനം (യോഹ. 1:1 -18).
” വചനം ജഡമായി തീർന്നു കൃപയും സത്യവും നിറഞ്ഞ വനായി നമ്മുടെ ഇടയിൽ
പാർത്തു” ( വാ. 14).
അത്യന്തം കാവ്യാത്മകമായ ഒരു ഭാഷാശൈലിയിലൂടെയാണ്, നാം ധ്യാനിക്കുന്ന വേദഭാഗത്ത്, വി.യോഹന്നാൻ നമ്മോട് സംവദിക്കുന്നത്. യവനായ ചിന്തകളി’ലെ ആശയ ധാരകളെ കടം എടുത്തു കൊണ്ടാണ്, യേശുവിൽ സംഭവിച്ച ദൈവീക വെളിപ്പാടിനെ താൻ അനാവരണം ചെയ്യുന്നത്. ആദ്യത്തെ 18 വാക്യങ്ങളെ ഈ സുവിശേഷത്തിൻ്റെ മുഖവുരയായി വേണം കാണുവാൻ?
ദൈവവചനം ദൈവത്തിൻ്റെ സ്വയം വെളിപ്പെടുത്തലാണ്. പ്രപഞ്ച സൃഷ്ടിക്കു
പിമ്പിലുള്ള ദൈവോദ്ദേശ്യത്തിൻ്റെ പ്രകാശനമായിവേണം അതിനെ കാണുവാൻ? ഇത് പല രൂപത്തിൽ പ്രവാചകരിലൂടെയും, വ്യത്യസ്ഥ ധർമ്മസംഹിതകളിലൂടെയും ലോക ചരിത്രത്തിൽ വ്യാപരിച്ചുകൊണ്ടിരുന്നു. എന്നാൽ അത് ഭാഗീകവും അപൂർണ്ണവും ആയിരുന്നു. പക്ഷെ, അത് കാലസമ്പൂർണ്ണതയിൽ ജഡം ധരിച്ച് ( മനുഷ്യാളത്തം സ്വീകരിച്ച് ) യേശുവിൽ വെളിപ്പെട്ടു എന്നാണ് സുവിശേഷകൻ ഇവിടെ വ്യക്തമാക്കുന്നത്. യേശു (വചനം), കൃപയും സത്യവും നിറഞ്ഞവനായി ദൈവതേജസ് വെളിപ്പെടുത്തി ലോകത്തിൽ ജീവിച്ചു എന്നു മാത്രമല്ല, അവനെ സ്വീകരിക്കുന്നവർക്ക്, ദൈവമക്കളാകുവാനുള്ള അവകാശം താൻ പകർന്നു കൊടുത്തു എന്നും താൻ സൂചിപ്പിക്കുന്നു (വാ. 12).
സൃഷ്ടിയുടെ ആരംഭം മുതൽ തന്നെ ദൈവ വെളിച്ചം ലോകത്തിലേക്കു വന്നു
കൊണ്ടിരുന്നു. ഈ വെളിച്ചത്തിൻ്റെ സാക്ഷികളായി ദൈവം നിയോഗിച്ചത്, പ്രവാചകരെയാണ്. പ്രവാചകർ തങ്ങളെത്തന്നെ വചനമായോ, വെളിച്ചമായോ ഉയർത്തിക്കാട്ടിയില്ല. സ്നാപക യോഹന്നാൻ്റെ കാര്യത്തിലും വെളിച്ചവും വെളിച്ചത്തിൻ്റെ സാക്ഷ്യവും തമ്മിൽ വേർതിരിച്ചാണ് കാണേണ്ടത് എന്നാണ് സൂചന
(വാ. 15, 16). ദൈവം വിവിധ മുഖാന്തരങ്ങളിലൂടെ അയച്ചുകൊണ്ടിരുന്ന വെളിച്ചത്തിൻ്റെ മൂർത്തീകരണവും പൂർണ്ണതയുമാണ് നാം ക്രിസ്തുവിൽ കാണുന്നത്.
കാലാതീതനും നിർവചന അതീതനുമായ ദൈവത്തെ നമുക്ക് പൂർണ്ണമായി
വെളിപ്പെടുത്തിത്തരുന്നത് യേശുക്രിസ്തുവാണ്. താൻ സ്വജീവിതത്തിലൂടെ വെളിപ്പെടുത്തി യാഥാർത്ഥ്യമാക്കിക്കാണിച്ച ജീവിതത്തിലൂടെയാണ്, ജീവൻ്റെയും വെളിച്ചത്തിൻ്റെയും പൂർണ്ണത നാം കണ്ടെത്തുന്നത്; അനുഭവിച്ചറിയുന്നത്. എവിടെ
യൊക്കെ ജീവനും പ്രകാശവും ഉണ്ടോ, അവയെല്ലാം ക്രിസ്തുവാകുന്ന വചന
ത്തിൻ്റെ പ്രകാശനമായി തിരിച്ചറിയാൻ നമുക്ക് സാധിക്കണം. ക്രിസ്സ്മസ്സ് ഇന്ന് കേവലം ഒരു ആഘോഷമായി അധ:പ്പതിച്ചിരിക്കുകയാണ്. അതു മാറി, യഥാർത്ഥ ജീവനും വെളിച്ചവും നാം കണ്ടെത്തുന്ന അനുഭവമായി അതു രൂപാന്തരപ്പെടണം? ദൈവം
സഹായിക്കട്ടെ.
ചിന്തയ്ക്ക്: ക്രിസ്തുവിൽ വെളിപ്പെട്ട ജീവനും വെളിച്ചവും കണ്ടെത്തുന്നതിലൂടെ മാത്രമേ, കിസ്സ്മസ്സ് അനുഭവത്തിൻ്റെ യഥാർത്ഥ ഉടമകളായി നാം തീരൂ.