മലപ്പുറം : അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽവെച്ച് ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു.വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടിൽ അന്വേഷണ സംഘം നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. വിനീതിന്റെ അച്ഛൻ, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് എടുത്തത്.
വിനീത് ആത്മഹത്യ ചെയ്തതിന് പിന്നിൽ അസി. കമാൻഡൻ്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരൻ ബിപിൻ രംഗത്ത് എത്തിയിരുന്നു. അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയത്.അജിത്തിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നും ബിപിൻ വെളിപ്പെടുത്തിയിരുന്നു. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ല. എ സി അജിത്തിനെ മാറ്റി നിർത്തിയാണ് അന്വേഷണം വേണ്ടതെന്നും ബിപിൻ പറഞ്ഞിരുന്നു.
സായുധ പൊലീസ് ക്യാമ്പിൽ വെച്ച് എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ താന്‍ ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി വിനീത് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.